Vayas Ethrayayi Muppathi Review: കല്ല്യാണം നടക്കാത്ത കോമഡിയും ചില ഗൗരവമായ ചിന്തകളും!; 'വയസ് എത്രയായി? മുപ്പത്തി..' റിവ്യൂ

Vayas Ethrayayi Muppathi Malayalam Movie: കല്ല്യാണ മാര്‍ക്കറ്റില്‍ പറയത്തക്ക യോഗ്യതയൊന്നും ഇല്ലെങ്കിലും, തടിച്ച കറുത്ത സ്ത്രിയെ അപമാനിക്കുന്ന ബ്രിഗേഷും സംഘവും നമ്മുടെ സമൂഹത്തിന്റെ നേര്‍ച്ചിത്രമാണ്...

Written by - Zee Malayalam News Desk | Last Updated : Mar 31, 2024, 04:21 PM IST
  • കല്ല്യാണ മാര്‍ക്കറ്റില്‍ പറയത്തക്ക യോഗ്യതയൊന്നും ഇല്ലെങ്കിലും, തടിച്ച കറുത്ത സ്ത്രിയെ അപമാനിക്കുന്ന ബ്രിഗേഷും സംഘവും നമ്മുടെ സമൂഹത്തിന്റെ നേര്‍ച്ചിത്രമാണ്. പാട്രിയാര്‍ക്കിയും സവര്‍ണ സൗന്ദര്യ സങ്കല്‍പ്പങ്ങളും ഇപ്പോളും ബ്രിഗേഷിനെ പോലെയുള്ള സാധാരണക്കാരെ നിയന്ത്രിക്കുന്നു.
  • അവിവാഹിതനായ ബ്രിഗേഷ് വിവാഹിതനാകാന്‍ നടത്തുന്ന ശ്രമങ്ങളും അപ്രതീക്ഷിതമായി അയാളുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന യുവതി, ബ്രിഗേഷിന്റെ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളാണ്, വയസ്സ് എത്രയായി? മുപ്പത്തി..
Vayas Ethrayayi Muppathi Review: കല്ല്യാണം നടക്കാത്ത കോമഡിയും ചില ഗൗരവമായ ചിന്തകളും!; 'വയസ് എത്രയായി? മുപ്പത്തി..' റിവ്യൂ

42 വയസ്സ് കഴിഞ്ഞിട്ടും വിവാഹം നടക്കാത്ത ബ്രിഗേഷിന്റെ കഥയുമായി എത്തിയ ഫാമിലി എന്റര്‍ടൈനറാണ്, 'വയസ് എത്രയായി? മുപ്പത്തി..' എന്ന ചലച്ചിത്രം. പപ്പന്‍ ടി നമ്പ്യാര്‍ ഒരുക്കിയ ഈ ചിത്രം, തദ്ദേശീയമായൊരു സിനിമയാണെങ്കിലും ലോകത്ത് ഏതൊരു ആണിനും സംഭവിക്കാവുന്ന കഥയാണ്. വടകരയിലെ കലാകാരന്മാര്‍ ഏറെ ക്യാമറയ്ക്ക് മുന്നിലും പിന്നണിയിലും പ്രവര്‍ത്തിച്ച ഈ സിനിമ ഒരു  മെയ്ഡ് ഇൻ വടക്കേ മലബാര്‍ ആണെന്ന് പറയേണ്ടി വരും. വടകരയിലെ വാണംപറമ്പില്‍ ബ്രിഗേഷ് എന്ന നാല്‍പ്പത്തി രണ്ടുകാരന്റെ ജീവിതമാണ് ഈ ചിത്രത്തില്‍ ആവിഷ്‌ക്കരിച്ചിട്ടുള്ളത്. 

വടകരക്കാരന്‍ ബ്രിഗേഷിനും അമേരിക്കക്കാരന്‍ ആന്‍ഡി സ്റ്റിറ്റ്‌സറിനും (Andy Stitzer) അനുഭവിക്കേണ്ടി വന്ന പ്രശ്‌നങ്ങള്‍ സമാനമാണ്. വിവാഹം കഴിക്കാന്‍ ഇണയെ കിട്ടാത്തതിന്റെ അരക്ഷിതത്വങ്ങളെ അതിജീവിക്കുന്ന നായകന്മാരാണ് ഇരുവരും. ജൂഡ് അപറ്റോവ് (Judd Apatow) സംവിധാനം ചെയ്ത് 2005ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ റൊമാന്റിക് കോമഡി മൂവിയാണ്, ദി ഫോർട്ടി ഇയർ ഓൾഡ് വെർജിൻ. ഉദാരലൈംഗിക ബന്ധങ്ങള്‍ക്ക് ഏറെ സാധ്യതയുള്ള അമേരിക്കയില്‍ ഇണയെ കണ്ടെത്താന്‍ സാധിക്കാതെ വരുന്നൊരു നാല്‍പതുകാരന്‍ ആന്റി സ്റ്റിറ്റ്‌സറിന്റെ ജീവിതമാണ്, സറ്റീവ് കാറൽ നായനായ ദി ഫോർട്ടി ഇയർ ഓൾഡ് വെർജിൻ എന്ന സിനിമയുടെ പ്രമേയം. 

ALSO READ: പ്രേമലു എത്തുന്നത് ഏപ്രിൽ രണ്ടാം വാരമോ?

സമാനമായ ഭാവുകത്വം പിന്‍തുടരുന്ന മലയാള സിനിമയാണ് അഖില്‍ കാവുങ്ങല്‍ സംവിധാനം ചെയ്ത് ഹരീഷ് പേരടി മുഖ്യകഥാപാത്രമായ 'ഐസ് ഒരതി'. ദി ഫോർട്ടി ഇയർ ഓൾഡ് വെർജിൻ, ഐസ് ഒരതി എന്നീ ചിത്രങ്ങളുടെ ശ്രേണിയിലുള്ള ഏറ്റവും പുതിയ മലയാള സിനിമയാണ്, പ്രശാന്ത് മുരളി നായകനായി പപ്പന്‍ ടി നമ്പ്യാർ സംവിധാനം ചെയ്ത 'വയസ്സ് എത്രയായി? മുപ്പത്തി' വാണംപറമ്പില്‍ ബ്രിഗേഷ് എന്ന നാല്പത് വയസ് പിന്നിട്ട ആണിന് പെണ്ണ് കിട്ടാത്തതിന്റെ പൊല്ലാപ്പും പ്രശ്‌നങ്ങളും തന്മയത്വത്തോടെ ചിത്രത്തില്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. പ്രശാന്ത് മുരളി ബ്രിഗേഷിന്റെ വ്യഥകളും പ്രണയവും പ്രണയ നിരാശയും സ്വഭാവികതയോടെ പകര്‍ന്നാടിയിട്ടുണ്ട്. 

ജാതക പ്രശ്‌നം, സര്‍ക്കാര്‍ ജോലി ഇല്ലായ്മ, കഷണ്ടി എന്നിങ്ങനെ വിവാഹ  കംബോളത്തില്‍ കച്ചവട മൂല്ല്യം കുറയുന്ന സാധാരണക്കാരന്റെ ഏകാന്തതയും വ്യഥയും മറ്റുള്ളവര്‍ക്ക് തമാശയാണെന്ന വിമര്‍ശനമാണ് 'വയസ് എത്രയായി? മുപ്പത്തി' എന്ന സിനിമ മുന്നോട്ട് വെക്കുന്നത്. പൊന്‍മുട്ടയിടുന്ന താറാവ്, മഴവില്‍ക്കാവടി, കുഞ്ഞിരാമായണം, എന്നീ സിനിമകളിലേത് പോലെ കാരിക്കേച്ചര്‍ സ്വഭാവമുള്ള കഥാപാത്രങ്ങളാല്‍ സമ്പന്നമാണ് 'വയസ് എത്രയായി? മുപ്പത്തി...' കഥാപാത്രങ്ങളുടെ ഈ കാരികേച്ചര്‍ സ്വഭാവം ഈ സിനിമയ്‌ക്കൊരു പൊളിറ്റിക്കല്‍ സറ്റയറിന്റെ സ്വഭാവം നല്‍കുന്നുണ്ട്. 

കല്ല്യാണ മാര്‍ക്കറ്റില്‍ പറയത്തക്ക യോഗ്യതയൊന്നും ഇല്ലെങ്കിലും, തടിച്ച കറുത്ത സ്ത്രിയെ അപമാനിക്കുന്ന ബ്രിഗേഷും സംഘവും നമ്മുടെ സമൂഹത്തിന്റെ നേര്‍ച്ചിത്രമാണ്. പാട്രിയാര്‍ക്കിയും സവര്‍ണ സൗന്ദര്യ സങ്കല്‍പ്പങ്ങളും ഇപ്പോളും ബ്രിഗേഷിനെ പോലെയുള്ള സാധാരണക്കാരെ നിയന്ത്രിക്കുന്നു. അവിവാഹിതനായ ബ്രിഗേഷ് വിവാഹിതനാകാന്‍ നടത്തുന്ന ശ്രമങ്ങളും അപ്രതീക്ഷിതമായി അയാളുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന യുവതി, ബ്രിഗേഷിന്റെ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളാണ്, വയസ്സ് എത്രയായി? മുപ്പത്തി.. എന്ന സിനിമയുടെ കേന്ദ്രപ്രമേയം. അപരിചിതയായ യുവതി ബ്രിഗേഷിന്റെ ജീവിതത്തില്‍ നടത്തുന്ന ഇടപെടലുകള്‍ സിനിമയെ ചടുലമാക്കുകയും ഗൗരവമുള്ളതും സാമൂഹ്യ പ്രസക്തവുമായ വിഷയത്തിലേക്ക് വെളിച്ചം വീശുകയും ചെയ്യുന്നു. സന്യാസത്തിന്റെ പേരില്‍ സ്ത്രികളെ ചൂഷണം ചെയ്യുന്നതിനെ ഗൗരവത്തോടെ ചിത്രം വിമര്‍ശിക്കുന്നു. ഗൗരവമുള്ള വിഷയങ്ങള്‍ തമാശയുടെ മേമ്പൊടിയോടെയാണ് അവതരിപ്പിച്ചിട്ടുള്ളത്. 

സര്‍ക്കാര്‍ ജോലി ഇല്ലാത്തതിനാല്‍ വിവാഹം നടക്കാത്ത ശരാശരി മലയാളി യുവാവിന്റെ പ്രയാസങ്ങളും അനിശ്ചിതത്വങ്ങളും പ്രശാന്ത് മുരളി തന്മയത്വത്തോടെ പകര്‍ന്നാടിയിട്ടുണ്ട്. ചിരിച്ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവരെ തൃപ്തിപ്പെടുത്തുന്ന ഫാമിലി എന്റര്‍ടൈനറാണ് ഈ കൊച്ചു ചിത്രം. നര്‍മത്തിന് പ്രാധാന്യം നല്‍കിയ ഈ ചിത്രത്തിന്റെ കഥ നിര്‍മ്മാതാവായ ഷിജു യു.സിയാണ്.  ചിരിയും ചിന്തയും ചേരുമ്പടി ചേര്‍ത്ത ഈ കുടുംബ ചിത്രത്തിന്റെ തിരക്കഥ ഫൈസല്‍ അബ്ദുള്ളയും ഷിജു യു.സിയുമാണ് നിര്‍വ്വഹിച്ചിട്ടുള്ളത്. 'പുയ്യാപ്ല തക്കാരത്തിന്' എന്ന ട്രന്റിങ്ങായ കെ.സന്‍ഫീര്‍ രചിച്ച ടൈറ്റില്‍ ഗാനത്തോടെ തുടങ്ങുന്ന സിനിമ, ഏറെ നര്‍മ്മ മുഹൂര്‍ത്തത്തിലൂടെ പ്രേക്ഷകനെ പിടിച്ചിരുത്തുന്നു. സന്‍ഫീറും ഷിബു സുകുമാരനുമാണ് സംഗീതം നിര്‍വ്വഹിച്ചിട്ടുള്ളത്.  ഛായാഗ്രഹണം ഷെമീര്‍ ജിബ്രാന്‍.

 പ്രശാന്ത് മുരളി അഭിനയിച്ച ബ്രിഗേഷിന്റെ  കൂടെ എന്തിനും കട്ടയ്ക്ക് കൂടെ നില്‍ക്കുന്ന അളിയനും കൂട്ടുകാരും തീര്‍ക്കുന്ന തമാശകള്‍ തിയേറ്ററില്‍ പൊട്ടിച്ചിരിയ്ക്ക് ഇടയാക്കുന്നു. ചിരിയും ചിന്തയും ചേരുമ്പടി ചേരുന്ന ഈ കുടുംബ ചിത്രം അടിസ്ഥാനപരമായി മനോഹരമായൊരു പ്രണയ സിനിമ കൂടിയാണ്. മികവുറ്റ പ്രണയ ഗാനങ്ങള്‍ രചിച്ചിട്ടുള്ളത് കെ.സന്‍ഫീറും കൈതപ്രവുമാണ്.  ബ്രിഗേഷും അളിയനും അച്ഛനും അയല്‍ക്കാരും സ്രഷ്ടിക്കുന്ന തമാശകളാലും കണ്ണ് നനയിക്കുന്ന മുഹൂര്‍ത്തങ്ങളാലും ചിത്രം സമ്പന്നമാണ്. പ്രശാന്ത് മുരളി നായകനായ ഈ കുഞ്ഞുചിത്രം കുടുംബ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നൊരു ക്ലീന്‍ എന്റർടൈനറാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News