നിവിൻ പോളി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം തുറമുഖം ഉടൻ തീയേറ്ററുകളിൽ റിലീസ് ചെയ്‌തേക്കുമെന്ന് റിപ്പോർട്ട്. മലയാള സിനിമാ മേഖലയിൽ തന്നെ ഏറ്റവും കൂടുതൽ തവണ റിലീസ് മാറ്റി വെക്കപ്പെട്ട സിനിമകളിൽ ഒന്നാണ് തുറമുഖം. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്ന് കൂടിയാണ് തുറമുഖം. 2022 ജനുവരി 20 ന് തീയേറ്ററുകളിൽ എത്തുമെന്ന് അറിയിച്ചിരുന്ന സിനിമയാണ് തുറമുഖം. ഇതിനിടയിൽ പലതവണ ചിത്രത്തിൻറെ പുതുക്കിയ റിലീസ് തീയതി പ്രഖ്യാപിക്കുകയും മാറ്റി വെക്കുകയും ചെയ്തു. അതിനിടയിലാണ് ചിത്രം മാർച്ച് 10 ന് തീയേറ്ററുകളിൽ എത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധിയാണ് ചിത്രത്തിന്റെ റിലീസ് വൈകുന്നതിന് പ്രധാന കാരണമായിരുന്നത്. നേരത്തെ ചിത്രത്തിന്‍റെ റിലീസ് ഡിസംബറിൽ ഉണ്ടാകുമെന്ന് നിവിൻ പോളിയും അറിയിച്ചിരുന്നു. എന്നാൽ പിന്നെയും ചിത്രത്തിൻറെ റിലീസ് മാറ്റുകയായിരുന്നു. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തുന്ന സമരവുമാണ് ചിത്രത്തിന്റെ പ്രമേയം.
ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, അർജ്ജുൻ അശോകൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, ദർശന രാജേന്ദ്രൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പല ഗെറ്റപ്പുകളിൽ നിവിൻ പോളി എത്തുന്ന ചിത്രത്തിൽ ഇരുപതുകളിലെയും നാല്പതുകളിലെയും കൊച്ചി തുറമുഖത്തെ മനോഹരമായി പുനരാവിഷ്കരിച്ചിട്ടുണ്ട്.
ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഗോപൻ ചിദംബരം തിരക്കഥയെഴുതുന്ന ചിത്രം എന്ന പ്രത്യേകത കൂടി തുറമുഖത്തിനുണ്ട്. ഗോപൻ ചിദംബരത്തിന്റെ അച്ഛൻ രചിച്ച നാടകത്തെ ആസ്ഥാനമാക്കിയുള്ള സിനിമയാണ് തുറമുഖം. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറിൽ സുകുമാർ തെക്കെപ്പാട്ടാണ് സിനിമ നിർമിക്കുന്നത്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സംവിധായകൻ രാജീവ് രവി തന്നെയാണ്. അൻവർ അലിയുടെ വരികൾക്ക് കെയും ഷാഹ്ബാസ് അമാനും ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. ബി അജിത് കുമാറാണ് എഡിറ്റർ. ഗീതു മോഹൻദാസാണ് ടീസറും ട്രെയിലറും ഒരുക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...