Amrith Shankar: പഴയ കാസറ്റ് റെക്കോർഡറിലെ ചുവന്ന നിറം..! തന്റെ ഈ യാത്രയ്ക്ക് പച്ചക്കൊടി കാണിച്ചത് അദ്ദേഹമെന്ന് അമൃത് ശങ്കർ

Amrith Shankar Interview: കോഴിക്കോട് മാങ്കാവുള്ള കല്പക തിയേറ്റർ ആയിരുന്നു അമൃതിന്റെ പ്രധാന സിനിമ കൊട്ടക. 

Written by - Ashli Rajan | Last Updated : Nov 21, 2023, 06:21 PM IST
  • വളർന്നപ്പോഴും ശബ്ദങ്ങളോടും സിനിമയോടുമുള്ള അമൃതിന്റെ കമ്പത്തിന് കുറവുണ്ടായില്ല.
  • കോളേജ് പഠന കാലത്ത് പാട്ടുകൾ ഉണ്ടാക്കി അത് റെക്കോർഡ് ചെയ്തും മിക്സ് ചെയ്തും തന്നിലെ കഴിവുകളെ സ്വയം വളർത്തിയെടുത്തു.
  • സിങ്ക് സൗണ്ട് എവിടെ നിന്നും പഠിച്ചിട്ടില്ലാത്ത അമൃതിന് തുടക്കത്തിൽ ഈ മേഖലയിൽ നിന്നും വലിയ അവ​ഗണനയാണ് നേരിടേണ്ടി വന്നത്.
Amrith Shankar: പഴയ കാസറ്റ് റെക്കോർഡറിലെ ചുവന്ന നിറം..! തന്റെ ഈ യാത്രയ്ക്ക് പച്ചക്കൊടി കാണിച്ചത് അദ്ദേഹമെന്ന് അമൃത് ശങ്കർ

പഴയ കാസറ്റ് റെക്കോർഡറിലെ ചുവന്ന ബട്ടൺ കണ്ട ഒരു പത്തു വയസ്സുകാരന്റെ ആശ്ചര്യം. അതായിരുന്നു കോഴിക്കോടുകാരനായ അമൃത് ശങ്കർ എന്ന സിങ്ക് സൗണ്ട് റെക്കോർഡിസ്റ്റിന്റെ ശബ്ദ ലോകത്തേക്കുള്ള യാത്രയുടെ തുടക്കം. എന്തിന് അതിൽ അത്തരത്തിൽ ഒരു ബട്ടൺ എന്ന സംശയത്തിന് ഉത്തരം തേടിയ ആ അഞ്ചാം ക്ലാസ്സുകാരന് അത് ശബ്ദം റെക്കോർഡ് ചെയ്യാൻ എന്ന് തിരിച്ചറിവുണ്ടായി. അതോടെ കൗതുകവും വർദ്ധിച്ചു. പിന്നീട് ഒരു കാസെറ്റിൽ നിന്നും മറ്റേ കാസെറ്റിലേക്ക് പാട്ടുകൾ മാറ്റിയും മറിച്ചും റെക്കോർഡ് ചെയ്തും ആ കുട്ടിയുടെ ബാല്യം കടന്നു പോയി. വളർന്നപ്പോഴും ശബ്ദങ്ങളോടും സിനിമയോടുമുള്ള അമൃതിന്റെ കമ്പത്തിന് കുറവുണ്ടായില്ല. 

കോഴിക്കോട് മാങ്കാവുള്ള കല്പക തിയേറ്റർ ആയിരുന്നു അമൃതിന്റെ പ്രധാന സിനിമ കൊട്ടക. കോളേജ് പഠന കാലത്ത് പാട്ടുകൾ ഉണ്ടാക്കി അത് റെക്കോർഡ് ചെയ്തും മിക്സ് ചെയ്തും തന്നിലെ കഴിവുകളെ സ്വയം വളർത്തിയെടുത്തു. സിനിമയിലേക്കുള്ള ആദ്യ പടി കാണിച്ചു തന്നത് കോഴിക്കോട്ടെ നാടക ആചാര്യൻ മധു മാസ്റ്റർ ആണെന്നും അദ്ദേഹത്തിനടുത്ത് തന്നെ എത്തിച്ചത് തന്റെ വല്യച്ഛൻ ആയിരുന്നു എന്നും അമൃത് പറയുന്നു. സിങ്ക് സൗണ്ട് എവിടെ നിന്നും പഠിച്ചിട്ടില്ലാത്ത അമൃതിന് തുടക്കത്തിൽ ഈ മേഖലയിൽ നിന്നും വലിയ അവ​ഗണനയാണ് നേരിടേണ്ടി വന്നത്. എന്നിട്ടും പിന്തിരിയാതെ തന്റെ പാഷനു പുറകേ അമൃത് സഞ്ചരിച്ചു. 

അന്ന് തനിക്ക് ​ഗുരുസ്ഥാനീയനായി ഉണ്ടായത് ചിത്രാഞ്ജലി സ്റ്റുഡിയോയിലെ കൃഷ്ണകുമാർ സർ ആയിരുന്നുവെന്നും തന്റെ ഈ യാത്രയ്ക്ക് പച്ചക്കൊടി കാണിച്ചത് അദ്ദേഹമാണെന്നും അമൃത് പറയുന്നു. തളരാത്ത മനസ്സുമായി ലക്ഷ്യം മുന്നിൽ കണ്ടുള്ള അമൃതിന്റെ യാത്ര തെന്നിന്ത്യൻ സിനിമയിലെ തന്നെ അറിയപ്പെടുന്ന സിങ്ക് സൗണ്ട് റെക്കോർഡിസ്റ്റ് ആക്കി അദ്ദേഹത്തെ മാറ്റി. പുഷ്പ 2, തിങ്കളാഴ്ച്ച നിശ്ചയം തുടങ്ങി പ്രേക്ഷകർ ഏറ്റെടുത്ത നിരവധി സിനിമകളുടെ ഭാ​ഗമായി മാറിയ അമൃത് തന്റെ സിനിമാ ജീവിതത്തെ കുറിച്ചും ജീവിതനാൾ വഴികളെക്കുറിച്ചും സീ മലയാളം ന്യൂസിനോട് സംസാരിക്കുകയാണ്.  

അമൃത് ശങ്കറിന്റെ വാക്കുകൾ

ALSO READ: ശബ്ദങ്ങൾക്ക് പിറകേയൊരു യാത്ര..! തെന്നിന്ത്യൻ സിനിമയിലെ കോഴിക്കോടൻ ടച്ച്​ 

ക്യൂരിയോസിറ്റിയിൽ ഉണ്ടായ പാഷൻ..!

ഒരു ക്യൂരിയോസിറ്റിയിൽ ഞാൻ അറിയാതെ സംഭവിച്ചതാണ് എല്ലാം. പഴയ കാസറ്റ് റെക്കോർഡറിൽ കണ്ട ചുവന്ന സ്വിച്ച്. അത് എന്തിനാ ചുവന്ന നിറം കൊടുത്തത് എന്ന് അറിയാൻ ഒരു ആഗ്രഹം. റെക്കോർഡിങിന് ആണെന്ന് അറിഞ്ഞപ്പോ ഒരു കാസെറ്റിൽ നിന്നും മറ്റേ കാസെറ്റിൽ പാട്ട് മാറ്റി റെക്കോർഡ് ചെയ്യാൻ തുടങ്ങി. പിന്നീടതൊരു ഹോബയായി മാറി. മ്യൂസിക് സിസ്റ്റത്തിന്റെ മുമ്പിൽ അതിന്റെ ഇക്യു പാനലിലെ ഓരോ ഇക്യു മാറ്റി  നോക്കും. അതെന്താണെന്ന് അറിഞ്ഞിട്ടില്ല പക്ഷെ അത് ഓരോന്നു മാറ്റിയാൽ എന്ത് സംഭവിക്കും എന്നറിയാനുള്ള കൗതുകം.

തറവാട്ടിലെ പഴയ സ്പൂൾ റീൽ ടേപ്പിൽ സോങ്‌സ് എല്ലാം വേറെ മീഡിയത്തിലേക്കി മാറ്റും. ഇങ്ങെനെ ഉള്ള കുട്ടിക്കാലം ആയിരുന്നു കൂടുതൽ. കോളേജിൽ വെച്ച് സോങ്‌സ് ഉണ്ടാക്കി അത് റെക്കോർഡ് ചെയ്തതും മിക്സിങ് ചെയ്തതും എന്നിൽ ഒരു സാറ്റിസ്ഫാക്ഷൻ ഉണ്ടാക്കി. ഈ ഫീൽഡിൽ എനിക്ക് എന്തെങ്കിലും ചെയ്യാൻ പറ്റും എന്ന കോൺഫിഡൻസ് ഉണ്ടായി. അങ്ങെനെ ശബ്ദത്തെ കുറിച്ച് കൂടുതൽ അറിയാൻ ശ്രെമിച്ചു.

ഇന്റെർനെറ്റും ഇൻഫോർമേഷൻസും പരിമിതമായ കാലം അയതിനാൽ മനസ്സിലുള്ള ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുന്നത് ബുദ്ധിമുട്ടായിരുന്നു. ആകർഷണം അല്ല അറിയാൻ ഉള്ള ആഗ്രഹം ആയിരുന്നു. ഒബ്സർവേഷൻ വളരെ കൂടുതലാണ് എനിക്ക്. സൗണ്ട് നന്നായി ശ്രദ്ധിക്കുമായിരുന്നു. സൗണ്ടിനെക്കുറിച്ചുള്ള പിഡിഎഫ് ബുക്കസ് ഡൗൺലോഡ് ചെയ്ത് വായിച്ചു. കൂടുതൽ ഒന്നും മനസ്സിലായില്ലേലും എവിടെക്കെയോ എന്തോ മനസ്സിൽ കേറി.. അറിഞ്ഞു തുടങ്ങിയപ്പോ സൗണ്ട് ഇഷ്ടമായി തുടങ്ങി. കൂടുതലായിട്ടു അറിയാൻ ഉള്ള ആഗ്രഹം വീണ്ടും എന്നെ മുമ്പോട്ടു നയിച്ചു

തുടക്കത്തിൽ തനിക്കു നേരെ മുഖം തിരിച്ച ഇന്റസ്ട്രി..!

സിങ്ക് സൗണ്ട് ഞാൻ പഠിച്ചിട്ടില്ല ആരെയും അസ്സിസ്റ്റ് ചെയ്തിട്ടും ഇല്ല. അസിസ്റ്റ് ചെയ്‌തോട്ടെ കൂടെ ചേർക്കമോ എന്ന് ചോദിച്ചു ചെന്നിടത്തിന്നു എനിക്കി നേരെ മുഖം തിരിക്കുകയാണ് ഉണ്ടായത്. അങ്ങെനെ ഉള്ള അനുഭവം കാരണം ചോദിച്ചു ചെല്ലാൻ മടി ആയിരുന്നു. എന്നാൽ അന്നും ഇന്നും ഗുരു സ്ഥാനത്തു ചിത്രാഞ്ജലിയിലെ കൃഷ്ണകുമാർ സർ ഉണ്ടായി. സൗണ്ടിൽ എനിക്ക് നാലക്ഷരം പറഞ്ഞു തന്നത് സർ മാത്രം ആണ് . ഇന്നും അത് നിലനിൽക്കുന്നു. 

ചിത്രാഞ്ജലി സ്റ്റുഡിയോയിൽ കുറച്ചു നാൾ ഇന്റേൺഷിപ്പിന് അവസരം കിട്ടി. സൗണ്ടിലെ സൂപ്പർ സീനിയർസ്  ആയ സറിൽ നിന്നും ഒരുപാട് അറിവ് കിട്ടി. ദിവസവും ഉള്ള സംഭാഷണങ്ങൾ. ജോലിയിൽ കൂടെ ഇരുന്നു കണ്ടു മനസ്സിലാക്കി. ഒരുപാട് ചെറിയ ടാസ്ക് അദ്ദേഹം എനിക്കു തരും. അതെല്ലാം ഞാൻ സ്വയം പഠിച്ചതും മനസ്സിലാക്കിയതും തമ്മിൽ വലിയ വ്യത്യാസം ഉണ്ടായിരുന്നു. എന്റെ ഈ യാത്രയ്ക്ക് പച്ചക്കൊടി കാണിച്ചത് സർ ആണ്. 

പ്രചോദനം എ ആർ റഹ്മാൻ ആണെങ്കിലും വഴിയൊരുക്കിയത് ഇവർ

‌സിനിമയിലേക്കുള്ള ആദ്യ പടി കാണിച്ചു തന്നത് കോഴിക്കോട്ടെ നാടക ആചാര്യൻ മധു മാസ്റ്റർ ആണ്. മധു മാസ്റ്ററിന്റെ അടുത്ത്‌ എന്നെ എത്തിച്ചത് എന്റെ വല്യച്ഛൻ ആയിരുന്നു. ഇരുവരും ഇപ്പൊൾ ഇല്ല. മധു മാസ്റ്റർ ഒന്നേ പറഞ്ഞുള്ളു "നിനക്ക് വഴി ഞാൻ കാണിച്ചു തരാം, ബാക്കി നീ കേറിക്കോളണം"എന്നായിരുന്നു. ആദ്യത്തെ സിനിമ തമിഴ് ആയിരുന്നു. എങ്ങനെ ചെയ്യണം എന്ത് ചെയ്യണം എന്ന് അറിയില്ല. എന്റെ മുമ്പിൽ ഒരു അവസരം മാത്രം ഉണ്ട്. ഒന്നും അറിയാത്തവന് ഒടുക്കത്തെ ധൈര്യം ആയിരിക്കുമെല്ലോ രണ്ടും കല്പിച്ചു ആദ്യ സിനിമ ചെയ്യാൻ പുറപ്പെട്ടു. അന്ന് ഡിജിറ്റൽ സിനിമ ഷൂട്ടിംഗ് ചെയ്തു വന്നു തുടങ്ങിയ സമയം. 

മധു അമ്പാട്ട് സർ ആയിരുന്നു ക്യാമറാമാൻ. എന്നെയും സ്പോട്ട് എഡിറ്ററേയും മധു സർ അങ്ങ് ദത്തെടുത്തത് പോലെ ആയി. തുടർന്നുള്ള സിനിമകൾ മധു സർ തന്നു. സർ പ്രൊഡ്യൂസ് ചെയുന്ന ഡോക്യുമെന്റ്റിയിൽ സൗണ്ട് ചെയ്യാനും എന്നെ തന്നെ ഏല്പിച്ചു. എനിക്ക് ആദ്യമായി വയർലെസ്സ് മൈക്ക് വാങ്ങിച്ചു തന്നതും മധു സർ തന്നെ. ആ മൈക്ക് ഞാൻ ഇപ്പോഴും എന്റെ എല്ലാ വർക്കിനും‍ ഉപയോ​ഗിക്കുന്നുണ്ട്. പ്രചോദനം എ ആർ റഹ്മാൻ ആണെങ്കിലും സിനിമയിൽ എനിക്ക് വഴി ഒരുക്കിയത് കൃഷ്ണകുമാർ സർ, മധുമാസ്റ്റർ, മധു അമ്പാട്ട് സർ, രാധാക‍ഷ്ണൻ(വല്ല്യച്ഛൻ) എന്നിവരാണ്. കൂടാതെ ഡയറക്ടർ ശ്യാം പ്രസാദ് സാറും ഇൻഫ്ലുവൻസ് ചെയ്ത കൂട്ടത്തിൽ ഉണ്ട്. 

കുട്ടിക്കാലം മുതലുള്ള സിനിമാ കമ്പവും... കോഴിക്കോട്ടെ കല്പക തീയേറ്ററും

ചെറിയ പ്രായം മുതലേ സിനിമ നല്ലോണം കാണുന്ന കൂട്ടത്തലയിരുന്നു ഞാൻ. കോഴിക്കോട് മാങ്കാവ് ഉള്ള കല്പക തിയേറ്റർ, ജീവിതത്തിൽ ഏറ്റവും കൂടുതൽ ഞാൻ സിനിമ കാണാൻ പോയ തിയേറ്റർ ആണ് അത്. സിനിമയോട് ഒരു ഫാസിനേഷൻ ഉണ്ട് കാണാനും ആസ്വദിക്കാനും ഇഷ്ടം ആണ് . അതോടൊപ്പം അഭിനയ മോഹവും ഉണ്ടായിരുന്നു. അതിനു വേണ്ടി ശ്രെമിക്കുകയും ചെയ്തു. അവസരം കിട്ടിയെങ്കിലും ആ സിനിമകൾ നടക്കാതെ പോയി. പിന്നീട് ആ ആഗ്രഹം പതിയെ കുറഞ്ഞു. എല്ലാ പുതിയ സിനിമകളും കാണാൻ വല്യ ആഗ്രഹം ആണ്. 

വീട്ടിൽ കാസറ്റ് എടുത്ത് കൊണ്ട് വന്നു കാണും. കോളേജ്‌ ടൈം മൾട്ടിമീഡിയ ആന്റ് മാസ്സ് കമ്മ്യൂണിക്കേഷൻ ആയതു കൊണ്ട് ചെറിയ ഷോട്ട് ഫിലിം എല്ലാം ചെയ്തു തുടങ്ങി സ്വയം അഭിനയിച്ചും അതിനും സൗണ്ട് ചെയ്‌തും എല്ലാം ഒരു ട്രയൽ പോലെ ചെയ്തു തുടങ്ങി. സഹപാഠിയായ ഷിജുൽ ചിറക്കലും ഞാനും ചേർന്ന് ചെറിയ പരീക്ഷണ ചിത്രങ്ങൾ ഉണ്ടാക്കും. അന്ന് യൂട്യൂബ് പോപ്പുലർ ആയി വരുന്നേ ഉണ്ടായിരുന്നുള്ളൂ. ചെറുപ്പം മുതലേ സിനിമ ഉള്ളിൽ ഉണ്ടായിരുന്നു. സിനിമയിൽ സ്ഥാനം മാത്രം എവിടെ ആവണം എന്നത് നിശ്ചയം ഇല്ലായിരുന്നു. കോളേജ്‌ കഴിഞ്ഞപ്പോ ആണ് ദിശ തിരിച്ചു അറിഞ്ഞത്.

ഒരു സീനെടുക്കാൻ ഒരാഴ്ച്ച..! പെർഫെക്ഷനു പിന്നാലെയാണ് പുഷ്പ സഞ്ചരിക്കുന്നത് 

പുഷ്പ 2 ഒരു വേറിട്ടൊരു അനുഭവം ആയിരുന്നു. ഇന്ത്യൻ സിനിമയിൽ ഇത്രയും അടിസ്ഥാന സൗകര്യങ്ങളോടെ വർക്ക് ചെയ്യുന്നത് ഇതാദ്യമാണ്. പെർഫെക്ഷനു പിന്നാലെയാണ് ഈ സിനിമ സഞ്ചരിക്കുന്നത്. അതുകൊണ്ടു തന്ന ഒരു സീൻ തീർക്കാൻ ഒരാഴ്ച്ച വരെ എടുക്കാറുണ്ട്. ഒരു ഷോട്ട് അതിന്റെ മാക്സിമം പെർഫെക്ഷനിൽ എത്തിക്കും. അത് നന്നായി വരാൻ എത്രെ ടേക്ക് വേണേലും അല്ലു അർജുൻ ചെയ്യാൻ തയ്യാറാണ്. സമയത്തിന് കൃത്യനിഷ്ഠ ഉള്ള നടനാണ് അദ്ദേഹം. പറഞ്ഞതിലും 5 മിനുറ്റ് മുമ്പേ എത്തി കാരവനിൽ കയറി മേക്കപ്പിടും. പിന്നീട് പുറത്തിറങ്ങുന്നത് പുഷ്പ ആയിട്ടാണ്. അതിനാൽ നേരെത്തെ തന്നെ എല്ലാവരും എത്തി അവരവരുടെ വർക്കുകൾ തുടങ്ങി റെഡി ഫോർ റോൾ എന്ന അവസ്ഥയിൽ നിൽക്കും. സുകുമാർ സാറുമായി ഓരോ ഷോട്ടിനു മുന്നേയും അല്ലു അർജുൻ ഡിസ്കഷൻ നടത്തും. അത്തരത്തിലാണ് ചിത്രത്തിലെ ഓരോ സീനും മികച്ചതാക്കുന്നത്. 

ലക്ഷ്യുറി ആയി ചെയ്യുന്ന സിനിമയാണിത്. യാതൊരു തരത്തിലുള്ള വിട്ടു വീഴ്ച്ചകൾക്കും ഇവർ തയ്യാറല്ല. ടെക്ക്നിക്കലി ബ്രില്ലിയൻറ് ആയ വർക്ക് തന്നെ ആണ് പുഷ്പ. ഒരുപാട് എക്സ്പീരിയൻസ് ഉള്ള മുതിർന്ന ആളുകളുടെ കൂടെ വർക്ക് ചെയ്യുമ്പോ ഒരു ​ഗ്രേറ്റ് ഫീൽ ആണ്. മാത്രല്ല ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി. പുഷ്പയിൽ വർക്ക് ചെയ്ത 90 ദിവസങ്ങളിൽ ശരിക്കും വലിയ രീതിയിലുള്ള അറിവുകളാണ് എനിക്ക് നേടാൻ സാധിച്ചത്. ഇത്തരത്തിൽ വലിയൊരു സിനിമയുടെ ഭാഗം ആവാൻ  കഴിഞ്ഞതിൽ  സന്തോഷം ഉണ്ട്. എന്നെ വിശ്വസിച്ചു ഏല്പിച്ച sync cinema കമ്പനി (chennai)ക്ക് ഈ അവസരത്തിൽ നന്ദി രേഖപെടുത്തുന്നു.

തിങ്കളാഴ്ച്ച നിശ്ചയം എന്ന മാമാങ്കം

തിങ്കളാഴ്ച്ച നിശ്ചയം പൂർണമായും സിങ്ക് സൗണ്ട് ചെയ്ത സിനിമ ആണ്. ഒരു ഡിസൈൻ സ്പേസ് ഉള്ള സിനിമ ആണ് അത്. ഓരോ സീനിൽ വർക്ക് ചെയ്യുമ്പോഴും നേരെത്തെ പറഞ്ഞ കണക്ഷൻ ബ്രിഡ്ജ് എല്ലാം കൊണ്ടുവരാൻ പറ്റിയ സ്കോപ്പ് ഉണ്ടായിരുന്നു. ചില സീനിൽ ഫ്രെയിമിൽ കഥാപാത്രങ്ങൾ ഇല്ലാതിരിഞ്ഞിട്ടു പോലും മൈക്ക് കൊടുത്ത് ചില ഫില്ലിങ്സ് ചെയ്തിരുന്നു. കൃത്യമായ കോർഡിനേഷൻ നടന്ന ഒരു സെറ്റ് ആയതുകൊണ്ട് എല്ലാം കൃത്യതയോടു കൂടി നടന്നു. ഒരു കല്യാണ നിശ്ചയ വീട്ടിലുണ്ടാകുന്ന അന്തരീക്ഷം ആളും ബഹളവും പശ്ചാത്തലത്തിൽ കൊടുത്തു കൊണ്ടു തന്നെ ചെയ്യാൻ സാധിച്ചു. ഒരു ബേസിക് ഡിസൈൻ റെക്കോർഡിങ്ങിൽ തന്നെ സംഭവിച്ചു. എന്നാൽ അതിനു കൂടുതൽ ജീവൻ പകർന്നത് നിക്സൺ ജോർജിന്റെ സൗണ്ട് ഡിസൈൻ ആണ്. സിങ്ക് സൗണ്ട് പരമായി കൊടുക്കാൻ പറ്റാവുന്ന അത്രേം കൊടുക്കാൻ സാധിച്ചു. ഇതിലെ കാസ്റ്റ് ആൻഡ് ക്രൂവിന്റെ പൂർണ സപ്പോർട്ട് ഉള്ളത് കൊണ്ട് നന്നായി അച്ചീവ് ചെയ്യാൻ സാധിച്ചു .അങ്ങെനെ ഒരു സ്പേസ് ഒരുക്കി തന്നതിന് മൊത്തം ടീമിനു നന്ദി പറയുന്നു.

ദുബായ് ബ്ലിങ്കിൽ കുറച്ച്  ടെൻഷൻ അടിച്ചു

എല്ലാ പ്രോജെക്റ്റിനും അതിന്റെതായ വെല്ലുവിളികൾ ഉണ്ട്. എന്നാൽ ഏറ്റവും കൂടുതൽ ടെൻഷൻ ഉണ്ടാക്കിയ പ്രൊജക്റ്റ് ദുബായ് ബ്ലിങ്ക് എന്ന് പറഞ്ഞ നെറ്റ്ഫ്ലിക്സ് ലെബനോൻ പ്രൊജക്റ്റ് ആണ്. റിയാലിറ്റി ഷോ ആയതിനാൽ തുടർച്ചയായി 2 മണിക്കൂർ റോൾ ആണ്. ക്യാമറയും സൗണ്ടും കട്ട് ചെയ്യില്ല. അസാധ്യമായ പ്ലാനിംഗ് ആവിശ്യം ഉള്ള പ്രോജക്റ്റ് ആയിരുന്നു. സിനിമ ചെയ്യന്ന പോലെ എളുപ്പം അല്ല ഇത്തരം പ്രൊജക്റ്റ് കൈകാര്യം ചെയ്യാൻ. എപ്പോഴും ഒരു ബാക്കപ്പ് പ്ലാൻ ഉണ്ടായിരുന്നു. ഇതിൽ റീടേക്ക് ഇല്ല അതുകൊണ്ടു എല്ലാം ഒറ്റ ടേക്കിൽ കിട്ടണം. അത് വലിയെ വെല്ലുവിളിയായിരുന്നു.  

5 ക്യാമറ ഉണ്ടായിരുന്നു ഓരോ എപ്പിസോഡ് എൻഡ് ഫിനാലെ പോലെ വരും അപ്പോൾ 10 camera വരും. 2 റെക്കോർഡിസ്റ്റ് ടീം ഉണ്ടാവും. ഈ 10 ക്യാമറയിലും ഈ രണ്ടു സൗണ്ട് യൂണിറ്റിനു ഓഡിയോ പോവണം. ഡയറക്ടർ ​ഗ്രൂപ്പിനു മോണിറ്റർ ചെയ്യാൻ ഉള്ളതും വീഡിയോയിൽ കിട്ടണം. ഇത് കുറച്ചു ബുദ്ധിമുട്ട് ആണ്. അവിടെ 7 പേർക്ക് ഓഡിയോ കേൾക്കണം. ചിലർക്ക് അവര് പറയണ ആർട്ടിസ്റ്റിന്റെ മാത്രം കേൾക്കണം. സൊ ആ ചാനൽ റൂട്ട് ചെയ്തു വെക്കണം.

 ഇൻപുട്ട് ഔട്ട്പുട്ട് ടൈംകോഡ് ഇതെല്ലം കോൺസ്റ്റന്റ് ആയി ട്രാക്ക് ചെയ്യണം. ഈ രണ്ടു മണിക്കൂർ വളരെ നിർണ്ണായകം ആണ്. ഒരുപാട് ടെൻഷൻ തന്നു. അതുപോലെ sephora യുടെ ഒരു  ഷോ കൂടെ വർക്ക് ചെയേണ്ടതായിട്ടു വന്നു. 18 ആർട്ടിസ്റ്റ് 6 ക്യാമറ ആൻഡ് സൗണ്ട് ടീം . ഇതുപോലെ ഒരു മണിക്കൂർ മിനിമം ദൈർഘ്യം ഉള്ള റെക്കോർഡിങ് സൗണ്ട് റെക്കോർഡിങ്ങും ആർട്ടിസ്റ്റിനു ലേപ്പൽ മൈക്ക് കൊടുക്കേണ്ടതും ക്യാമറ കി, ഓഡിയോ ആൻഡ് ടൈംകോ‍‍‍‍ഡ്, ബൂം ഓപ്പറേഷനും ഒന്നിച്ചു ഒരാൾ തന്ന ചെയ്യണം. നിലം തൊടാതെ ഓടണം. അത്രേം ടഫ് ആണ് .
എന്നാലും ഈ വെല്ലുവിളികൾ ഏറ്റെടുത്തു വിജയകരമായി പൂർത്തിയാക്കുമ്പോൾ ഒരു സമാധാനം ഉണ്ട്. ഒരു പടി മുമ്പോട്ടു കയറിയ പോലെ തോന്നും. ഇത് സാധ്യമാക്കി തന്ന milestudios (ദുബൈ) നു നന്ദി. 

മലയാളത്തിൽ നിന്നും അവസരങ്ങൾ വരുന്നുണ്ട്...എന്നാൽ!

മലയാളത്തിൽ നല്ല പ്രൊജക്റ്റ് ചെയ്യാൻ ആഗ്രഹം ഉണ്ട്. തിങ്കളാഴ്ച നിശ്ചയത്തിന് ശേഷം മലയാളത്തിന് വീണ്ടും സിനിമകൾ വന്നിരുന്നു. എന്നാൽ തുടർച്ചയായി തമിഴ് സീരീസ് ദുബായ് ബ്ലിങ്ക് പോലുള്ള സീരീസ്, നവരസ എന്നീ പ്രജക്റ്റ് ഉണ്ടായതിനാൽ ഏറ്റെടുക്കാൻ പറ്റാണ്ടായി. ഒരു സമയം ഒന്നില് കോൺസൻട്രേറ്റ് ചെയ്യാൻ ആണ് എനിക്ക് ഇഷ്ടം. എന്റെ ഈ നിലപാട് ശെരിയോ തെറ്റോ എന്ന് അറിയില്ല. എന്റെ പാഷൻ ആണ് എന്റെ തൊഴിൽ. ഒരേ സമയം രണ്ടും മൂന്നും വർക്ക് ഏറ്റെടുത്തു ചെയ്യുന്നവരുണ്ട്. അതിൽ സാമ്പത്തിക നേട്ടം അല്ലാതെ മറ്റൊന്നും ഇല്ല. ഞാൻ ഏറ്റെടുത്ത വർക്ക് അത് തീരും വരെ ഞാൻ തന്നെ ഉണ്ടാവണം എന്ന് എനിക്ക് നിർബന്ധം ഉണ്ട്. എനിക്ക് സമയ പരിമിതി ഉള്ളതുകൊണ്ടും പൂർണമായും ആ പ്രോജക്റ്റിൽ നിക്കാൻ കഴിയില്ല എന്ന് ഉള്ളതുകൊണ്ടും ആണ് മലയാളത്തിൽ നിന്നും ക്ഷണം വന്നിട്ടും  ഏറ്റെടുക്കാൻ കഴിയാത്തതിന്റെ കാരണം.

ക്ഷമ വേണം, കേൾക്കാനും മനസിലാക്കാനും പഠിക്കാനും ഉള്ള മനസ്സുണ്ടാവണം..!

‌ബോളിവു‍ഡിന് സിങ്ക് സൗണ്ടിനെ കുറിച്ച് നല്ല ധാരണ ഉണ്ട്. സൗത്തിലും മലയാളത്തിലും സിങ്ക് സൗണ്ട് നന്നായി വരുന്നുണ്ട്. 5 കൊല്ലം കൊണ്ട് നല്ല മാറ്റം സംഭവിച്ചു സിങ്ക് സൗണ്ട് കുറെ കൂടെ പോപ്പുലർ ആയി. ആളുകൾക്കു അതിനെ കുറിച്ച് ഗ്രാഹ്യം ഉണ്ട്. കന്നഡ ഇന്റസ്ട്രിയിൽ സിങ്ക് സൗണ്ട് ആണ്  കൂടുതൽ. തമിഴിലും തെലുങ്കിലും ആണ് ഇത് കുറേകൂടി മുന്നേറാനുള്ളത്. ചേഞ്ച് നടന്നുകൊണ്ടിരിക്കുന്നു. ഇപ്പോൾ സിങ്ക് സൗണ്ട് സിനിമകൾ മുമ്പോട്ടു വരുന്നുണ്ട് മാറ്റത്തിന്റെ തുടക്കത്തിലാണെന്നു പറയാം. പതിയെ പതിയെ മാറ്റം കൊണ്ട് വരാൻ സാധിക്കുള്ളു.  അറിയാവുന്നതു അറിയാത്തവർക് പറഞ്ഞു കൊടുക്കാൻ തയാറാണ് പക്ഷെ അത് കേൾക്കാനും മനസിലാക്കാനും പഠിക്കാനും ഉള്ള മനസ്സുണ്ടാവണം .ശ്രെമിച്ചുകൊണ്ടിരിക്കണം ക്ഷമയോടെ. നാളെ ഇന്റസ്ട്രി അത് മനസ്സിലാക്കും. 10 വർഷം സൗണ്ട് ഇന്റസ്ട്രിയിൽ മാറ്റങ്ങൾ സംഭവിച്ചു കൊണ്ട് ഇരിക്കുക ആയിരുന്നു. ‌‌

ഇന്ത്യയിൽ നമുക്കു ആവിശ്യം ഉള്ള അത്യാധുനിക ഉപകരണങ്ങൾ കിട്ടാൻ പ്രയാസം ആയിരുന്നു. ഇന്റർനെറ്റിൽ ഫോട്ടോ നോക്കി തൃപ്തി അടയേണ്ട അവസ്ഥ. സൗണ്ടിൽ ഇൻവെസ്റ്റ് ചെയ്യാൻ ആർക്കും പറ്റാത്ത അവസ്ഥ. ബഡ്ജറ്റിൽ ഒതുങ്ങുന്ന ടാസ്കം റെക്കോർഡറുകൾ, സൂം റെക്കോർഡറുകൾ. തെറ്റില്ലാത്ത ക്വാളിറ്റി ഇവയെല്ലാം പ്രധാനമാണ്. ക്യാമറമാന്റെ ക്വാളിറ്റി മനസ്സിലാവാൻ മോണിറ്ററിലെ വിഷ്വൽസ് അപ്പൊൾ തന്നെ കാണാം. പക്ഷെ സൗണ്ട് ന്റെ ക്വാളിറ്റി മുഴുവനായും എല്ലാവർക്കും കാണാൻ പറ്റില്ല. എല്ലാരേം വിളിച്ചു കേൾപ്പിക്കാനും പറ്റില്ല. ഫൈനൽ പ്രിവ്യൂ വെക്കുമ്പോൾ ആണ് ആളുകൾക്ക് അത് അറിയാൻ പറ്റുന്നത്. എന്നാൽ സിങ്ക് സൗണ്ടും ഡബ്ബിങും തിരിച്ചറിയാൻ പറ്റാത്ത ആളുകൾ സിനിമയിൽ ഉണ്ട്.

എല്ലാവരും റോൾ മോഡൽ തന്നെ 

എല്ലാവരും അനലോ​ഗിൽ നിന്നും ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ നടത്തുന്ന കാലഘട്ടം ആയതിനാൽ സൗത്ത് ഇന്ത്യൻ ഫിലിം ഇന്റസ്ട്രിയിൽ റോൾ മോഡൽ അകാൻ ആരും തന്നെ ഉണ്ടായിരുന്നില്ല. എന്നാൽ പരിമിതികളിലും ശബ്ദത്തിൽ മികവ് കാണിച്ച ഒരു പറ്റം സീനിയർ സൗണ്ട് എൻജിനിയേർസ് കേരളത്തിലും പുറത്തും ഉണ്ട്. അവരിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട് അതുപോലെ പുതിയ തലമുറയിൽ ഇന്ന് നിലവിൽ ഉള്ള റെക്കോർഡിസ്റ്റിൽ നിന്നും പുതുതായി അറിയാനും സാധിക്കും. അങ്ങെനെ നോക്കുമ്പോ എല്ലാവരെയും റോൾ മോഡൽ ആയി കണക്കാക്കാം.‍

സിങ്ക് സൗണ്ട് പഠിക്കാൻ കോഴ്സുണ്ടോ? 

സിങ്ക് സൗണ്ട് കോഴ്‍സ് ഇല്ല. സൗണ്ട് എഞ്ചിനീയറിംഗ് കോഴ്‍സ് ഉണ്ട് ചെലവേറിയതാണ്. ക്യാപ്സ്യൂൾ പോലെ തീയ്യറി അറിയാം. സൗണ്ടിന്റെ ബേസ് കിട്ടാൻ കോഴ്സ് നല്ലതാണ്. പക്ഷെ പഠിച്ച തിയ്യറി പൊളിച്ചാണ് പ്രാക്റ്റിക്കലി നടക്കുന്നത്.

ആദ്യ പ്രോജക്റ്റ്

തമിഴ് സിനിമ ആയിരുന്നു അന്ന് പൈലറ്റ് റെക്കോർഡിങ് ആയിരുന്നു ചെയ്തത്. തുടന്ന് ലീന മണിമേകലയുടെ ഒരു ഡോക്യുമെന്ററി ചെയ്തു. അവിടെ നിന്നായിരുന്നു ശെരിക്കും ലൊക്കേഷൻ സൗണ്ടിന്റെ തുടക്കം.

ചെയ്തു കൊണ്ടിരിക്കുന്ന പ്രോജക്റ്റ്സ്

ഇപ്പോൾ ആമസോൺ സീരീസ് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മറ്റു ചില വർക്ക് സംസാരിച്ചു കൊണ്ടിരിക്കുന്നു. എനിക്ക് ചെയ്തു കൊടുക്കാൻ  പറ്റുന്ന ഡേറ്റ് ഒത്തു വരുകയാണെങ്കിൽ ഏറ്റെടുക്കും. ഇപ്പൊ ഈ ആമസോൺ പ്രോജക്റ്റിൽ കോൺസെൻട്രേറ്റ് ചെയ്തിരിക്കുന്നു. കൂടുതൽ ശ്രദ്ധ വേണ്ട വർക്ക് ആയത് കൊണ്ട് ഇത് ഭംഗി ആയി പൂർത്തിയാക്കണം. ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ സിനിമ സംഭവിക്കാൻ ഇരിക്കുന്നു അതാണ് അടുത്തത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News