Subi Suresh : "നമുക്കിത് ഒഴിവാക്കാമായിരുന്നു"; സുബി സുരേഷിന് ആദരാഞ്ജലികൾ അർപ്പിച്ച് സുരേഷ് ഗോപി

Subi Suresh Demise : കൊച്ചിയിലെ രാജ​ഗിരി ആശുപത്രിയിൽ ഇന്ന് രാവിലെ 10 മണിക്കായിരുന്നു സുബി സുരേഷ് അന്തരിച്ചത്. കരൾ സംബന്ധമായ രോ​ഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Feb 22, 2023, 12:28 PM IST
  • ഇത് ഒഴിവാക്കാമായിരുന്നു, എന്നാൽ നിയമത്തിന്റെ നൂലാമാലകൾ എന്ന് പറയുന്നത് പലപ്പോഴും സമയബന്ധിതമാണെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നുണ്ട്.
  • കൊച്ചിയിലെ രാജ​ഗിരി ആശുപത്രിയിൽ ഇന്ന് രാവിലെ 10 മണിക്കായിരുന്നു സുബി സുരേഷ് അന്തരിച്ചത്. കരൾ സംബന്ധമായ രോ​ഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
  • ചാനൽ ഷോകളിലെ അവതാരക കൂടിയായിരുന്നു സുബി.
  • സിനിമാല എന്ന പരിപാടിയിലൂടെയാണ് സുബി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്.
Subi Suresh : "നമുക്കിത് ഒഴിവാക്കാമായിരുന്നു"; സുബി സുരേഷിന് ആദരാഞ്ജലികൾ അർപ്പിച്ച് സുരേഷ് ഗോപി

നടിയും ഹാസ്യ താരവുമായ സുബി സുരേഷിന് ആദരാഞ്ജലികൾ അർപ്പിച്ച് നടൻ സുരേഷ് ഗോപി. ഇത് ഒഴിവാക്കാമായിരുന്നു, എന്നാൽ  നിയമത്തിന്റെ നൂലാമാലകൾ എന്ന് പറയുന്നത് പലപ്പോഴും സമയബന്ധിതമാണെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നുണ്ട്. ഈ വേർപാട് വേദനയാകാതിരിക്കാനും ഈ വേർപാട് സംഭവിക്കാതിരിക്കാനും ഒരുപാട് വിഫലശ്രമം, എന്ന് ഇപ്പൊ പറയേണ്ടിവരും, നടത്തിയ ടിനി ടോം അടക്കമുള്ള നമ്മുടെ വിനോദം പകരുന്ന മേഖലയിലെ എല്ലാ വ്യക്തികൾക്കും നന്ദി അറിയിക്കുകയാണെന്നും അദ്ദേഹം ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.

സുരേഷ് ഗോപിയുടെ ഫേസ്‌ബുക്ക് കുറിപ്പ് 

സുബി സുരേഷിന് ആദരാഞ്ജലികൾ!
ഈ വേർപാട് വേദനയാകാതിരിക്കാനും ഈ വേർപാട് സംഭവിക്കാതിരിക്കാനും ഒരുപാട് വിഫലശ്രമം, എന്ന് ഇപ്പൊ പറയേണ്ടിവരും, നടത്തിയ ടിനി ടോം അടക്കമുള്ള നമ്മുടെ വിനോദം പകരുന്ന മേഖലയിലെ എല്ലാ വ്യക്തികൾക്കും നന്ദി അറിയിക്കുകയാണ്. അവർ ഇതിനുവേണ്ടി എന്തുമാത്രം കഷ്ടപ്പെട്ടു എന്നെനിക്കറിയാം. നമുക്കിത് ഒഴിവാക്കാമായിരുന്നു, പക്ഷെ നിയമത്തിന്റെ നൂലാമാലകൾ എന്ന് പറയുന്നത് പലപ്പോഴും സമയബന്ധിതമാണ്. ഇപ്പോഴങ്ങു കൈവിട്ടു പോകും എന്ന് പറയുന്ന ജീവിതത്തെ നിലനിർത്തിയെടുത്തു ദീർഘകാലം അവർക്ക് അവരുടെ ജീവൻ നിലനിർത്താനുള്ള അവകാശം പോലും നിഷേധിക്കുന്ന തരത്തിൽ നിയമങ്ങൾ കഠിനമായി ഇല്ലെങ്കിൽ അതിനു കാരണം മനുഷ്യനിലെ വളരെ മോശപ്പെട്ട അവയവദാനത്തിലെ കള്ളത്തരങ്ങൾ വളർന്നതാണ്. ഇതിനൊക്കെ നമുക്ക് നിയമത്തിൽ കുറച്ചുകൂടി കരുണ വരണമെങ്കിൽ മനുഷ്യന്റെ ജീവിത രീതിയിലൊക്കെ ഒരുപാട് മാറ്റം വരുത്തേണ്ടിയിരിക്കുന്നു. ഒരിക്കലും നമുക്ക് ഈ പ്രായത്തിലും ഈ കാലാവസ്ഥയിലും നഷ്ടപ്പെടാൻ പാടില്ലാത്ത ഒരു ഉന്നത കലാകാരി തന്നെയായിരുന്നു സുബി. ഇനിയും നമ്മുടെ ഓർമകളിൽ സുബി നമ്മളെ ചിരിപ്പിച്ചുകൊണ്ടേ ഇരിക്കട്ടെ.

ALSO READ: Subi Suresh passes away: നടി സുബി സുരേഷ് അന്തരിച്ചു

കൊച്ചിയിലെ രാജ​ഗിരി ആശുപത്രിയിൽ ഇന്ന് രാവിലെ 10 മണിക്കായിരുന്നു സുബി സുരേഷ് അന്തരിച്ചത്. കരൾ സംബന്ധമായ രോ​ഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ചാനൽ ഷോകളിലെ അവതാരക കൂടിയായിരുന്നു സുബി. സിനിമാല എന്ന പരിപാടിയിലൂടെയാണ് സുബി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. തുടർന്ന് നിരവധി ചാനൽ പരിപാടികളിലും സ്റ്റേജ് ഷോകളിലും സുബി താരമായി മാറി. സ്റ്റേജ് ഷോകളിലും പരിപാടികളിലും കോമഡി അനായാസമായി വഴങ്ങിയിരുന്ന സുബി പിന്നീട് ബി​ഗ് സ്ക്രീനിലേക്കും ചുവടുവെച്ചു. 

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലാണ് സുബി ജനിച്ചത്. തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലും എറണാകുളം സെന്റ് തെ രേസാസിലുമായിരുന്നു സുബിയുടെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസം. സ്‌കൂളിൽ പഠിക്കുന്ന സമയത്ത് സുബി ബ്രേക്ക് ഡാന്‍സ് പഠിച്ചിരുന്നു. അതിലൂടെയാണ് കലാരംഗത്തേക്ക് എത്തുന്നത്. കൊച്ചിൻ കലാഭവനിലൂടെ മുഖ്യധാരയിലേക്കെത്തിയ സുബി നിരവധി വിദേശരാജ്യങ്ങളിൽ ധാരാളം സ്റ്റേജ് ഷോകളില്‍ കോമഡി സ്‌കിറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. 

രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ താരം പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. എല്‍സമ്മ എന്ന ആണ്‍കുട്ടി, പഞ്ചവര്‍ണ്ണ തത്ത, ഡ്രാമ എന്നിവയുള്‍പ്പെടെ ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ചു. മിനി സ്ക്രീനിലും സുബി വേഷമിട്ടിട്ടുണ്ട്. 

മിമിക്രി രംഗത്ത് സ്ത്രീകള്‍ അത്ര സജീവമല്ലാതിരുന്ന കാലത്താണ് സുബി ഈ രം​ഗത്തേക്ക് എത്തുന്നത്. പിന്നീട് അങ്ങോട്ട് ജനപ്രിയ കോമഡി പരിപാടികളുടെ ഭാ​ഗമായി മാറിയ സുബി പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട കോമഡി താരമായി മാറി. മികച്ച പ്രകടനമാണ് ഇവയിലൊക്കെ സുബി കാഴ്ചവെച്ചിരുന്നത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി പരിപാടികളിൽ സജീവമായിരുന്നില്ലെങ്കിലും സോഷ്യൽ മീഡിയയിൽ താരം സജീവമായിരുന്നു. എന്നാൽ കൊവിഡിന് ശേഷം സുബിക്ക് ഒരുപാട് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News