കൊച്ചി: മലയാളികളെ ആകെ ദു:ഖത്തിലാഴ്ത്തിക്കൊണ്ടാണ് സുബി സുരേഷിന്റെ മരണവാര്‍ത്ത പുറത്ത് വന്നത്. പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച സുബി സുരേഷ് ഇനിയില്ല എന്നത് ഉള്‍ക്കൊള്ളാനാവാത്ത അവസ്ഥയിലാണ് ആരാധകര്‍. ഫെബ്രുവരി 22 ബുധനാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സുബിയുടെ മരണം സ്ഥിരീകരിച്ചത്.
മരണം സ്ഥിരീകരിച്ചതിന് പിറകെ സുബി സുരേഷിന്റെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ് ശരിക്കും അത്ഭുതപ്പെടുത്തുന്നതായിരുന്നു. 'ഓരോ പുതിയ തുടക്കവും വരുന്നത് മറ്റേതെങ്കിലും തുടക്കത്തിന്റെ അവസാനത്തില്‍ നിന്നാണ്. എല്ലാവരെയും വീണ്ടും കാണാം... നന്ദി.'- ഇതാണ് ഫേസ്ബുക്ക് പോസ്റ്റിന്റെ മലയാള പരിഭാഷ. അഡ്മിന്‍ ആണ് ഇത് പോസ്റ്റ് ചെയ്തത് എന്നും ഇതോടൊപ്പം വ്യക്തമാക്കുന്നുണ്ട്.
സുബിയുടെ ഫേസ്ബുക്ക് പേജില്‍ ഇങ്ങനെയൊരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ ആരാധകര്‍ ആദ്യം അങ്കലാപ്പില്‍ ആയിരുന്നു. മരണം സ്ഥിരീകരിച്ച് മിനിട്ടുകള്‍ക്കകം ആയിരുന്നു ഫോട്ടോയ്‌ക്കൊപ്പം കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. പലരും മരണ വാർത്ത അറിഞ്ഞിരുന്നും ഇല്ല. തന്റെ മരണം സുബി പ്രതീക്ഷിച്ചിരുന്നോ എന്നാണ് പലരും സംശയിക്കുന്നത്. മരണത്തിന് തൊട്ടുപിറകെ ഫേസ്ബുക്കില്‍ ഇത്തരം ഒരു കുറിപ്പ് വരണമെങ്കില്‍, അത് നേരത്തേ തന്നെ പറഞ്ഞ് ഏര്‍പ്പാടാക്കിയതാവില്ലേ എന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും ചോദിക്കുന്നത്.
Read Also: നടി സുബി സുരേഷ് അന്തരിച്ചു
കരള്‍ രോഗത്തെ തുടര്‍ന്ന് സുബി സുരേഷ് ഏറെ നാളായി ചികിത്സയില്‍ ആയിരുന്നു. അതിനിടെയാണ് ന്യുമോണിയ ബാധയുണ്ടാകുന്നത്. തുടര്‍ന്നായിരുന്നു മരണം. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് സുബി സുരേഷ് വിടപറഞ്ഞത്.
മലയാളത്തിലെ മികച്ച അവതാരകരില്‍ ഒരാള്‍ കൂടി ആയിരുന്നു സുബി സുരേഷ്. ഏഷ്യാനെറ്റിലെ സിനിമാല എന്ന ഹാസ്യ പരിപാടിയിലൂടെ ആയിരുന്നു സുബി ശ്രദ്ധ നേടിയത്. സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന പരിപാടി സുബിയ്ക്ക് കൂടുതല്‍ ആരാധകരെ നേടിക്കൊടുത്തു. കൈരളി ടിവിയിലും സുബി പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. ഇരുപതോളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...