ഓം റാവത്തിന്‍റെ സംവിധാനത്തിൽ 2023 ജനുവരി 12 ന് പുറത്തിറങ്ങാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ആദിപുരുഷിന്‍റെ ആദ്യ ടീസർ ഞായറാഴ്ച്ച 7 മണിയോടെ പുറത്തിറങ്ങിയിരുന്നു. രാമായണത്തിന്‍റെ ചലച്ചിത്ര രൂപമായ ആദിപുരുഷ് ടീസർ പുറത്തിറങ്ങിയത് മുതൽ കേരളത്തിലെ ട്രോൾ ഗ്രൂപ്പുകളിൽ ചിത്രത്തിന്‍റെ വിഎഫ്എക്സിനെ കളിയാക്കിയുള്ള ട്രോളുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ എപ്പിക്കുകളിൽ ഒന്നായ രാമായണത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ചിത്രമായതിനാൽത്തന്നെ ആദിപുരുഷ് വിഷ്വൽ എഫക്ടുകൾക്ക് പ്രാധാന്യം കൂടുതലുള്ള ചിത്രമാകുമെന്ന് റിലീസിന് മുൻപ് തന്നെ റൂമറുകൾ ഉണ്ടായിരുന്നു. എന്നാൽ ട്രൈലറിൽ കാണിച്ചിരിക്കുന്ന വി.എഫ്.എക്സ് രംഗങ്ങളുടെ നിലവാരം പ്രതീക്ഷിച്ച അത്രത്തോളം ഉയർന്നില്ല.
Also Read: Jaya Jaya Jaya Jaya He Movie : ബേസിലിന്റെ ജയ ജയ ജയ ജയ ഹേ ഈ ദീപാവലിക്ക് എത്തുന്നു; ടീസർ പുറത്തുവിട്ടു
ടീസറിലെ വിഎഫ്എക്സിനെ പലരും കാർട്ടൂണുകളോടായിരുന്നു ഉപമിച്ചത്. ടീസർ പുറത്തിറങ്ങി മിനിറ്റുകൾക്കുള്ളിൽത്തന്നെ വൈ.ആർ.എഫിന്‍റെ യൂട്യൂബ് കമന്‍റ് ബോക്സ് വിമർശനങ്ങൾ കൊണ്ട് നിറഞ്ഞു. വൈകാതെ ടീസറിനെക്കുറിച്ചുള്ള ട്രോളുകൾ മലയാളം ട്രോൾ ഗ്രൂപ്പുകളിലും പേജുകളിലും പ്രത്യക്ഷപ്പെട്ടു.
ആദിപുരുഷിന്‍റെ ടീസർ പുറത്തിറങ്ങിയപ്പോൾ പലരും ഓർത്തെടുത്തത് വിനയന്‍റെ സംവിധാനത്തിൽ 2007 ൽ പുറത്തിറങ്ങിയ അതിശയൻ എന്ന ചിത്രമായിരുന്നു. 500 കോടി ബജറ്റിൽ പുറത്തിറങ്ങുന്ന ആദിപുരുഷ് മാസ് ആണെങ്കിൽ വെറും 5 കോടി ബജറ്റിൽ പുറത്തിറങ്ങിയ അതിശയൻ മരണ മാസ് ആണെന്നായിരുന്നു ട്രോളന്മാരുടെ അഭിപ്രായം.
വലിയ സൂപ്പർ താരം ആയിട്ട് പോലും കൊച്ച് ടിവിക്ക് വേണ്ടി കാർട്ടൂൺ ചിത്രത്തിൽ അഭിനയിച്ച പ്രഭാസിന്‍റെ നല്ല മനസ്സ് ആരും കാണാതെ പോകരുത് എന്ന തരത്തിലെ സർക്കാസം കലർന്ന ട്രോളുകളും എടുത്ത് പറയേണ്ടതാണ്. ചിത്രത്തിൽ രാവണനായി അഭിനയിക്കുന്ന സെയിഫ് അലി ഖാനെക്കുറിച്ചുള്ള ട്രോളുകളും ശ്രദ്ധേയമാണ്. മണി രത്നത്തിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ രാവണൻ എന്ന ചിത്രത്തിൽ വിക്രം ചെയ്ത കഥാപാത്രം യാതൊരു വി.എഫ്.എക്സും ഇല്ലാതെ രാവണനെന്ന കഥാപാത്രമായി വന്നപ്പോൾ ആദിപുരുഷ് എന്ന ചിത്രത്തിൽ സെയിഫ് ആലി ഖാന്‍റെ കഥാപാത്രത്തിന് വേണ്ടി വി.എഫ്.എക്സ് ചെയ്ത് ഓവർ ആക്കി എന്നാണ് ട്രോളന്മാർ പറയുന്നത്.
ചില ട്രോളന്മാർ ഒരു പടി കൂടി കടന്ന് ചിത്രത്തിന്‍റെ ട്രൈലറിന്‍റെ ബി.ജി.എം മാറ്റി പകരം മഞ്ചാടിയുടെ പാട്ട് വച്ച് മിക്സ് ചെയ്ത് ട്രോൾ വീഡിയോ വരെ ഇറക്കി. എന്നാൽ എല്ലാ ട്രോളന്മാരും ചിത്രത്തെ കളിയാക്കുന്നവരാണെന്ന് പറയാനും സാധിക്കില്ല. സിനിമ പുറത്തിറങ്ങാൻ ഇനി മൂന്ന് മാസത്തോളം ഉള്ളതിനാൽ വി.എഫ്.എക്സ് രംഗങ്ങൾ നന്നാക്കാൻ പറ്റുമെന്ന തരത്തിലുള്ള ട്രോളുകളും ഈ കൂട്ടത്തിലുണ്ട്. എന്തായാലും കുറേ നാളുകൾക്ക് ശേഷം മലയാളത്തിലെ ട്രോളന്മാർ കൂട്ടത്തോടെ ആഘോഷമാക്കിയ ചിത്രമായി ആദിപുരുഷ് മാറി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...