ഇന്ത്യൻ സിനിമയിലെ എറ്റവും വലിയ ചലച്ചിത്ര സംരംഭം എന്ന് വിശേഷിപ്പിക്കപ്പെടുന്ന, ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി സംവിധായകൻ മണിരത്നം അണിയിച്ചൊരുക്കിയ മൾടി സ്റ്റാർ ബ്രഹ്മാണ്ഡ ചിത്രമാണ് " പൊന്നിയിൻ സെൽവൻ ".
മണിരത്നത്തിൻ്റെ മെഡ്രാസ് ടാക്കീസും ,സുഭാസ്‌ക്കരൻറെ ലൈക്കാ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിച്ച രണ്ടു ഭാഗങ്ങളുള്ള ചിത്രത്തിൻ്റെ ഒന്നാം ഭാഗം ( പി എസ് 1 ) സെപ്റ്റംബർ 30 ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും. തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നട എന്നീ അഞ്ചു ഭാഷകളിലാണ് പൊന്നിയിൻ സെൽവൻ-1( പി എസ്-1 ) റീലീസ് ചെയ്യുക. ചിത്രത്തിൻ്റെ കേരളത്തിലെ വിതരണവകാശം ശ്രീ. ഗോകുലം ഗോപാലൻ്റെ ഗോകുലം മൂവീസ് കരസ്ഥമാക്കി.ലൈക്കയും മെഡ്രാസ് ടാക്കീസും ഔദ്യോഗികമായിട്ടാണ് ഇക്കാര്യം അറിയിച്ചത്.
റിലീസിന് മുന്നോടിയായി പുറത്ത് വിട്ട റഫീക്ക് അഹമ്മദ് രചിച്ച് , എ ആർ റഹ്മാൻ സംഗീതം നൽകി അൽഫോൺസ് ജോസഫ്, ബെന്നി ദയാൽ എന്നിവർ ആലപിച്ച " പൊന്നി നദി", "ചോള ചോള " എന്നീ ഗാനങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കിടയിൽ തരംഗമായി മുന്നേറ്റം തുടരുകയാണ്. പ്രമുഖരായ താരങ്ങളും സാങ്കേതിക വിദഗ്ദ്ധരും അണിനിരക്കുന്ന ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ബ്രഹ്മാണ്ഡ ചലച്ചിത്ര ആവിഷ്കാരമാണ് "പൊന്നിയിൻ സെൽവൻ".
അതു കൊണ്ട് തന്നെ ചിത്രീകരണം തുടങ്ങിയ അന്ന് മുതൽ സിനിമാ പ്രേമികൾ ആകാംഷാഭരിതരാണ്.വിക്രം, ജയംരവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, ബാബു ആൻ്റണി , പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, , അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, ഐശ്വര്യ ലക്ഷ്മി, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലെ ഇതിഹാസ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.വാർത്താ വിതരണം: സി.കെ.അജയ് കുമാർ, പി ആർ ഒ
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.