ഹൈദരാബാദ്: ഫർഹാൻ ആലം സംവിധാനം ചെയ്‌ത പാക് ചിത്രം 'സാവാൻ' മികച്ച ചലച്ചിത്രത്തിനുള്ള ഓൾ ലൈറ്റ്‌സ് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര (അലിഫ്) മേളയുടെ ഗോൾഡൻ ഫ്രെയിം അവാർഡ് കരസ്ഥമാക്കി. ഗോവ രാജ്യാന്തരമേളയില്‍ പ്രദര്‍ശനം നിഷേധിച്ച ചിത്രം കൂടിയാണ് 'സാവാൻ'
ഇന്ത്യന്‍ വേരുകളുള്ള ഫർഹാൻ ആലം സംവിധാനം ചെയ്ത 'സാവാൻ' ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍, അവസാന നിമിഷം സിനിമ മേളയില്‍ നിന്ന് ഒഴിവാക്കപ്പെടുകയായിരുന്നു. ബലൂചിസ്ഥാനിലെ മരുഭൂമിയില്‍ ഉപേക്ഷിക്കപ്പെടുന്ന പോളിയോ ബാധിതനായ ഒന്‍പതു വയസുകാരന്‍ തന്‍റെ കുടുംബത്തെ തിരഞ്ഞ് നടത്തുന്ന യാത്രയാണ് ചിത്രത്തിന്‍റെ പ്രമേയം. അമേരിക്ക ആസ്ഥാനമായ കലാകാർ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
മാർസെല മൊറെനോയുടെ ദി ലൗഡസ്ട് സൈലെൻസ് (ബ്രസീൽ) മികച്ച വിദ്യാര്‍ത്ഥി ഷോർട്ഫിലിമായി തിരഞ്ഞെടുത്തു. ഷൈനി ജേക്കബ് ബെഞ്ചമിൻ സംവിധാനം ചെയ്ത് ഇൻ റിട്ടേൺ-ജസ്റ്റ് എ ബുക്ക് ഫ്രം ഇന്ത്യ മികച്ച ഡോക്യൂമെന്‍ററിക്കുള്ള പുരസ്‌കാരം നേടി. അനിൽ തോമസ് സംവിധാനം ചെയ്ത് മിന്നാമിനുങ്ങിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് ജേതാവായ സുരഭി ലക്ഷ്മി ജൂറിയുടെ പ്രത്യേക പ്രശംസയ്ക്ക് അർഹയായി.
ഇൻഡിവുഡ് ഫിലിം കാർണിവലിന്റെ സമാപന ചടങ്ങിൽ ജൂറി അംഗങ്ങളും ഇൻഡിവുഡ് സ്ഥാപക ഡയറക്ടറുമായ സോഹൻ റോയിയും ചേർന്ന് പുരസ്‌കാരങ്ങൾ സമ്മാനിച്ചു.
ടേക്ക് ദി റീഇൻസ് (അമേരിക്ക) - മികച്ച ഷോർട് ഫിലിം , റെയിൽവേ ചിൽഡ്രൻ - മികച്ച ഇന്ത്യൻ സിനിമ , ഹിഡൻ കോർണർ (ഇന്ത്യ) - മികച്ച ഏഷ്യൻ സിനിമയ്ക്കുള്ള നെറ്റ്പാക്ക് അവാർഡ്, ചൂഡാല (ഇന്ത്യ) - ഷോർട് ഫിലിം-പ്രത്യേക പരാമർശം തുടങ്ങിയവയാണ് മറ്റ് പുരസ്കാരങ്ങള്‍. ഓൾ ലൈറ്റ്‌സ് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായി 130 സിനിമകളും കാർണിവലിൽ പ്രദർശിപ്പിച്ചു.