Kochi : സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്ററെത്തി. ഇനി ഉയർത്തെഴുന്നേല്പിന്റെ കാലം എന്ന ടാഗ്‌ലൈനോട് കൂടിയാണ് ചിത്രത്തിൻറെ പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. ഈസ്റ്ററിനോട് അനുബന്ധിച്ചായിരുന്നു പോസ്റ്റർ റിലീസ്. അതിനോടൊപ്പം സുരേഷ് ഗോപി പ്രേക്ഷകർക്ക് ഈസ്റ്റർ ആശംസകളും നേർന്നിട്ടുണ്ട്. മാത്യു തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സുരേഷ് ഗോപിയുടെ പകുതി മുഖം മറച്ച ചിത്രമാണ് പോസ്റ്ററിൽ നൽകിയിരിക്കുന്നത്. സുരേഷ് ഗോപിയുടെ 250 മത് ചിത്രമാണ് ഒറ്റക്കൊമ്പൻ. സിനിമയ്ക്കായി വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിത്രം സുരേഷ് ഗോപിയുടെ മറ്റൊരു മാസ് എന്റെർറ്റൈനെർ ആകുമെന്നാണ് പ്രതീക്ഷ. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ഉടൻ തന്നെ തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ.
ചിത്രത്തിൻറെ പ്രഖ്യാപനത്തിന് ശേഷം നിരവധി വിവാദങ്ങളും ഉണ്ടായിരുന്നു. പൃഥ്വിരാജ് നായകനാവുന്ന ഷാജി കൈലാസ് ചിത്രം കടുവ തിരക്കഥാകൃത്ത് കേസ് നൽകിയതിനെ തുടർന്ന് കോടതി ഒറ്റക്കൊമ്പന് വിലക്കേർപ്പെടുത്തിയിരുന്നു. ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അണിയറ പ്രവർത്തകർ നൽകിയ ഹർജി സുപ്രീം കോടതിയും തള്ളിയിരുന്നു. കേസിൽ നിലവിൽ ഇടപെടേണ്ടതില്ലെന്ന നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചത്.
കടുവയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം പകര്‍പ്പവകാശ കേസാണ് ഫയൽ ചെയ്തിരിക്കുന്നത്. എന്നാൽ കേസിന്റെ വിചാരണ വേഗത്തിലാക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഒരു വർഷത്തിനുള്ളിൽ തീർപ്പണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 'കടുവാക്കുന്നേൽ കുറുവച്ചൻ' എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിന്റെ പേര് ഒറ്റകൊമ്പനിലും ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് കേസ് നൽകിയത്. കഥാപാത്രത്തിന്‍റെ പേര് പകര്‍പ്പവകാശ നിയമപ്രകാരം രജിസ്റ്റർ ചെയ്‍തതിന്‍റെ രേഖകളും ജിനു എബ്രഹാം കോടതിയിൽ ഹാജരാക്കിയിരുന്നു.
പൃഥ്വിരാജ് - ഷാജി കൈലാസ് കൂട്ടുക്കെട്ടിലെത്തുന്ന കടുവ നിർമ്മിക്കുന്നത് സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ്. ഒരു യഥാർഥ സംഭവകഥയെ ആസ്പദമാക്കിയുള്ള ചിത്രമാണ് കടുവയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്സും സംയുക്തമായി ആണ്. ഷാജി കൈലാസ് 8 വർഷങ്ങൾക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യകത കൂടി കടുവയ്ക്കുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...