പാലക്കാട്: സച്ചി എന്ന സംവിധായകൻ ഇല്ലായിരുന്നുവെങ്കിൽ തന്‍റെ പാട്ടുകൾ ലോകം കേൾക്കില്ലായിരുന്നുവെന്ന് നഞ്ചിയമ്മ. മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാര നേട്ടത്തിലും നഞ്ചിയമ്മയുടെ മനസ്സ് മുഴുവൻ സച്ചിയാണ്. ദേശീയ പുരസ്കാരം വാങ്ങുന്നത് കാണാൻ സച്ചി ഇല്ലെന്നുള്ള സങ്കടമാണ് നഞ്ചിയമ്മക്കുള്ളത്.
അട്ടപ്പാടി പശ്ചാത്തലമാക്കി അയ്യപ്പനും, കോശിയും എന്ന ചിത്രത്തെപ്പറ്റി ചിന്തിക്കുമ്പോൾ നഞ്ചിയെന്ന പാട്ടുകാരിയെക്കുറിച്ച് സച്ചിക്ക് അറിയില്ലായിരുന്നു. ചിത്രത്തിൽ അയ്യപ്പൻ എന്ന കഥാപാത്രത്തിന്‍റെ ഭാര്യ ഒരു ആദിവാസി സ്ത്രീയാണ്. ഈ കഥയിലെ നായികക്ക് യോജിച്ച ഒരു പാട്ട് വേണമെന്ന് അയ്യപ്പനും കോശിയിൽ ഫൈസൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അട്ടപ്പാടിക്കാരൻ പഴനിസ്വാമിയോട് സച്ചി പറഞ്ഞു.
തുടർന്ന് പഴനിസ്വാമി നേതൃത്വം നൽകുന്ന ആസാദ് കലാ സംഘത്തിലെ നഞ്ചിയമ്മയെന്ന പാട്ടുക്കാരിയെ സച്ചിക്ക് പരിചയപ്പെടുത്തി. സച്ചി പറഞ്ഞതനുസരിച്ച് ഒരു പാട്ട് പാടി കേൾപ്പിക്കനായി നഞ്ചിയമ്മ സ്റ്റുഡിയോയിലെത്തി. മകളുടെ വിയോഗത്തിൽ പാടിയ പാട്ട് നഞ്ചിയമ്മ സച്ചിക്ക് മുൻപിൽ പാടി. എത്തനി കാലം വാഴ്ന്താളോ ദൈവ മകളെയെന്ന് എന്ന പാട്ട് പാടി കഴിഞ്ഞതും സച്ചിയുടെ കണ്ണുകൾ ഈറനണിഞ്ഞു.
നഞ്ചിയമ്മയുടെ പാട്ട് സച്ചിക്ക് ഇഷ്ടമായതോടെ കലക്കാക്ക സന്തനമേ എന്ന വൈറൽ ഗാനം ഉൾപ്പെടെ രണ്ട് പാട്ടുകൾ കൂടി അയ്യപ്പനും കോശിക്കും വേണ്ടി അവർ പാടി. ചിത്രം തീയറ്ററുകളിലെത്തിയപ്പോൾ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള മലയാളി പ്രേക്ഷകരും നഞ്ചിയമ്മയുടെ പാട്ടുകൾ ഏറ്റ് പാടി. തന്‍റെ ശബ്ദത്തിനും പാട്ടുകൾക്കും ലഭിച്ച ഈ അംഗീകാരങ്ങൾക്കൊക്കെയും നഞ്ചിയമ്മയ്ക്ക് നന്ദി പറയാനുള്ളത് സച്ചിയോടാണ്.
Read Also: Simon Daniel Trailer: നിധി തേടിയൊരു യാത്ര; ത്രില്ലറുമായി വിനീത് കുമാർ, സൈമൺ ഡാനിയേൽ ട്രെയിലർ
നിഷ്കളങ്കയായ നഞ്ചിയമ്മയെ സച്ചിക്ക് സ്വന്തം കൂടപ്പിറപ്പിനേപ്പോലെ ഇഷ്ടമായിരുന്നു. അയ്യപ്പനും കോശിയും റിലീസിന് ശേഷം അട്ടപ്പാടി നക്കുപ്പതിയിലുള്ള നഞ്ചിയമ്മയുടെ വീട്ടിലേക്ക് വരുമെന്ന് സച്ചി പറഞ്ഞിരുന്നു എങ്കിലും അതിന് മുൻപേ മലയാള ചലച്ചിത്ര ലോകത്തിന് തീരാ നഷ്ടമായി അദ്ദേഹം വിടവാങ്ങി.
നഞ്ചിയമ്മ സംസ്ഥാന സർക്കാരിന്റെ പ്രത്യേക ജൂറി അവാർഡും മികച്ച പിന്നണി ഗായികക്കുള്ള ദേശീയ അവാർഡും വാങ്ങുന്നത് കാണാനും സച്ചി ഇല്ലായിരുന്നു. ആരാരും അറിയപ്പെടാതിരുന്ന തന്നെ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഗായിക ആക്കി മാറ്റിയ സച്ചിയോടുള്ള സ്നേഹവും കടപ്പാടുമാണ് ഇന്നും നഞ്ചിയമ്മയുടെ മനസ്സ് നിറയെ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...