മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന്‍റെ ഫെയ്സ് 4 ൽ ഏറ്റവും കൂടുതൽ പേർ കാത്തിരിക്കുന്ന ചിത്രമാണ് 'ഡോക്ടർ സ്ട്രെയ്ഞ്ച് ഇൻ ദി മൾട്ടീവേഴ്സ് ഓഫ് മാഡ്നസ്'. ടോബി മഗ്വയർ നായകനായി എത്തിയ സ്പൈഡർമാൻ ചിത്രങ്ങളുടെ സംവിധായകനായിരുന്ന സാം റൈമി ഒരു ഇടവേളക്ക് ശേഷം വീണ്ടും മാർവലിലേക്ക് എത്തുന്ന സിനിമയാണ് ഇത്. മാത്രമല്ല മാർവല്‍ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഹൊറർ ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഇത്തരത്തിൽ ആരാധകർ കാത്തിരിക്കുന്ന ഒട്ടനവധി ഘടകങ്ങൾ ഉള്ള ഈ ചിത്രം മേയ് 6 നാണ് ലോകമെമ്പാടും ഉള്ള തീയറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.
ഈ ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി പുറത്ത് വന്ന ഒരു പ്രമോ വീഡിയോ മാർവൽ ആരാധകരെ ആവേശത്തിൽ ആക്കിയിരിക്കുകയാണ്. ഈ പ്രമോ വീഡിയോയിൽ ബാരൺ മൊർഡോ എന്ന പ്രതിനായക കഥാപാത്രം ഡോക്ടർ സ്ട്രെയ്ഞ്ചിനോടായി ഇല്ല്യൂമിനാറ്റിയെ പറ്റി പറയുന്ന രംഗമാണ് ഇപ്പോൾ ഈ സിനിമയുടെ ഹൈപ്പ് പതിന്മടങ്ങായി ഉയർത്തിയത്.
മാർവൽ കോമിക്സിലെ ഏറ്റവും ശക്തമായ ഗ്രൂപ്പുകളിൽ ഒന്നാണ് ഇല്ല്യൂമിനാറ്റി. ഈ ചിത്രം പ്രഖ്യാപിച്ചത് മുതൽ തന്നെ ഇല്ല്യൂമിനാറ്റി ഗ്രൂപ്പിനെ മാർവൽ ഈ ചിത്രത്തിലൂടെ കൊണ്ട് വരും എന്ന തരത്തിൽ അഭ്യുഹങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ പുറത്ത് വന്ന ഈ പ്രമോ വീഡിയോ ഇത് സത്യമാണെന്ന് തെളിയിച്ചിരിക്കുകയാണ്.
മാർവൽ കോമിക്സ് പ്രകാരം മാർവലിൽ നിരവധി സൂപ്പർ ഹീറോ ഗ്രൂപ്പുകൾ ഉണ്ട്. അവഞ്ചേഴ്സ്, എക്സ് മെൻ, ഫെന്‍റാസ്റ്റിക്ക് ഫോർ തുടങ്ങിയ ഗ്രൂപ്പുകൾ എല്ലാം പൊതു സമൂഹത്തിന് അറിയാവുന്നതും പ്രശസ്തമായതുമായ ഗ്രൂപ്പുകളാണ്. എന്നാൽ ഇല്ല്യൂമിനാറ്റി എന്നത് മാർവൽ സൂപ്പർ ഹീറോസിന്‍റെ ഒരു രഹസ്യ ഗ്രൂപ്പ് ആണ്.
Read Also: ദുബായിൽ ഇ-സ്കൂട്ടറുകൾക്ക് അനുമതി; സൗജന്യ പെർമിറ്റിനായി വെബ്സൈറ്റ് വഴി അപേക്ഷിക്കാം
ചുരുക്കം ചില സൂപ്പർ ഹീറോസിന് അല്ലാതെ മറ്റുള്ളവർക്ക് ഈ ഗ്രൂപ്പിനെക്കുറിച്ച് ഒരു ധാരണയും ഉണ്ടാകില്ല. എല്ലാ സൂപ്പർ ഹീറോ ഗ്രൂപ്പുകളിലും ഉള്ള ഏറ്റവും ശക്തരായ സൂപ്പർ ഹീറോകൾ ആണ് ഇല്ല്യൂമിനാറ്റി ഗ്രൂപ്പിൽ ഉള്ളത്. ഇൻ ഹ്യൂമൻസിന്‍റെ നേതാവായ ബ്ലാക്ക് ബോൾട്ട്, എക്സ് മെൻ ഗ്രൂപ്പിന്‍റെ സ്ഥാപകനായ ഡോക്ടർ എക്സ്, ഫെന്‍റാസ്റ്റിക്ക് ഫോറിന്‍റെ സ്ഥാപകനായ റീഡ് റിച്ചാർഡ്സ്, അറ്റ്ലാന്‍റിസിന്‍റെ രാജാവായ നാമൊർ ദി സബ് മറീൻ, അവഞ്ചേഴ്സിന്‍റെ സ്ഥാപകനായ അയൺ മാൻ പിന്നെ സോഴ്സറർ സുപ്രീം ആയ ഡോക്ടർ സ്ട്രെയ്ഞ്ച് എന്നിവരാണ് ഇല്ല്യൂമിനാറ്റിയിലെ അംഗങ്ങൾ.
പല സൂപ്പർ ഹീറോ ഗ്രൂപ്പുകളിൽ നിന്നുള്ള പ്രധാന കഥാപാത്രങ്ങൾ ആയ ഇവർ ഒന്നിച്ച് ലോകത്തിന്‍റെ രക്ഷക്ക് വേണ്ടി രഹസ്യമായി തുടങ്ങിയ ഗ്രൂപ്പാണ് ഇല്ല്യൂമിനാറ്റി. ടോണി സ്റ്റാർക്ക് എന്ന അയൺമാൻ ആണ് ഇല്ല്യൂമിനാറ്റി ഗ്രൂപ്പിന്‍റെ സ്ഥാപകൻ. ഭൂമിയിൽ വച്ച് നടന്ന ക്രീ - സ്ക്രൾ യുദ്ധത്തിന് ശേഷം ഇത് പോലെയുള്ള വലിയ ഭീഷണികൾ ലോകത്ത് വരുമ്പോൾ ഒന്നിച്ച് അവയെ നേരിടാനാണ് അയൺ മാൻ ഇല്ല്യൂമിനാറ്റി ഗ്രൂപ്പ് ആരംഭിക്കുന്നത്.
എന്നാൽ സിനിമയിലേക്ക് വരുമ്പോൾ ഇല്ലൂമിനാറ്റി ഗ്രൂപ്പിനും അതിന്‍റെ ഘടനക്കും മാർവൽ എന്ത് മാറ്റമാണ് വരുത്തിയത് എന്നത് വലിയൊരു ചോദ്യമാണ്. ഡോക്ടർ സ്ട്രെയ്ഞ്ച് ഇൻ ദി മൾട്ടീവേഴ്സ് ഓഫ് മാഡ്നസിന്‍റെ ട്രൈലറിൽ ഡോക്ടർ എക്സിന് സമാനനായ ഒരാൾക്ക് മുന്നിൽ ഡോക്ടർ സ്ട്രെയ്ഞ്ചിനെ ബന്ധനസ്ഥനാക്കി കൊണ്ട് പോകുന്നത് കാണാൻ സാധിക്കും. എന്നാൽ അത് ആരാണ് എന്നുള്ളത് ട്രൈലറിൽ കാണിച്ചിട്ടില്ല.
ഒരുപക്ഷെ ഈ കഥാപാത്രം ഡോക്ടർ എക്സ് ആണെങ്കിൽ ഇല്ലൂമിനാറ്റിയുടെ ഒരു പ്രധാന അംഗമായി സിനിമയിൽ അവതരിപ്പിക്കാൻ പോകുന്നത് ഡോക്ടർ എക്സിനെത്തന്നെ ആകും. മാത്രമല്ല ഈ ചിത്രത്തിൽ ടോം ക്രൂസ് അവതരിപ്പിക്കുന്ന സുപ്പീരിയർ അയണ്‍മാൻ എന്ന കഥാപാത്രം പ്രത്യക്ഷപ്പെടും എന്ന അഭ്യുഹങ്ങൾ ഉണ്ട്.
Read Also: Saudi Vellakka Teaser: 'ഇതൊരു വെള്ളയ്ക്കാ കേസാണല്ലേ?' തമാശകൾ നിറച്ച് സൗദി വെള്ളക്ക ടീസർ
ഇത് സത്യമാണെങ്കിൽ കോമിക്സിലേതിന് സമാനമായി അയണ്‍ മാന്‍ തന്നെ ആയിരിക്കും ഇല്ലൂമിനാറ്റിയുടെ സ്ഥാപകൻ. ഇത്തരത്തിൽ നിരവധി ഫാൻ തിയറികളും അഭ്യുഹങ്ങളും നിലനിൽക്കുന്നതിനാൽത്തന്നെ ഡോക്ടർ സ്ട്രെയ്ഞ്ച് ഇൻ ദി മൾട്ടീവേഴ്സ് ഓഫ് മാഡ്നസ് കാണാനായി കാത്തിരിക്കുകയാണ് മാർവൽ ആരാധകർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...