വൈശാഖ് - മമ്മൂട്ടി കോമ്പോയിൽ പുതിയ ചിത്രം ഒരുങ്ങുന്നതായി റിപ്പോർട്ട്. ആട്, അഞ്ചാം പാതിര, ആൻമരിയ കലിപ്പിലാണ്, അലമാര തുടങ്ങിയ ചിത്രങ്ങളൊരുക്കിയ മിഥുൻ മാനുവൽ തോമസ് ആണ് വൈശാഖ് - മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നതെന്നും റിപ്പോർട്ടുണ്ട്. മിഥുൻ, വൈശാഖ്, ജോർജ്, ആന്റോ ജോസഫ് തുടങ്ങിയവർക്കൊപ്പം മമ്മൂട്ടി നിൽക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് അണിയറയിൽ പുതിയ ചിത്രം ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഒരു മാസ് ആക്ഷൻ കോമഡി എന്റർടെയ്നറാകും ഈ ചിത്രം എന്നും റിപ്പോർട്ടുണ്ട്.
അതേസമയം വൈശാഖുമായി മമ്മൂട്ടി മറ്റൊരു സിനിമയ്ക്ക് കൈകൊടുത്തു എന്ന വാർത്തകളും മുമ്പ് പുറത്തുവന്നിരുന്നു. ഉദയ്കൃഷ്ണയായിരിക്കും ഇതിന് തിരക്കഥയൊരുക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാൽ ഈ സിനിമയെ കുറിച്ച് ഔദ്യോഗിക റിപ്പോർട്ടുകൾ ഇതുവരെ എത്തിയിട്ടില്ല. ന്യൂയോർക്ക് എന്നൊരു സിനിമയും ഇരുവരും ചെയ്യാനിരുന്നതായി റിപ്പോർട്ടുണ്ട്. മധുരരാജയാണ് മമ്മൂട്ടി - വൈശാഖ് കോമ്പോയിൽ അവസാനമായി ഇറങ്ങിയ ചിത്രം. പോക്കിരിരാജ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായിരുന്നു ഇത്. ചിത്രം വേണ്ടത്ര വിജയിച്ചില്ല.
Also Read: Christopher Ott Release: മമ്മൂട്ടിയുടെ 'ക്രിസ്റ്റഫർ' ഉടൻ ഒടിടിയിലേക്ക്; എപ്പോൾ എവിടെ കാണാം?
കാതൽ, ഏജന്റ്, തുടങ്ങി മമ്മൂട്ടിയുടെ നിരവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ക്രിസ്റ്റഫർ ആണ് മമ്മൂട്ടിയുടേതായി ഒടുവിൽ ഇറങ്ങിയ ചിത്രം. തിയേറ്ററുകളിൽ വലിയ വിജയം നേടാൻ ചിത്രത്തിന് കഴിഞ്ഞിരുന്നില്ല. ഇപ്പോൾ ചിത്രം ഒടിടിയിൽ ഉടനെത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ആമസോൺ പ്രൈം വീഡിയോസ് ആണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയത്. ആമസോൺ പ്രൈമിൽ ചിത്രം ഉടൻ സ്ട്രീം ചെയ്യും. റിലീസ് തിയതി സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ വിറ്റ് പോയതെന്നാണ് സൂചന. മമ്മൂട്ടി പോലീസ് വേഷത്തിൽ എത്തിയ ചിത്രമാണ് ക്രിസ്റ്റഫർ. ബി ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തത്.
ഇന്നത്തെ സമൂഹത്തിൽ പറയേണ്ട, ചർച്ച ചെയ്യേണ്ട വിഷയം തന്നെയാണ് സിനിമ സംസാരിക്കുന്നത്. അതിനാൽ തന്നെ സാമൂഹിക പ്രസക്തിയിൽ നിറയുന്ന ക്ലാസ് സിനിമയാണ് ക്രിസ്റ്റഫർ. സ്ഥിരം കാണുന്ന മാസ്സ് അപ്പീൽ അല്ല സിനിമയ്ക്ക് ഉള്ളത്. പുതിയൊരു മേക്കിങ്ങ് രീതി പുതുമ നൽകുന്നുണ്ട്. എക്സ്ട്രാ ജുഡീഷ്യൽ കൻഫെഷനാണ് ക്രിസ്റ്റഫറിന്റെ രീതി. നീതി വൈകിപ്പിക്കാതെ നടപ്പിലാക്കുക. സ്ത്രീകളെ റേപ്പ് ചെയ്ത് കൊല്ലുന്നവർക്കെതിരെയും അതിക്രമങ്ങൾ നടത്തുന്നവർക്കെതിരെയും ക്രിസ്റ്റഫറിന്റെ തോക്ക് കാഞ്ചി വലിക്കും. പോലീസിനോടും നിയമത്തോടും വിശ്വാസമില്ലാത്ത ജനങ്ങൾ ക്രിസ്റ്റഫറിൽ വിശ്വസിക്കും. പ്രകടന മികവും ബിജിഎം ക്യാമറ വർക്കുമാണ് ഏറ്റവും പ്രധാനപ്പെട്ട പോസിറ്റീവ്.
ചിത്രത്തിൽ വിനയ് റായ് ആണ് വില്ലൻ കഥാപാത്രമായി എത്തിയിരിക്കുന്നത്. സീതാറാം ത്രിമൂർത്തി എന്നാണ് വിനയിയുടെ കഥാപാത്രത്തിന്റെ പേര്. 'ബയോഗ്രാഫി ഓഫ് എ വിജിലൻറ് കോപ്പ് ' എന്ന ടാഗ് ലൈനോടുകൂടി എത്തിയ ത്രില്ലർ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയത് ഉദയ കൃഷ്ണയാണ്. സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാർ. ആർ.ഡി. ഇലുമിനേഷൻസാണ് ചിത്രം നിർമിച്ചത്. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദീഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...