പ്രേക്ഷകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിഭൻ. മോഹൻലാൽ - ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലെത്തുന്ന ചിത്രത്തിന്റെ അപ്ഡേറ്റുകൾക്കായി പ്രേക്ഷകർ കാത്തിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണം തുടങ്ങിയതും അതിന്റെ ചിത്രങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. രാജസ്ഥാനിൽ പുരോഗമിക്കുന്ന സിനിമയുടെ ചിത്രീകരണത്തിൽ നടൻ മണികണ്ഠൻ ആചാരിയും പങ്കുചേർന്നിരിക്കുകയാണ്. താരം തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ ഇക്കാര്യം പങ്കുവെച്ചത്.
''ലിജോ സാറും ലാൽ സാറും ആദ്യമായി ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബൻ ചിത്രീകരണത്തിൽ ഞാനും ഇന്ന് ചേർന്നു'' - എന്നാണ് മണികണ്ഠൻ ഇൻസ്റ്റാഗ്രമിൽ കുറിച്ചത്.
ആട് 2 ലെ ചെകുത്താന് ലാസർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഹരി പ്രശാന്തും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇദ്ദേഹത്തിന്റേതായി അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്റെ ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയും ഹരീഷ് പേരടിയും മലൈക്കോട്ടൈ വാലിഭനിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Also Read: Santhosham Movie: സുരേഷ് കുമാറായി ഷാജോൺ, ക്യാരക്ടർ പോസ്റ്ററെത്തി; 'സന്തോഷം' ഉടൻ തിയേറ്ററുകളിലേക്ക്
ജോൺ ആൻഡ് മേരി ക്രിയേറ്റിവ്, സെഞ്ച്വറി ഫിലിംസ്, മാക്സ് ലാബ് എന്നിവയുടെ ബാനറിൽ ഷിബു ബേബി ജോൺ, കൊച്ചുമോൻ, അനൂപ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേൻ എന്ന ചിത്രത്തിന് ശേഷം പി.എസ്. റഫീക്കാണ് മലൈക്കോട്ടൈ വാലിബന് തിരക്കഥ ഒരുക്കുന്നത്. ചുരുളിക്ക് ശേഷം മധു നീലകണ്ഠൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.
പ്രശാന്ത് പിള്ള സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ദീപു ജോസഫ് ആണ്. പിആർഒ- പ്രതീഷ് ശേഖർ. പൂർണമായും രാജസ്ഥാനിൽ ചിത്രീകരിക്കുന്ന ബിഗ് ബഡ്ജറ്റ് മോഹൻലാൽ ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ പല പ്രഗത്ഭ താരങ്ങളും അഭിനയിക്കുന്നുണ്ട്. കാത്തിരിപ്പിന് വിരാമമിട്ട് പ്രതിഭയും പ്രതിഭാസവും മലൈക്കോട്ടൈ വാലിബനിൽ ഒന്ന് ചേരുമ്പോൾ അണിയറയിൽ ഒരുങ്ങുന്നത് മറ്റൊരു ലിജോ ജോസ് മാജിക് ആയിരിക്കുമെന്നുറപ്പാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...