ഹൈപ്പില്ലാ ഹൈപ്പില്ലാ എന്നുള്ള ആരാധകരുടെ നിരന്തരമായ പരാതികൾക്കിടയിലാണ് ദളപതി വിജയ്യുടെ ഏറ്റവും പുതിയ ചിത്രം ലിയോയുടെ ട്രൈലർ പുറത്തിറങ്ങിയത്. ഇതുവരെ സിനിമയുടെ ഭാഗമായി പുറത്തുവന്ന മോശം അഭിപ്രായം നേടിയ പോസ്റ്ററുകളുടെ ക്ഷീണം മാറ്റിക്കൊടുക്കുന്നതായിരുന്നു ചിത്രത്തിന്‍റെ ഹൈ വോൾട്ടേജിലുള്ള ട്രൈലർ. വിജയ് ഇന്നേവരെ കാണാത്ത സാൾട്ട് ആന്‍റ് പെപ്പർ ലുക്കിലാണ് ട്രൈലറിൽ പ്രത്യക്ഷപ്പെടുന്നത്. സ്ഥിരം ട്രോൾ വിഷയമാകാറുള്ള ദളപതിയുടെ പതിവ് മാനറിസങ്ങളും സ്വാഗും ഒഴിവാക്കി തീർത്തും വ്യത്യസ്തമായ അവതാറിലെത്തുന്നു എന്നതും ലിയോയുടെ പ്രത്യേകതയാണ്.
എപ്പോഴും അഭിനയത്തിന്‍റെ കാര്യത്തിലും ഹേറ്റേഴ്സിന്‍റെ വിമർശനം ഏറ്റുവാങ്ങാറുള്ള വിജയ്യുടെ കരിയർ ബെസ്റ്റ് പെർഫോമൻസ് തന്നെ ഈ ചിത്രത്തിൽ കാണാനാകും എന്നതിന്‍റെ സൂചനയാണ് ട്രൈലർ നൽകുന്നത്. അതേ സമയം ലിയോയുടെ ട്രൈലർ പുറത്തിറങ്ങിയപ്പോൾ മുതൽ 2005 ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ എ ഹിസ്റ്ററി ഓഫ് വയലൻസിനെക്കുറിച്ചും സോഷ്യൽ മീഡിയയിൽ സംസാരമുണ്ട്. ലോകേഷ് ഈ ചിത്രത്തിന്‍റെ തമിഴ് റൈറ്റ്സ് വാങ്ങി എന്ന അഭ്യുഹം പുറത്തുവന്നതുമുതലാണ് ലിയോ ഹിസ്റ്ററി ഓഫ് വയലൻസിന്‍റെ റീമേക്കാണ് എന്ന തരത്തിലുള്ള ചർച്ചകൾ ഉയർന്നുവന്നത്. ട്രൈലർ കാണുമ്പോൾ അതിൽ കുറച്ചൊരു കാര്യമുണ്ടെന്നും പറയാതിരിക്കാനാകില്ല.
ALSO READ: Leo Trailer: 17 മണിക്കൂറിൽ 28 മില്യൺ, ലിയോ ട്രെയിലർ വേറെ ലെവൽ
ട്രൈലറിലൂടെ പറഞ്ഞിരിക്കുന്ന കഥയുടെ പ്ലോട്ടും ചില രംഗങ്ങളും ഹിസ്റ്ററി ഓഫ് വയലൻസ് എന്ന ഐക്കോണിക് ചിത്രത്തെ ഓർമ്മിപ്പിക്കുന്നതാണ്. കൈതി, വിക്രം പോലുള്ള ക്രൈം ആക്ഷൻ ചിത്രങ്ങൾ ചെയ്ത് പഴക്കമുള്ള ലോകേഷിന്‍റെ കയ്യിൽ കിട്ടിയാൽ ഗംഭീരമായി തമിഴ് പശ്ചാത്തലത്തിൽ പുനർ സൃഷ്ടിക്കാവുന്ന കഥയാണ് ഹിസ്റ്ററി ഓഫ് വയലൻസിന്‍റേത്. എന്നാലും ലോകേഷ് അങ്ങനെ ഫുൾ കോപ്പിയായി ലിയോ ചെയ്യാനും വഴിയില്ല. ചിലപ്പോൾ ഹിസ്റ്ററി ഓഫ് വയലൻസിന്‍റെ ബേസിക് പ്ലോട്ട് മാത്രം ഉപയോഗിച്ചുകൊണ്ട് വ്യത്യസ്തമായ ഒരു കഥയാകും ലോക്കി നമുക്കുമുന്നില്‍ ഒരുക്കാൻ പോകുന്നത്.
ലിയോയുടെ ട്രൈലർ പുറത്തുവന്നതുമുതൽ പലരും ഹിസ്റ്ററി ഓഫ് വയലൻസ് എന്ന ചിത്രത്തെക്കുറിച്ചും ഗുഗിൾ ചെയ്ത് നോക്കുന്നുണ്ട്. ഡേവിഡ് ക്രോണൻബർഗിന്‍റെ സംവിധാനത്തില്‍ 2005 ൽ പുറത്തിറങ്ങിയ ഹോളിവുഡ് ത്രില്ലർ ഡ്രാമാ ചിത്രമാണ് ഹിസ്റ്ററി ഓഫ് വയലൻസ്. വിഗ്ഗോ മോർട്ടെൻസനാണ് ചിത്രത്തിലെ നായക കഥാപാത്രമായ ടോം സ്റ്റാളിനെ അവതരിപ്പിച്ചിട്ടുള്ളത്. ടോം സ്റ്റാളിന് ഭാര്യയും കൗമാരക്കാരനായ മകനും ചെറിയൊരു മകളും അടങ്ങുന്ന കുടുംബമാണുള്ളത്.
അദ്ദേഹം അമേരിക്കയിലെ ചെറിയൊരു ടൗണിൽ കഫേ നടത്തിയാണ് ജീവിക്കുന്നത്. ഒരു ദിവസം രണ്ട് കള്ളന്മാർ അദ്ദേഹത്തിന്‍റെ കഫേയിലെത്തി അക്രമം അഴിച്ചുവിടുന്നു. വേറെ നിവർത്തിയില്ലാതെ ടോമിന് അവരെ കൊല്ലേണ്ടി വരുന്നു. തുടർന്ന് അദ്ദേഹത്തെ ഒരു ഹീറോയായി ചിത്രീകരിച്ച് പല മാധ്യമങ്ങളിലും വാർത്തകൾ വരുന്നു. അങ്ങനെ വെറുമൊരു കുടുംബസ്ഥൻ മാത്രമായിരുന്ന ടോം സ്റ്റാൾ പ്രശസ്തനാകുന്നു. എന്നാൽ പിന്നാലെ ചില പ്രശ്നങ്ങളും ടോമിനെ തേടിയെത്തി. പല അധോലോക നായകന്മാരും ടോമിനെ അന്വേഷിച്ച് ആ ടൗണിലെത്തി. ഇവർ ടോമിനെയും അയാളുടെ കുടുംബത്തെയും നിരന്തരം ഉപദ്രവിക്കാൻ തുടങ്ങുന്നു. ശരിക്കും അവർക്ക് വേണ്ടത് ടോം സ്റ്റാളിനെ അല്ലായിരുന്നു. ടോമിന്‍റെ അതേ മുഖച്ഛായയുള്ള ജോയി കുസാക്ക് എന്ന കൊടും ക്രിനിനലിനെ തേടിയാണ് അവർ അവർ അവിടെ എത്തുന്നത്.
നിരന്തരമായി തന്‍റെ കുടുംബത്തിന് നേരെയുള്ള ഉപദ്രവം തുടർന്നതോടെ ടോം സ്റ്റാളിനുള്ളിലെ ആൾട്ടർ ഈഗോയായ ജോയി കുസാക്ക് പുറത്തുവരുന്നു. ശരിക്കും തന്‍റെ പഴയ ജീവിതം പൂർണമായും ഉപേക്ഷിച്ച ജോയി കുസാക്ക്, ടോം സ്റ്റാൾ എന്ന പേരിൽ രണ്ടാമതൊരു ജീവിതം തുടങ്ങിയതായിരുന്നു. എന്നാൽ വർഷങ്ങൾക്ക് ശേഷം തന്നെ തേടിവന്ന പഴയ ജീവിതം അയാളുടെ സ്വൈര്യം കെടുത്തുന്നു. ഈ കഥയോട് നല്ല രീതിയിൽ സാമ്യം തോന്നുന്നതാണ് ലിയോയുടെ ട്രൈലറിലെ പല രംഗങ്ങളും സംഭാഷണങ്ങളും.
Also Read: Thalaivar 170: 'തലൈവർ 170'ന്റെ പൂജ തിരുവനന്തപുരത്ത് - കാണാം ചിത്രങ്ങൾ
ലിയോയിൽ പാർധിപൻ എന്ന കള്ള പേരിലാണ് വിജയ് ജീവിക്കുന്നത്. ഹിസ്റ്ററി ഓഫ് വയലൻസിൽ കഫേ ഉടമയാണ് നായകനെങ്കിൽ ലിയോയിൽ പാർധിപൻ ഒരു ബേക്കറി ഉടമയാണ്. തൃഷയാണ് വിജയുടെ ഭാര്യയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ട്രൈലറിൽ നിന്നുള്ള സൂചന അനുസരിച്ച് മലയാളി താരം മാത്യു തോമസ് വിജയ്യുടെ മകന്‍റെ വേഷമാകാം അവതരിപ്പിക്കുന്നത്. മകളായി ഒരു ബാലതാരവും അഭിനയിക്കുന്നുണ്ട്. അർജുൻ അവതരിപ്പിക്കുന്ന ഹരോൾഡ് ദാസും സഞ്ജയ് ദത്ത് അവതരിപ്പിക്കുന്ന ആന്‍റണി ദാസും പാർധിപനെ ആക്രമിക്കാൻ വരുന്ന അധോലോക നായകന്മാർ ആകാം. ലിയോ ദാസ് എന്ന ഇവരുടെ പഴയ കൂട്ടാളി ഇതിൽ പാർധിപന്‍റെ ആൾട്ടർ ഈഗോയാണ്. ഹിസ്റ്ററി ഓഫ് വയലൻസിൽ ജോയി കുസാക്കിന്‍റെ ഭൂതകാലം കാണിക്കുന്നില്ല.
എന്നാൽ ലിയോ എന്ന ചിത്രത്തിൽ ലിയോ ദാസ് ആയുള്ള വിജയ്യുടെ ഭൂതകാലവും നിരവധി മാസ്സ് രംഗങ്ങൾ നമുക്ക് പ്രതീക്ഷിക്കാം. എന്നാലീ ചിത്രം എൽ.സി.യുവിന്‍റെ ഭാഗമല്ലെന്നാണ് നിലവിൽ ലഭിക്കുന്ന സൂചനകൾ. പക്ഷെ അധോലാകവും കുറ്റകൃത്യങ്ങളും ഉൾപ്പെട്ട കഥ ആയതിനാൽ വേണമെങ്കിൽ എൽ.സി.യുവുമായി ലിയോയെ എളുപ്പത്തിൽ ബന്ധിപ്പിക്കാം. ഉദാഹരണത്തിന് പാർധിപനെ വേട്ടയാടാൻ നിലവിൽ എത്തിയത് ആന്‍റണി ദാസും ഹരോൾഡ് ദാസും മാത്രമാണ്. ഇനി റോളക്സും പാർധിപനെ, അതായത് ലിയോ ദാസിനെ തേടി എത്തിയാൽ എങ്ങനെയിരിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.