എറണാകുളം: കന്നടയിലെ കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായ ഋഷഭ് ഷെട്ടി ചിത്രം കാന്താരയിലെ വരാഹരൂപം എന്ന ഗാനത്തിന് വീണ്ടും വിലക്കേർപ്പെടുത്തി കേരള ഹൈക്കോടതി. ഇടക്കാല ഉത്തരവോ അന്തിമ ഉത്തരവോ ഉണ്ടാകുന്നതുവരെ ഈ ഗാനം ചിത്രത്തിൽ ഉൾപ്പെടുത്തരുത് എന്ന് ഹൈക്കോടതി ഉത്തരവിട്ടു.
കേരളത്തിലെ മ്യൂസിക് ബാൻഡായ തൈക്കൂടം ബ്രിഡ്ജിൻ്റെ നവരസം എന്ന ഗാനം കോപ്പിയടിച്ചിട്ടില്ലെന്ന ഹർജിക്കാരുടെ വാദം ഈ ഘട്ടത്തിൽ അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് എ ബദറൂദ്ദീൻ്റെയാണ് ഉത്തരവ്. ഈ വിഷയത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് നിലപാടെടുത്ത കോടതി, നിർമാതാവിനും സംവിധായകനും മുൻകൂർ ജാമ്യം അനുവദിച്ചു.
ഫെബ്രുവരി 12നും 13നും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, ചോദ്യം ചെയ്യലുമായി സഹകരിക്കണം, അറസ്റ്റുണ്ടാകുന്ന പക്ഷം അമ്പതിനായിരം രൂപ ബോണ്ടിന്മേലും തുല്യ തുകയ്ക്കുള്ള രണ്ടാൾ ജാമ്യ വ്യവസ്ഥയിലും ജാമ്യം നൽകണമെന്നുമാണ് കോടതിയുടെ ഉപാധികൾ.
ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച് നായകനായെത്തിയ ചിത്രമാണ് ‘കാന്താര’. സപ്‍തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി പ്രദീപ് ഷെട്ടി തുടങ്ങിയവരാണ് മറ്റു വേഷങ്ങളിലെത്തിയത്. കെജിഎഫിന്റെ നിര്‍മാതാക്കളായ ഹൊംബാലെ ഫിലിംസാണ് ‘കാന്താര’ നിർമിച്ചത്. ബി അജനീഷ് ലോക്നാഥാണ് കാന്താരയുടെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്.
വരാഹ രൂപം ഗാനം കോപ്പിയടിച്ചതാണെന്ന് കാണിച്ച് തൈക്കുടം ബ്രിഡ്‌ജ് സമര്‍പ്പിച്ച പകര്‍പ്പാവകാശ ലംഘന ഹര്‍ജിയില്‍ നേരത്തെയും വരാഹ രൂപത്തിന് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് അനുമതി ഇല്ലാതെ പാട്ട് സിനിമയില്‍ ഉപയോഗിക്കരുതെന്ന് കോടതി ഉത്തരവിട്ടു. സിനിമയുടെ നിര്‍മാതാവ്, സംവിധായകന്‍, സംഗീത സംവിധായകന്‍ എന്നിവര്‍ക്ക് പുറമെ ഗാനം സ്‌ട്രീം ചെയ്യുന്ന ആമസോണ്‍ പ്രൈം, യൂട്യൂബ്, ലിങ്ക് മ്യൂസിക്, സ്‌പോട്ടിഫൈ, വിങ്ക് തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളോടും കോടതി ഗാനം ഉപയോഗിക്കരുത് എന്ന് നിര്‍ദേശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...