എത്രയൊക്കെ പുരോഗതി കൈവരിച്ചുവെന്ന് അവകാശപ്പെട്ടാലും ഇന്ത്യൻ സമൂഹത്തിൽ ഇന്നും മാറ്റമില്ലാതെ തുടരുകയാണ് LGBTQ+ വിഭാഗങ്ങളോടുള്ള മനോഭാവം. സാധാരണ പുരുഷനോ സ്ത്രീക്കോ സങ്കൽപ്പിക്കാൻ പോലുമാകാത്ത അവഗണനകളും പരിഹാസങ്ങളും ഒപ്പം ശാരീരികവും മാനസികവുമായ പീഢനങ്ങളും അവർ അനുഭവിക്കുന്നുണ്ട്. ജാതി വിവേചനത്തേക്കാൾ പൈശാചികമാണ് LGBTQ+ വിഭാഗക്കാർ നേരിടുന്നത്. മറ്റേതു വിവേചനത്തിലും സാമ്പത്തികം പ്രധാനപ്പെട്ട ഘടകമാകുമ്പോൾ LGBTQ+ വിഭാഗത്തിൽ സാമ്പത്തികമായി പുരോഗതി നേടിയവരായാലും ഉന്നത വിദ്യാഭ്യാസവും ജോലിയും ഉണ്ടെങ്കിലും വിവേചനങ്ങൾ നേരിടുന്നു. ഇത്തരക്കാർ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളുടെ ഭീകരാവസ്ഥ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ചിത്രമാണ് എ പ്ലേസ് ഓഫ് അവർ ഓൺ അഥവാ ഏക് ജഗാ അപ്നി. ഏക്താരാ കളക്ടീവാണ് ഈ ചിത്രത്തിന്‍റെ സംവിധാനവും നിർമ്മാണവും നിർവഹിച്ചിരിക്കുന്നത്.
ലൈല, റോഷ്നി എന്നീ രണ്ട് ട്രാൻസ് സ്ത്രീകളെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് നീങ്ങുന്നത്. ഇരുവരും സുഹൃത്തുക്കളാണ്. ലൈല ഒരു സർക്കാർ ഇതര സ്ഥാപനത്തിൽ കൗൺസിലറാണ്. റോഷ്നിയാകട്ടെ ഒരു സർക്കാർ ഉദ്യോഗസ്ഥന്‍റെ വീട്ടിലെ അടുക്കള ജോലികൾ ചെയ്യുന്നു. നല്ല വിദ്യാഭ്യാസവും ജോലിയും ഉണ്ടെങ്കിലും ലൈലക്ക് സുരക്ഷിതമായ ഒരു താമസ സൗകര്യം ലഭിക്കുന്നില്ല. ഭൂരിഭാഗം പേരും ട്രാൻസ് സ്ത്രീ ആയതിനാൽ ലൈലയ്ക്ക് താമസ സൗകര്യം കൊടുക്കില്ല. കിട്ടുന്ന സ്ഥലത്താണെങ്കിൽ രാത്രി കാലങ്ങളിൽ പുരുഷന്മാരുടെ ശല്യവും. തുടർന്ന് സുഹൃത്തായ റോഷ്നിക്കൊപ്പമാണ് ലൈല താമസിക്കുന്നത്.
ALSO READ : 1001 Nunakal Movie Review : നുണ, അതിന്മേൽ മറ്റൊരു നുണ, പിന്നീട് നുണകളുടെ ചീട്ടുകൊട്ടാരം; 1001 നുണകൾ റിവ്യൂ
ഇരുവരും താമസ സ്ഥലത്തിന് വേണ്ടി സമീപിക്കുന്ന ഒട്ടുമിക്ക ആളുകളും അവരോട് മോശമായ രീതിയിൽ പെരുമാറുകയും അവരെ ആട്ടിപ്പായിക്കുകയും ചെയ്യുന്നു. റോഡിൽ ഇറങ്ങിയാൽ മുതിർന്നവരേപ്പോലെ കുട്ടികളും അവരെ പരിഹസിക്കുന്നു. എങ്കിലും തോറ്റ് പിൻമാറാൻ തയ്യാറാകാതെ സമൂഹത്തോട് പോരാടുകയാണ് ലൈലയും റോഷ്നിയും. കണ്ടിരിക്കുന്ന പ്രേക്ഷകരെ അസ്വസ്ഥരാക്കുന്ന രീതിയിലാണ് സിനിമയിൽ ലൈലയ്ക്കും റോഷ്നിക്കും നേരിടേണ്ടി വരുന്ന ദുരനുഭവങ്ങളെ വിവരിക്കുന്നത്.
എന്തോ ശാരീരിക വൈകല്യം നേരിടുന്നവർ ആണെന്ന രീതിയിൽ ട്രാൻസ് വ്യക്തികളോട് അനുകമ്പയോടെ പെരുമാറുന്ന ആളുകളുണ്ട്. എന്നാൽ LGBTQ+ കമ്മ്യൂണിറ്റിയിലുള്ളവരോടും മറ്റുള്ളവരോടെന്ന പോലെ സാധാരണ രീതിയിൽ പെരുമാറണമെന്നാണ് സിനിമ മുന്നോട്ട് വയ്ക്കുന്ന ആശയം. ചിത്രത്തിന്‍റെ അവസാനം ഒരു സ്ത്രീ ലൈലയുടെയും റോഷ്നിയുടെയും സുഹൃത്തായ ഓട്ടോ ഡ്രൈവറോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. 'ഈ വീട്ടിൽ താമസിച്ച് അവർ എന്താണ് ചെയ്യാൻ പോകുന്നതെന്ന്' അതിന് അയാൾ മറുപടി പറയുന്നത് 'നിങ്ങൾ എന്താണോ നിങ്ങളുടെ വീട്ടിൽ ചെയ്യുന്നത് അതൊക്കെ തന്നെയാണെന്നാണ്'. 123 മിനിറ്റ് ദൈർഖ്യമുള്ള ഈ ചിത്രം പറയാനുദ്ദേശിച്ച മുഴുവൻ ആശയവും ആ സംഭാഷണത്തിലുണ്ടായിരുന്നു. മനീഷാ സോനി, മുസ്കാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...