IFFK 2022 : ക്ലൊണ്ടൈക് മുതൽ അറിയിപ്പ് വരെ; ഐഎഫ്എഫ്കെയിലെ അന്താരാഷ്ട്ര അതിജീവന ചിത്രങ്ങൾ

IFFK 2022 Survival Movies : നുണ കൊണ്ട് കെട്ടിപ്പൊക്കിയ സദാചാരത്തിൻ്റെ മതിൽ പൊളിക്കാൻ ഒറ്റയ്ക്ക് ഇറങ്ങിപ്പുറപ്പെട്ട രശ്മിയുടെ കഥ പറയുന്ന അറിയിപ്പ് സമൂഹത്തിന് മുന്നറിയിപ്പാണ്. 

Written by - ആർ ബിനോയ് കൃഷ്ണൻ | Last Updated : Dec 15, 2022, 01:54 PM IST
  • 27-ാമത് ഐഎഫ്എഫ്കെ മനുഷ്യജീവിതത്തിൻ്റെ പരിച്ഛേദമാണെന്ന് ഉറപ്പിക്കുന്നതാണ് മേളയിലെത്തിയ അന്താരാഷ്ട്ര ചിത്രങ്ങൾ.
  • വിചിത്രനഗരത്തിലെ അതിവിചിത്രമായ നിയമങ്ങളും മനുഷ്യരുടെ പെരുമാറ്റങ്ങളും അവയോട് പൊരുത്തപ്പെടാൻ ശ്രമിക്കുന്ന പുറത്തെ ലോകവുമൊക്കെ ചേർന്നതാണ് സൈലൻസ് 6-9.
  • നുണ കൊണ്ട് കെട്ടിപ്പൊക്കിയ സദാചാരത്തിൻ്റെ മതിൽ പൊളിക്കാൻ ഒറ്റയ്ക്ക് ഇറങ്ങിപ്പുറപ്പെട്ട രശ്മിയുടെ കഥ പറയുന്ന അറിയിപ്പ് സമൂഹത്തിന് മുന്നറിയിപ്പാണ്.
IFFK 2022 : ക്ലൊണ്ടൈക് മുതൽ അറിയിപ്പ്  വരെ; ഐഎഫ്എഫ്കെയിലെ അന്താരാഷ്ട്ര അതിജീവന ചിത്രങ്ങൾ

യുദ്ധത്തിൻ്റെയും അതിജീവനത്തിൻ്റെയും കാഴ്ചകൾ. ആഗോള നിലപാടുകളിലെ മനുഷ്യവിരുദ്ധത, സമരതീക്ഷ്ണതയുടെ കനൽവെട്ടങ്ങൾ, പ്രതീക്ഷകളുടെ മൊട്ടുകൾ...
27-ാമത് ഐഎഫ്എഫ്കെ മനുഷ്യജീവിതത്തിൻ്റെ പരിച്ഛേദമാണെന്ന് ഉറപ്പിക്കുന്നതാണ് മേളയിലെത്തിയ അന്താരാഷ്ട്ര ചിത്രങ്ങൾ. ക്ലൊണ്ടൈക് ആണ് തുടക്കം മുതൽ ചർച്ച ചെയ്യപ്പെട്ട ചിത്രം. ഒരൊറ്റ ആക്ഷൻ രംഗം പോലുമില്ലാതെ മനുഷ്യരുടെ  യാതനകളിലൂടെ റഷ്യ - യുക്രൈൻ യുദ്ധത്തിൻ്റെ ഭീകരാവസ്ഥ വെളിപ്പെടുത്തുന്ന ചിത്രം ലോകത്തെവിടെയുമുളള യുദ്ധത്തിൻ്റെ കെടുതികൾ സമാനമാണെന്ന് ചൂണ്ടിക്കാട്ടുന്നു. 

അതിനൊക്കെ മേലെ, യുദ്ധം പുരുഷകേന്ദ്രീകൃത സമൂഹത്തിൻ്റെ സൃഷ്ടിയാണെന്നും അതിൻ്റെ കെടുതികൾ അനുഭവിക്കേണ്ടി വരിക മിക്കപ്പോഴും അതിൽ കക്ഷിയല്ലാത്ത സ്ത്രീസമൂഹമാണെന്നും സിനിമ ചൂണ്ടിക്കാട്ടുന്നു.  മരിച്ചുപോയവരുടെ കാഴ്ചപ്പാടുകളിലൂടെ ലോകത്തെ വീക്ഷിക്കുന്നതാണ് മേളയിലെത്തിയ സൈലൻസ് 6 - 9 എന്ന ഗ്രീക്ക് ചിത്രം. വിചിത്രനഗരത്തിലെ അതിവിചിത്രമായ നിയമങ്ങളും മനുഷ്യരുടെ പെരുമാറ്റങ്ങളും അവയോട് പൊരുത്തപ്പെടാൻ ശ്രമിക്കുന്ന പുറത്തെ ലോകവുമൊക്കെ ചേർന്നതാണ് സൈലൻസ് 6-9. 

ALSO READ: IFFK 2022: ചോദ്യമുനയിൽ മാധ്യമങ്ങൾ; 'വേട്ടപ്പട്ടികളും ഓട്ടക്കാരും' റിവ്യൂ

നമുക്ക് പരിചയമില്ലാത്തതൊക്കെ വിചിത്രമായി തോന്നാം. ചിലപ്പോൾ ചില മനുഷ്യരുടെ പ്രണയം പോലും. നമ്മുടെ ഉളളിലേക്കു തന്നെ നോക്കിയാൽ ഉത്തരം കിട്ടിയേക്കാം. സങ്കൽപ്പലോകത്താണ് സിനിമ. വേണമെങ്കിൽ കാഴ്ചക്കാരന് സ്വന്തം ലോകത്ത് ഇങ്ങനെ ചില കൽപ്പനകളെ തിരഞ്ഞുപിടിക്കുകയുമാകാം.

അഭയാർത്ഥി തൊഴിലാളികളുടെ ദുതിതജീവിതം പറയുന്ന കൺവീനിയൻസ് സ്റ്റോർ എന്ന സിനിമ, ചലച്ചിത്ര മേളനടക്കുന്ന കേരളം പോലൊരു ഇടത്തിലെ നിത്യക്കാഴ്ചകളുമായി ചേരുന്നതാണ്. കേരളത്തിൽ ധാരാളം ഇതരസംസ്ഥാനക്കാരായ അതിഥിത്തൊഴിലാളികളുണ്ട്. മധ്യേഷ്യൻ രാജ്യങ്ങളിലും പാശ്ചാത്യരാജ്യങ്ങളിലും ജോലിക്കായി കുടിയേറിയ മലയാളിക്ക് സ്വന്തം ജീവിതത്തോടു ചേർത്ത് ഈ കാഴ്ചകളെ വായിക്കാം. 

പ്രണയത്തിലും ലൈംഗികതയിലുമുളള തെറ്റും ശരിയും തിരഞ്ഞുപോകുന്നവരോട് സംസാരിക്കുന്ന 99 മൂൺസ്. പ്രണയം ശരിയും ലൈംഗികത തെറ്റുമാണെന്ന് സിനിമ പറയുന്നില്ല. അല്ലെന്നും പറയുന്നില്ല. ലൈംഗിതകയ്ക്കായി പ്രണയമോ, പ്രണയത്തിനായി ലൈംഗികതയോ. ഒക്കെയും കാഴ്ചക്കാരന് തീരുമാനിക്കാം. എല്ലാം പ്രകൃതിയുടെ ഭാഗമാണെന്നും ചിന്തിക്കാം. അതെന്തുതന്നെ ആയാലും ചർച്ചകൾക്ക് വഴിയൊരുക്കുക, മറുചോദ്യങ്ങൾക്കായി കാത് തുറന്നുവയ്ക്കുക തുടങ്ങിയ ഒഴിവാക്കാനാകാത്ത ഉത്തരവാദിത്തങ്ങൾ സിനിമ നിറവേറ്റുന്നുണ്ട്. 

അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ എണ്ണം പറഞ്ഞ 14 സിനിമകൾ പ്രദർശിപ്പിക്കുന്നു. പുരോഗമിച്ചുകൊണ്ടിരിക്കുന്ന പല സമൂഹങ്ങളിലും ഇന്നും വെറുക്കപ്പെട്ട വിഭാഗമായി തുടരുന്ന ട്രാൻസ് തുടങ്ങിയ ലൈംഗിക ന്യൂനപക്ഷങ്ങളുടെ ജീവിതം നേരിടുന്ന പ്രതിസന്ധികൾ പ്രമേയമാക്കിയ എ പ്ലേസ് ഒഫ് ഔവർ ഓൺ മുതൽ സ്വവർഗ്ഗാനുരാഗിയുടെ നിലനിൽപ്പിനുളള പോരാട്ടം പറയുന്ന കൺസേൺഡ് സിറ്റിസൻ വരെ അതിലുണ്ട്. നുണകൊണ്ട് കെട്ടിപ്പൊക്കിയ സദാചാരത്തിൻ്റെ മതിൽ പൊളിക്കാൻ ഒറ്റയ്ക്ക് ഇറങ്ങിപ്പുറപ്പെട്ട രശ്മിയുടെ കഥ പറയുന്ന അറിയിപ്പ് സമൂഹത്തിന് മുന്നറിയിപ്പാണ്. ഹൂപ്പേ, മെമ്മറിലാൻഡ്, തുടങ്ങിയ മികച്ച ചിത്രങ്ങൾ. കാൽപ്പനികമായ, വിഭ്രാന്തമായ ഒരുച്ച മയക്കം സമ്മാനിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻ പകൽ നേരത്ത് മയക്കം തുടങ്ങിയവയും.

സിനിമ വളരുകയാണ്. കാലദേശഭേദങ്ങൾ കടന്ന്. മലയാള സിനിമകൾക്ക് അന്താരാഷ്ട്ര തലത്തിൽ കാഴ്ചക്കാരുണ്ടാകുന്നു. അന്താരാഷ്ട്ര സിനിമകൾക്ക് മലയാളികൾക്കിടയിലുളള പ്രിയം കൂടുന്നു. മികച്ച സിനിമകൾ കാണാൻ തീയേറ്ററിനു മുന്നിലെ മത്സരം വലുതാകുന്നു. ഭാഷയ്ക്കതീതമായി നമ്മളും സിനിമയ്ക്കൊപ്പം വളരുകയാണ്. കെട്ടുകൾ പൊട്ടിച്ചെറിയുന്നവൻ്റേതാണ് സിനിമ. അല്ലെങ്കിലും സിനിമ പോലൊരു കലയെ കാലത്തിലോ, ഭാഷയിലോ, ഭൂഖണ്ഡത്തിലോ കെട്ടിയിടേണ്ടതല്ലല്ലോ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News