മലയാളത്തിന്റെ പ്രിയപ്പെട്ട മോഹൻലാലിന് ഇന്ന് 62ാം പിറന്നാൾ. കൊച്ചു കുട്ടികൾക്ക് മുതൽ മുതർന്നവർക്ക് വരെ ഈ നടന വിസ്മയം ''ലാലേട്ടൻ'' ആണ്. തന്റെ അഭിനയത്തിലൂടെ നാല് തലമുറകളെ ചിരിപ്പിച്ചും കരയിപ്പിച്ചും രസിപ്പിച്ചും അവരുടെ ബാല്യവും കൗമാരവും യുവത്വവും സുന്ദരമാക്കിയ നടനാണ് മോഹൻലാൽ.
മഞ്ഞിൽ വിരിഞ്ഞ ഈ പൂവ് ഇന്നും ഓരോ സിനിമ ആസ്വാദകനെയും വിസ്മയിപ്പിച്ച് കൊണ്ടേയിരിക്കുകയാണ്. ഇന്ത്യൻ സിനിമയിലെ വിസ്മയങ്ങളുടെ അവസാനിക്കാത്ത ഖനിയെന്നാണ് ചിലർ മോഹൻലാലിനെ കുറിച്ച് വിശേഷിപ്പിക്കുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന ചിത്രത്തിൽ തുടങ്ങി ഇന്ന് 12ത് മാൻ എന്ന ചിത്രത്തിൽ എത്തി നിൽക്കുമ്പോൾ ആ സിനിമ ജീവിതം ഏവരെയും വിസ്മയിപ്പിക്കുന്നതാണ്. വില്ലനായും സഹനടനായും എല്ലാം പതിയെ പതിയെ മലയാളിയുടെ, സിനിമ ആസ്വാദകരുടെ ഹൃദയത്തിലേക്ക് ചേക്കേറി ഒടുവിൽ എല്ലാവരുടെയും പ്രിയപ്പെട്ട ലാലേട്ടനായി മാറുകയായിരുന്നു മോഹൻലാൽ.
വിവിധ വേഷപ്പകർച്ചകളിലൂടെ അഭിനയിച്ച് വിസ്മയിപ്പിക്കുകയായിരുന്നു മോഹൻലാൽ. നാട്ടിൻപുറത്തുകാരനായും അധോലോക നായകനായും കാമുകനായും, രാഷ്‍ട്രീയക്കാരനായും എല്ലാം നിറഞ്ഞ ആടി മോഹൻലാൽ. പ്രിയദര്‍ശന് ഒപ്പമുള്ള സിനിമകള്‍ മോഹൻലാലിന്‍റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിട്ടുണ്ട്. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ ഈ കൂട്ടുകെട്ടില്‍ മലയാളത്തില്‍ പിറന്നു. കൂടാതെ സിബി മലയില്‍, സത്യന്‍ അന്തിക്കാട്, തമ്പി കണ്ണന്താനം, ഐവി ശശി ഉള്‍പ്പെടെയുളള സംവിധായകരുടെ സിനിമകളിലൂടെയും മോഹൻലാൽ എന്ന നടൻ ശ്രദ്ധേയനായി.
കഥാപാത്രങ്ങൾക്ക് വേണ്ടി ഏത് വെല്ലുവിളിയും സ്വീകരിച്ചിരുന്നു മോഹൻലാൽ. അതിന് ഏറ്റവും വലിയ ഉദാഹരണമായിരുന്നു ഒടിയൻ എന്ന ചിത്രത്തിനായുള്ള അദ്ദേഹത്തിന്റെ മേക്കോവർ. അത് പോലെ വാനപ്രസ്ഥം എന്ന ചിത്രത്തിനായി ആ കഥാപാത്രത്തിന്റെ പൂർണതയ്ക്കായി അദ്ദേഹം കഥകളി പഠിച്ചു. ആക്ഷൻ രംഗങ്ങളിലായാലും ഡാൻസ് ചെയ്യുന്നതിനായാലും ഇപ്പോഴും മോഹൻലാൽ ഫ്ലെക്സിബിൾ ആണ്. കഥാപാത്രത്തിനായുള്ള മോഹൻലാലിന്റെ വേഷപ്പകർച്ചയെ കുറിച്ച് മിക്ക സംവിധായകരും പറഞ്ഞിട്ടുണ്ട്. അഭിനയകുലപതിയുടെ സംവിധായക മികവ് കൂടി കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. ബറോസിലൂടെ മറ്റൊരു ഇതിഹാസം കുറിക്കാനുള്ള തയാറെടുപ്പിലാണ് മോഹൻലാൽ എന്ന പ്രിയപ്പെട്ട ലാലേട്ടൻ...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...