വിപിൻദാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് - ബേസിൽ ജോസഫ് ചിത്രം 'ഗുരുവായൂരമ്പല നടയിൽ' ചിത്രീകരണം ആരംഭിച്ചു. ഗുരുവായൂർ ക്ഷേത്രത്തിൽ പൂജാ ചടങ്ങുകളോടെ ചിത്രത്തിന് തുടക്കമായി. പൃഥിരാജ് -ബേസിൽ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. ജയ ജയ ജയ ജയ ഹേക്ക് ശേഷം വിപിൻദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപു പ്രദീപാണ് ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഇ-4 എൻറർടെയിനറുമൊയൊന്നിച്ചാണ് പൃഥിരാജ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ''നിങ്ങൾക്കെല്ലാവർക്കും പുതുവത്സര ആശംസകൾ! ഒരു വർഷം മുൻപ് കേട്ടതിനാൽ ഓർക്കുമ്പോഴെല്ലാം എന്നെ ചിരിപ്പിക്കുന്ന കഥയാണിത്. കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് എഴുതി വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബഹുമുഖ പ്രതിഭ കൂടിയായ ബേസിൽ ജോസഫുമായി ഒരുമിക്കുകയാണ്. എന്റെ ദീർഘകാല അസോസിയേറ്റ്സായ ഇ4 എന്റർടെയ്ൻമെന്റുമായും കൈകോർക്കുന്നു''. എന്ന കുറിപ്പോടെയാണ് പൃഥ്വിരാജ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ചിരുന്നത്.
അതേസമയം, മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്റെ ചിത്രീകരണം ഈ വർഷം പകുതിയോടെ തുടങ്ങുമെന്നാണ് റിപ്പോർട്ട്. ചിത്രം 2024 പകുതിയോടെയാകും തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുകയെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ഓഗസ്റ്റിലാണ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
പാന്‍ വേള്‍ഡ് ചിത്രമായാണ് എമ്പുരാന്‍ ഒരുക്കാൻ നിർമാതാക്കൾ ഉദ്ദേശിക്കുന്നതെന്ന് മോഹൻലാൽ പറഞ്ഞിരുന്നു. എമ്പുരാന്‍ ലൂസിഫറിന്റെ രണ്ടാം ഭാഗമല്ല, മൂന്ന് ഭാഗങ്ങളുള്ള സീരീസിലെ രണ്ടാമത്തെ ചിത്രമാണെന്നാണ് തിരക്കഥാകൃത്ത് മുരളി ഗോപി പ്രതികരിച്ചത്. ചിത്രത്തിന്റെ നിർമാണ ചിലവ് ഔദ്യോഗികമായി നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബിഗ് ബജറ്റ് ചിത്രമായിരിക്കുമെന്നാണ് സൂചന. എമ്പുരാന്റെ തിരക്കഥ പൂർത്തിയായെന്നും ഇന്ത്യക്ക് പുറത്ത് വിവിധ ലൊക്കേഷനുകളിൽ ചിത്രീകരണമുണ്ടാവുമെന്നും പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...