Upcoming Malayalam Movies: 2018ന്റെ റെക്കോർഡുകൾ മറികടക്കാനാകുമോ ഇവർക്ക്? വരാനിരിക്കുന്ന വമ്പൻ മലയാള ചിത്രങ്ങൾ

കിം​ഗ് ഓഫ് കൊത്ത, അജയന്റെ രണ്ടാം മോഷണം, മലൈക്കോട്ടൈ വാലിബൻ തുടങ്ങി നിരവധി ചിത്രങ്ങളുടെ റിലീസിനായി വലിയ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുകയാണ്.

Written by - Zee Malayalam News Desk | Last Updated : Jun 9, 2023, 11:21 AM IST
  • മോഹൻലാൽ അഭിനയിച്ച ചിത്രങ്ങളാണ് മലയാളത്തിൽ വീണ്ടും ഒരു പുതിയ ബോക്സ് ഓഫീസ് റെക്കോർഡ് സ്ഥാപിക്കാനുള്ള ഓട്ടത്തിൽ മുന്നിൽ നിൽക്കുന്നത്.
  • എന്നാൽ ഇത്തവണ, ദുൽഖർ സൽമാനും ടൊവിനോയും മോഹൻലാലിനൊപ്പം തന്നെയുണ്ട്.
  • തിയേറ്ററുകളിൽ ആളുകളെ എത്തിക്കാൻ കഴിയുന്ന തരത്തിലുള്ള ജനപ്രീതിയുള്ള താരങ്ങളാണ് ഇരുവരും
Upcoming Malayalam Movies: 2018ന്റെ റെക്കോർഡുകൾ മറികടക്കാനാകുമോ ഇവർക്ക്? വരാനിരിക്കുന്ന വമ്പൻ മലയാള ചിത്രങ്ങൾ

കേരളം നേരിട്ട മഹാപ്രളയം 2018 എന്ന പേരിൽ ജൂഡ് ആന്റണി ബി​ഗ് സ്ക്രീനിൽ എത്തിച്ചപ്പോൾ ഇത്രയും വലിയ ഹിറ്റ് ആരും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. മേക്കിം​ഗ് തന്നെയാണ് ഈ ചിത്രത്തെ പ്രേക്ഷകരിലേക്ക് അടുപ്പിച്ചത്. തിയേറ്ററിൽ ചിത്രം കണ്ട ഓരോ പ്രേക്ഷകന്റെയും കണ്ണ് ഒന്ന് നിറഞ്ഞിരിക്കും. ഇപ്പോഴിതാ ചിത്രം ആ​ഗോളതലത്തിൽ 200 കോടി ബിസിനസ് നേടിയിരിക്കുകയാണ്. മെയ് 5ന് തിയേറ്ററുകളിലെത്തിയ ചിത്രം രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ 100 കോടി ക്ലബിൽ കയറിയിരുന്നു. മോഹൻലാലിന്റെ പുലിമുരുകൻ സൃഷ്ടിച്ച റെക്കോർഡും 2018 തകർത്തിരുന്നു. ഇപ്പോൾ ഒടിടിയിലും ചിത്രം സ്ട്രീമിങ് തുടങ്ങി. സോണി ലിവിലാണ് 2018 സ്ട്രീം ചെയ്യുന്നത്. 

റെക്കോർഡുകൾ തകർക്കാനുള്ളത് തന്നെയാണ്. ആ പ്രതീക്ഷയിലാണ് ഓരോ ചിത്രങ്ങളും പുറത്തിറങ്ങുന്നത്. ചിലത് വിജയിക്കും, എന്നാൽ മറ്റു ചിലത് പ്രതീക്ഷിച്ച വിജയം സ്വന്തമാക്കിയെന്നും വരില്ല. മോഹൻലാൽ അഭിനയിച്ച ചിത്രങ്ങളാണ് മലയാളത്തിൽ വീണ്ടും ഒരു പുതിയ ബോക്സ് ഓഫീസ് റെക്കോർഡ് സ്ഥാപിക്കാനുള്ള ഓട്ടത്തിൽ മുന്നിൽ നിൽക്കുന്നത്. എന്നാൽ ഇത്തവണ, ദുൽഖർ സൽമാനും ടൊവിനോയും മോഹൻലാലിനൊപ്പം തന്നെയുണ്ട്. തിയേറ്ററുകളിൽ ആളുകളെ എത്തിക്കാൻ കഴിയുന്ന തരത്തിലുള്ള ജനപ്രീതിയുള്ള താരങ്ങളാണ് ഇരുവരും. 2018ന്റെ റെക്കോർഡുകളെ മറികടക്കാൻ വമ്പൻ മലയാള ചിത്രങ്ങളാണ് എത്തുന്നത്. 

കിം​ഗ് ഓഫ് കൊത്ത മുതൽ എമ്പുരാൻ വരെ നിരവധി ചിത്രങ്ങൾക്കായി കാത്തിരിക്കുന്ന ഒരു വലിയ ആരാധകവൃന്ദം തന്നെയുണ്ട്. 

കിം​ഗ് ഓഫ് കൊത്ത - 100 കോടിയിലധികം ബിസിനസ് നേടിയ കുറുപ്പ് എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ഒരുങ്ങുന്ന ദുൽഖർ സൽമാന്റെ പിരീഡ് ഗ്യാങ്സ്റ്റർ ആക്ഷൻ ചിത്രമാണ് കിം​ഗ് ഓഫ് കൊത്ത. നാളുകൾക്ക് ശേഷം താരം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ദുൽഖർ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. അഭിലാഷ് ജോഷിയാണ് ചിത്രത്തിന്റെ സംവിധായകൻ. ​ഗോകുൽ സുരേഷും ഐശ്വര്യ ലക്ഷ്മിയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 'മാസ്' പ്രേക്ഷകരെ ആകർഷിക്കുന്ന ഒരു കഥയായിരിക്കും കിം​ഗ് ഓഫ് കൊത്തയുടേത്. 

ബറോസ് - മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. 3ഡി ചിത്രമായിരിക്കും ബറോസ്. 3ഡി ചിത്രമായതിനാൽ തന്നെ കുട്ടികളെയും കുടുംബ പ്രേക്ഷകരെയും തിയേറ്ററിലേക്കെത്തിക്കാൻ ചിത്രത്തിന് സാധിച്ചേക്കും. ദൃശ്യങ്ങളുടെയും വിഎഫ്‌എക്‌സിന്റെയും കാര്യത്തിൽ സിനിമ അന്താരാഷ്ട്ര നിലവാരം പുലർത്തുന്നുവെന്ന് അണിയറക്കാർ ഉറപ്പാക്കുന്നുണ്ട്. കേരളത്തിന് പുറത്ത് നിന്നും വിദേശത്തു നിന്നുമുള്ള അഭിനേതാക്കളും അണിയറപ്രവർത്തകരും ഈ ചിത്രത്തിലുണ്ട്. ഗ്രാവിറ്റി ഇല്യൂഷൻ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുകൊണ്ടായിരുന്നു ഷൂട്ടിം​ഗ്. വാസ്ഗോഡ ഗാമയുടെ നിധി കാക്കുന്ന ഭൂതത്താൻ ബാറോസായിട്ട് തന്നൊണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. ഗോവയിലാണ് പ്രധാനമായും സിനിമയുടെ ചിത്രീകരണം. ജിജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കിയാണ് ചിത്രം നിർമിക്കുന്നത്. പ്രമുഖ ഛായഗ്രഹകൻ സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. 16-കാരനായ ലിഡിയൻ നാദസ്വരമാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. 

ALso Read: Nayanthara - Vignesh Shivan: വിവാഹ വാർഷിക ദിനത്തിൽ മക്കളെ മാറോട് ചേർത്ത് നയൻതാര - ചിത്രങ്ങളുമായി വിഘ്നേഷ്

 

റാം - 12ത് മാൻ എന്ന ചിത്രത്തിന് ശേഷം ജീത്തു ജോസഫും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് റാം. ഒരു ആക്ഷൻ ത്രില്ലറായ റാം, യുകെ, ടുണീഷ്യ, മൊറോക്കോ എന്നിവിടങ്ങളിലൊക്കെയാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. അന്താരാഷ്‌ട്ര സ്റ്റണ്ട് സംവിധായകർ കൊറിയോഗ്രാഫി ചെയ്ത ആക്ഷൻ രംഗങ്ങൾ ചിത്രത്തിലുണ്ട്. രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യാനുള്ള പദ്ധതിയാണ് നിർമ്മാതാക്കൾക്ക്.

മലൈക്കോട്ടൈ വാലിബൻ - മോഹൻലാലിന്റെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന മലൈക്കോട്ടൈ വാലിബനായി കാത്തിരിക്കുകയാണ് ഓരോ പ്രേക്ഷകനും. ഇതിനോടകം തന്നെ ചിത്രത്തിന് അത്രയേറെ ഹൈപ്പ് ലഭിച്ചിട്ടുണ്ട്. ചിത്രത്തിൽ മോഹൻലാൽ ഡബിൾ റോളിലെത്തുന്നു എന്ന തരത്തിൽ അഠുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു. സിക്കുകാരനായ ​ഗുസ്തിക്കാരനായിട്ടാണ് ഒരു വേഷം. ബി​ഗ് ബജറ്റ് ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. കന്നഡ, മറാത്തി, ബം​ഗാളി, തമിഴ് സിനിമയിൽ നിന്നുള്ള താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 

അജയന്റെ രണ്ടാം മോഷണം - പൂർണമായും 3ഡിയിൽ ഒരുങ്ങുന്ന ടൊവിനോ തോമസ് ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. മലയാളത്തിൽ വലിയ ഹിറ്റ് സമ്മാനിക്കാൻ കഴിയുന്ന നടൻ എന്ന നിലയിലേക്ക് ടൊവിനോ ഉയർന്നു കഴിഞ്ഞു. ട്രിപ്പിൾ റോളിലാണ് ടൊവിനോ ഈ ചിത്രത്തിലെത്തുന്നത്. 1910, 1950, 1990 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് അജയന്റെ രണ്ടാം മോഷണം. നാടോടി കഥകളും വിനോദവും ഇടകലർത്തി, ജിതിൻ ലാൽ സംവിധാനം ചെയ്ത്, തെലുങ്ക് നടി കൃതി ഷെട്ടിയും തമിഴ് താരം ഐശ്വര്യ രാജേഷും അഭിനയിക്കുന്ന ചിത്രം ആക്ഷനും പ്രണയവും വിനോദവും വാഗ്ദാനം ചെയ്യുന്നു. പാൻ ഇന്ത്യൻ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. 

എമ്പുരാൻ - മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫർ. ചിത്രത്തിന്റെ രണ്ടാം ഭാ​ഗമാണ് എമ്പുരാൻ. വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് ഉടൻ തുടങ്ങും. ഹോംബാലെ ഫിലിംസും ചിത്രത്തിന്റെ നിർമ്മാണത്തിന്റെ ഭാ​ഗമായേക്കും. നിരവധി രാജ്യങ്ങളിൽ ലൊക്കേഷനുകളുള്ള ചിത്രത്തിൽ നിരവധി താരങ്ങളും കഥാപാത്രങ്ങളാകുന്നു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News