Dunki Movie Review in Malayalam: പഠാൻ, ജവാൻ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്കുശേഷം ഈ വർഷം ഷാരൂഖിന്റെ മൂന്നാമത്തെ ചിത്രമാണ് ഡങ്കി. തന്റെ ചിത്രങ്ങളിലൂടെ എന്നും പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള രാജ്കുമാർ ഹിരാനിക്കൊപ്പമാണ് ഷാരൂഖിന്റെ മൂന്നാം വരവ്. ആദ്യമായാണ് ഹിരാനി കിംഗ് ഖാനൊപ്പം ഒന്നിക്കുന്നത്. മുന്നാഭായി എം.ബി.ബി.എസ് , 3 ഇഡിയറ്റ്സ് എന്നീ ചിത്രങ്ങൾക്കുവേണ്ടി ആദ്യം പരിഗണിച്ചിരുന്ന നായകൻ ഷാരൂഖ് ആയിരുന്നെങ്കിലും എന്തൊക്കെയോ കാരണത്താൽ അതു നടന്നില്ല.
എന്നാൽ രാജ്കുമാർ ഹിരാനിയുടെ ആദ്യ ചിത്രം പുറത്തിറങ്ങി 20 വർഷങ്ങൾക്കു ശേഷം ബോളിവുഡ് പ്രേക്ഷകരുടെ സ്വപ്ന കോംബോ ഡങ്കിയിലൂടെ യാധാർത്ഥ്യമായി. അനധികൃത കുടിയേറ്റക്കാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന ചിത്രം കാഴ്ചക്കാരെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിക്കുകയും കരയിക്കുകയും ചെയ്യുന്നതാണ്. ഷാരൂഖ് ഖാനൊപ്പം തപ്സീ പന്നു, ബോബൻ ഇറാനി, വിക്കി കൗശാൽ തുടങ്ങിയ പ്രമുഖ താരങ്ങളും ഡങ്കിയിൽ അണി നിരക്കുന്നുണ്ട്.
രാജ്കുമാർ ഹിരാനി ചിത്രങ്ങളുടെ ഏറ്റവും വലിയ പ്രത്യേകതയാണ് കഥാപാത്രങ്ങളോട് പ്രേക്ഷകർക്ക് തോന്നുന്ന ഇമോഷണൽ കണക്ടിവിറ്റി. PK എന്ന ചിത്രത്തിൽ ഒരു അന്യഗ്രഹ ജീവിയോടു പോലും സ്നേഹം തോന്നുന്ന വിധമായിരുന്നു അദ്ദേഹത്തിന്റെ തിരക്കഥ. എന്നാൽ ഡങ്കിയിൽ ആ കാര്യത്തിൽ ഹിരാനി ഏറെക്കുറെ പരാജയപ്പെട്ടു. വൈകാരികമായ നിരവധി രംഗങ്ങൾ ഉണ്ടായിട്ടും അതൊന്നും പ്രേക്ഷകരുടെ കണ്ണു നനയിക്കുന്നില്ല. ചിത്രത്തിന്റെ ട്രയിലർ കണ്ട ഏതൊരാൾക്കും പ്രവചിക്കാവുന്ന രീതിയിലാണ് ചിത്രത്തിന്റെ ആദ്യ പകുതിയിലെ കഥ മുന്നോട്ടുപോകുന്നത്.
ഇംഗ്ലീഷ് സംസാരിക്കാൻ തപ്പിത്തടയുന്നതുകാരണം ഉണ്ടാകുന്ന തമാശകൾ ഇന്ത്യൻ സിനിമയിൽ പല തവണ ഉപയോഗിച്ച് പഴകിയതാണ്. എന്നാൽ അവതരണത്തിലെ വ്യത്യസ്തത കൊണ്ട് ഡങ്കിയിലെ പല രംഗങ്ങളും തീയറ്ററിൽ കൂട്ടച്ചിരി ഉയർത്തുന്നുണ്ട്. നായക കഥാപാത്രമായ ഹാർഡിയെ ഷാരൂഖ് ഖാൻ ഗംഭീരമായി കൈകാര്യം ചെയ്തു. നർമ്മ രംഗങ്ങൾ കൈകാര്യം ചെയ്യുന്നതിലെ അദ്ദേഹത്തിന്റെ കഴിവ് ഡങ്കിയിലും നമുക്ക് കാണാൻ സാധിക്കും. പ്രണയ രംഗങ്ങളിലുൾപ്പെടെ നായികയായ മന്നുവിന്റെ കഥാപാത്രം ചെയ്ത തപ്സീ പന്നുവും തിളങ്ങി. കുറച്ചു രംഗങ്ങളേ ഉള്ളൂ എങ്കിലും സുഖി എന്ന വിക്കി കൗശാലിന്റെ കഥാപാത്രവും പ്രേക്ഷക പ്രീതി പിടിച്ചു പറ്റി.
ആദ്യ പകുതി രണ്ടാമത്തെ ഗിയറിലാണ് പൊയ്ക്കൊണ്ടിരുന്നതെങ്കിൽ രണ്ടാം പകുതിയിൽ അഞ്ചാമത്തെ ഗിയറിട്ട അവസ്ഥയായിരുന്നു ചിത്രത്തിന്. ഡങ്കി റൂട്ടുവഴി അതിർത്തി കടക്കാൻ ശ്രമിക്കുന്ന കുടിയേറ്റക്കാര്‍ക്ക് അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങൾ, വിദേശത്ത് അവർക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികൾ, ഭയന്നുള്ള ജീവിതം ഉൾപ്പെടെ രണ്ടാം പകുതിയിൽ ചിത്രം ചർച്ച ചെയ്യുന്നു. ആദ്യ പകുതിയിൽ തോന്നിയ പോരായ്മകളെ കവച്ചുവയ്ക്കുന്ന രീതിയിൽ തിരക്കഥ രണ്ടാം പകുതിയിലെത്തിയപ്പോൾ ശക്തിപ്പെടുന്നുണ്ട്. വിസയില്ലാതെ അനധികൃതമായി യൂറോപ്പിലെത്താൻ സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ കടന്നുപോകുന്ന വഴികൾ പ്രേക്ഷകരുടെ കണ്ണു നനയിക്കുന്നതാണ്.
പഠാൻ, ജവാൻ എന്നീ ചിത്രങ്ങൾ ഷാരൂഖ് എന്ന താരത്തിന്റെ ശക്തി പ്രേക്ഷകർക്കു മുന്നിൽ കാണിച്ചു തന്നപ്പോൾ ഡങ്കി അദ്ദേഹത്തിലെ നടനെ വർഷങ്ങൾക്കു ശേഷം വെള്ളിത്തിരയിലെത്തിച്ചു. ചിത്രത്തിന്റെ ക്ലൈമാക്സിലുൾപ്പെടെയുള്ള വൈകാരിക രംഗങ്ങൾ ഷാരൂഖ് മികച്ച രീതിയിൽ അവതരിപ്പിച്ചു.
ഹാർഡി - മന്നു എന്നീ പ്രധാന കഥാപാത്രങ്ങൾക്കിടയിലെ പ്രണയം, കാത്തിരിപ്പ്, ത്യാഗം എന്നിവ ചിത്രം അവസാനിച്ചാലും പ്രേക്ഷകരുടെ മനസ്സിൽ തങ്ങി നിൽക്കുന്നതാണ്. അമാനുഷികമായ രംഗങ്ങൾ ഒന്നുമില്ലാതെ തന്നെ രാജ്കുമാർ ഹിരാനി സമ്മാനിച്ച ചെറിയൊരു മാസ്സ് രംഗവും തീയറ്ററിനെ ഇളക്കി മറിച്ചു. ഹിരാനിയുടെ മറ്റു ചിത്രങ്ങളെപ്പോലെ നല്ലൊരു സന്ദേശവും ഡങ്കി നൽകുന്നുണ്ട്. ചിത്രത്തിന്റെ അവസാനം കാണിച്ചിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ യധാർത്ഥ ചിത്രങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ ഒരു വിങ്ങലായി തന്നെ ശേഷിക്കും...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.