Sathyan Anthikad: "മൂർച്ചയുള്ള സംഭാഷണങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും ഇനിയുമുണ്ടാകും. പവിഴമല്ലി വീണ്ടും പൂത്തുലയും" - ശ്രീനിവാസനെ കുറിച്ച് സത്യൻ അന്തിക്കാട്

ശ്രീനിവാസൻ പഴയ ശ്രീനിവാസൻ ആയി മാറിയിരിക്കുകയാണെന്നാണ് അദ്ദേഹത്തെ ലൊക്കേഷനിൽ പോയി കണ്ട ശേഷം സത്യൻ അന്തിക്കാട് പറഞ്ഞത്.

Written by - Zee Malayalam News Desk | Last Updated : Nov 30, 2022, 02:29 PM IST
  • രോ​ഗമെല്ലാം ഭേദമായി മകൻ വിനീത് ശ്രീനിവാസനൊപ്പം താരം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുകയാണ്.
  • മലയാളിക്ക്, മലയാള സിനിമയ്ക്ക് ശ്രീനിവാസൻ നൽകിയ സംഭാവനകൾ ഒരിക്കലും മറക്കാനാകാത്തതാണ്.
  • തന്റെ ഓരോ സിനിമയും അത്രത്തോളം പ്രേക്ഷക മനസിലേക്ക് എത്തിക്കാൻ സാധിച്ച തിരക്കഥാകൃത്തുക്കളിലൊരാണ് അദ്ദേഹം.
Sathyan Anthikad: "മൂർച്ചയുള്ള സംഭാഷണങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും ഇനിയുമുണ്ടാകും. പവിഴമല്ലി വീണ്ടും പൂത്തുലയും" - ശ്രീനിവാസനെ കുറിച്ച് സത്യൻ അന്തിക്കാട്

ശ്രീനിവാസൻ എന്ന നടനെ വീണ്ടും വെള്ളിത്തിരയിൽ കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. രോ​ഗമെല്ലാം ഭേദമായി മകൻ വിനീത് ശ്രീനിവാസനൊപ്പം താരം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. മലയാളിക്ക്, മലയാള സിനിമയ്ക്ക് ശ്രീനിവാസൻ നൽകിയ സംഭാവനകൾ ഒരിക്കലും മറക്കാനാകാത്തതാണ്. തന്റെ ഓരോ സിനിമയും അത്രത്തോളം പ്രേക്ഷക മനസിലേക്ക് എത്തിക്കാൻ സാധിച്ച തിരക്കഥാകൃത്തുക്കളിലൊരാണ് അദ്ദേഹം. എന്തും വെട്ടിത്തുറന്ന് പറയാൻ ശ്രീനിവാസന് മടിയില്ലായിരുന്നു. അദ്ദേഹത്തിന്റെ എഴുത്തുകളിലും അഥ് പ്രകടമായിരുന്നു എന്ന് തന്നെ പറയാം. ഹാസ്യം ഇത്ര രസകരമായി കൈകാര്യം ചെയ്യാൻ അറിയുന്ന ഒരാൾ, എന്നാൽ കൊള്ളേണ്ടത് കൊള്ളിക്കാനും ശ്രീനിവാസന് അറിയാമായിരുന്നു.

വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് ശ്രീനിവാസൻ എത്തുമ്പോൾ അദ്ദേഹത്തെ കുറിച്ച് വാചാലനാകുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്. ശ്രീനിവാസന്റെ മൂർച്ചയുള്ള സംഭാഷണങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും ഇനിയുമുണ്ടാകുമെന്നാണ് സത്യൻ അന്ത്യക്കാട് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. പുതിയ സിനിമയുടെ സെറ്റിൽ പോയതും പഴയ ശ്രീനിയെ വീണ്ടും കാണാൻ സാധിച്ചുവെന്നുമൊക്കെ അദ്ദേഹം കുറിച്ചു.  

സത്യൻ അന്തക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റ്: 

''മഴവിൽ മനോരമയുടെ പുരസ്കാരം സ്വീകരിച്ചുകൊണ്ട് നിറഞ്ഞ സദസ്സിനോട് ശ്രീനിവാസൻ പറഞ്ഞു-
"ഞാൻ രോഗശയ്യയിലായിരുന്നു.
അല്ല, രോഗിയായ ഞാൻ ശയ്യയിലായിരുന്നു."
ഉറവ വറ്റാത്ത നർമ്മത്തിന്റെ ഉടമയെ ചേർത്തു പിടിച്ച് ഞാൻ പറഞ്ഞു,
"ശ്രീനിവാസന്റെ മൂർച്ചയുള്ള സംഭാഷണങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും ഇനിയുമുണ്ടാകും. പവിഴമല്ലി വീണ്ടും പൂത്തുലയും"
പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ അതു സംഭവിക്കുന്നു. 
രണ്ടു ദിവസം മുമ്പ് ശ്രീനി അഭിനയിക്കുന്ന'കുറുക്കൻ' എന്ന സിനിമയുടെ സെറ്റിൽ ഞാൻ പോയി. ശ്രീനി പഴയ ശ്രീനിയായി മാറി;എല്ലാ അർത്ഥത്തിലും.
നന്ദി പറയേണ്ടത് പുതിയ സിനിമയുടെ ശിൽപികളോടും വിനീതിനോടും ഒരു നിമിഷംപോലും അരികിൽനിന്നു മാറി നിൽക്കാത്ത ശ്രീനിയുടെ സ്വന്തം വിമലയോടുമാണ്.
സ്നേഹമുള്ളവരുടെ പ്രാർത്ഥനകൾക്ക് ഫലമുണ്ടാകുമെന്ന് ഇനി വിശ്വസിച്ചേ പറ്റു.''

അടുത്തിടെ മഴവിൽ മനോരമയിൽ താരസംഘടനയായ അമ്മയുടെ പരിപാടിയിൽ ശ്രീനിവാസൻ പങ്കെടുത്തിരുന്നു. ആ വേദിയിൽ വെച്ച് മോഹൻലാൽ ശ്രീനിനവാസന് ഉമ്മ നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഒപ്പം സത്യൻ അന്തിക്കാടും ഉണ്ടായിരുന്നു. പഴയ ആ ദാസന്റെയും വിജയന്റെയും ഓർമ്മപ്പെടുത്തലായിരുന്നു അത്. മലയാളത്തിൽ ഹിറ്റ് കോമഡി കോംബോ എന്ന പറയുമ്പോൾ എല്ലാവരുടെയും മനസ്സിൽ ഒരേപോലെ വരുന്നത് മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ട് തന്നെയാണ്. നാടോടിക്കാറ്റ് സിനിമയിൽ ഇരുവരും ചെയ്ത ദാസനെയും വിജയനെയും അറിയാത്ത മലയാളികൾ ഇല്ല. പിന്നീട് നിർമ്മാതാവ് വിശാഖിന്റെ വിവാഹത്തിനും ശ്രീനിവാസൻ പങ്കെടുത്തിരുന്നു. 

Also Read: വിജയനെ മുത്തം നൽകി സ്വീകരിച്ച് ദാസൻ; ഒപ്പം സത്യൻ അന്തിക്കാടും

കുറുക്കൻ എന്ന ചിത്രത്തിലാണ് ശ്രീനിവാസൻ വിനീത് ശ്രീനിവാസനൊപ്പം അഭിനയിക്കുന്നത്. ജയലാൽ ദിവാകരനാണ് ചിത്രത്തിന്റെ സംവിധായകൻ. മനോജ് റാം സിങ്ങാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിബു ജേക്കബ്ബാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. 'കുറുക്കനി'ല്‍ ഷൈൻ ടോം ചാക്കോ, സുധീർ കരമന, മാളവികാ മേനോൻ, അൻസിബാ ഹസ്സൻ, ഗൗരി നന്ദ, ശ്രീകാന്ത് മുരളി, അശ്വത് ലാൽ, ജോജി, ജോൺ, ബാലാജി ശർമ്മ, കൃഷ്‍ണൻ ബാലകൃഷ്‍ണൻ, അസീസ് നെടുമങ്ങാട് നന്ദൻ, ഉണ്ണി അഞ്ജലി സത്യനാഥ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വർണ്ണചിത്രയുടെ ബാനറിൽ മഹാസുബൈർ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. മനു മഞ്ജിത്തിന്റെ വരികൾക്ക് ഉണ്ണി ഇളയരാജ സം​ഗീതം നൽകുന്നു. അബിൻ എടവനക്കാടാണ് ചിത്രത്തിന്റെ  പ്രൊഡക്ഷൻ എക്സിക്യട്ടീവ്. രഞ്ജൻ ഏബ്രഹാമാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News