Devadoothar Paadi Trending Song: കുഞ്ചാക്കോ ബോബനിലൂടെ വീണ്ടും മലയാളക്കരയിൽ ഹിറ്റ് ആയിരിക്കുകയാണ് കാതോട് കാതോരം എന്ന ചിത്രത്തിലെ ദേവദൂതർ പാടി എന്ന ഗാനം. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലൂടെയാണ് ഈ ഗാനം വീണ്ടും ഹിറ്റ് ആകുന്നത്. പാട്ടിന് ചാക്കോച്ചന്റെ ഗംഭീര ഡാൻസ് കൂടിയായപ്പോൾ യൂട്യൂബിൽ ട്രെൻഡിങ് ആണ് ഇപ്പോൾ ഈ വീഡിയോ. ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ ഇതിനോടകം കണ്ടത്. ഗാനം വീണ്ടും തരംഗമായിക്കൊണ്ടിരിക്കുമ്പോൾ ഈ ഗാനത്തിലൊരു സ്വരസാന്നിധ്യമായിരുന്ന ലതിക എന്ന ഗായിക ചെറിയ പരാതിയുമായി രംഗത്തെത്തിയിരുന്നു.
കാതോട് കാതോരം എന്ന ചിത്രം സംവിധാനം ചെയ്തത് ഭരതൻ ആണ്. ഭരതനെയും ആ ഗാനം യഥാർത്ഥത്തിൽ പാടിയവരെ കുറിച്ചും എവിടെയും ഒരു പരാമർശം പോലും ഉണ്ടായില്ല എന്നതായിരുന്നു ലതികയുടെ പരാതി. ഗാനം വീണ്ടും രംഗമായി മാറുമ്പോൾ ഭരതേട്ടന്റെ പേര് എങ്ങും പരാമർശിക്കപ്പെടുന്നില്ല എന്നത് വിഷമകരമാണെന്നായിരുന്നു ലതിക ഒരു അഭിമുഖത്തിൽ പറഞ്ഞത്. യേശുദാസ്, കൃഷ്ണ ചന്ദ്രൻ, ലതിക എന്നിവർ ചേർന്നാണ് ദേവദൂതർ പാടി എന്ന ഗാനത്തിന്റെ ഒറിജിനൽ വേർഷൻ പാടിയത്. ഔസേപ്പച്ചനായിരുന്നു സംഗീത സംവിധാനം നിർവഹിച്ചത്.
Also Read: 'ദേവദൂതർ പാടി'; ആടി തിമിർത്ത് ചാക്കോച്ചൻ; 'ന്നാ താൻ കേസ് കൊട്' സിനിമയിലെ വീഡിയോ ഗാനം
ഈ ഗാനത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ഒന്നിച്ച് കൊണ്ട് വരികയാണ് സീ മലയാളം ന്യൂസ്. കൃഷ്ണ ചന്ദ്രൻ, ലതിക, ഒസേപ്പച്ചൻ എന്നിവരാണ് സീ മലയാളം ന്യൂസിൽ ദേവദൂതർ പാട്ടിനെ കുറിച്ച് പ്രതികരിച്ചത്. ലതികയുടെ പരാതിയെ കുറിച്ച് പറഞ്ഞപ്പോൾ ഔസേപ്പച്ചൻ നൽകിയ മറുപടി തന്നോട് അവർ ഇതിനെ കുറിച്ച് ഒരു വാക്ക് പോലും പറഞ്ഞില്ല എന്നാണ്.
ഔസേപ്പച്ചന്റെ മറുപടി ഇങ്ങനെ...
''ഈ ഗാനത്തിന്റെ വീഡിയോ വന്നപ്പോൾ ചാക്കോച്ചന്റെ ഡാൻസ് കണ്ട് ഞാൻ കണ്ണ് തള്ളി. പക്ഷേ ഇന്ന് ലതികയ്ക്ക് ഉണ്ടായതിനേക്കാൾ പത്തിരട്ടി വിഷമം എനിക്കുണ്ടായി. എന്നോട് ഒരു വാക്ക് പോലും അവർ പറഞ്ഞില്ല. എനിക്ക് അറിയാം നമ്മുടെ അനുവാദം വേണ്ട, ഇതിന്റെ റോയൽറ്റി എടുക്കുന്നത് ഇത് റിലീസ് ചെയ്ത ഏതെങ്കിലും ഒരു കമ്പനിയുടെ കയ്യിൽ നിന്നാകാം. പക്ഷേ ചാക്കോച്ചനോട് ഞാൻ വിളിച്ച് ചോദിച്ചു എന്ത് പരിപാടിയാണ് കാണിച്ചതെന്ന്. പക്ഷേ അവൻ അതിന് സോറി പറഞ്ഞു. ചാക്കോച്ചനോട് ഡാൻസ് നന്നായിട്ടുണ്ടെന്ന് പറയുകയും ചെയ്തു. ഇക്കാര്യം എന്റെ ഫേസ്ബുക്കിലും ഇട്ടു.
പിന്നെ രണ്ട് മൂന്ന് ദിവസം കഴിഞ്ഞ് എനിക്ക് ഈ വീഡിയോ അയച്ച് തന്ന പയ്യനാണ് പറഞ്ഞത് ഇതിൽ യേശു ദാസിന്റെ പേര് മാത്രമെ എഴുതിയിട്ടുള്ളൂ. ഈ പാട്ട് പാടിയിരിക്കുന്നത് കൃഷ്ണ ചന്ദ്രനും, ലതികയും, പിന്നെ രാധികയും കൂടി ചേർന്നാണെന്ന്. എന്റെ ഒരു ഇന്റർവ്യൂവിലും ഈ ഗാനത്തിന്റെ യഥാർത്ഥ ഗായകരെ കുറിച്ച് ഞാൻ പറഞ്ഞില്ല. കാരണം ഈ പാട്ടിൽ ഞാൻ പ്രസക്തി കണ്ടത് ഇതിന്റെ പിന്നിൽ എന്റെ കൂടെ വളരെ സഹകരിച്ച് പ്രവർത്തിച്ച കുറച്ച് മ്യുസിഷ്യൻസിനാണ്. അതിലൊരാൾ എന്റെ ആത്മാർഥ സുഹൃത്ത് ജോൺ ആന്റണി ആണ്. അദ്ദേഹം മരിച്ച് പോയി. അതിനൊപ്പം എആർ റഹ്മാന്റെയും, ശിവമണിയുടെയും പേരുകൾ പറഞ്ഞു. ഇതാണ് സംഭവിച്ചത്. ''
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...