CODA Movie Review : ഈ സിനിമക്ക് ഓസ്കാർ കിട്ടിയില്ലെങ്കിലേ അതിശയം ഉള്ളൂ; 'കോട' സിനിമ റിവ്യൂ

CODA Movie ഭിന്നശേഷിയുള്ള ഈ കുടുബത്തിലെ ഏക ആശ്രയമായ റൂബി, അവളുടെ പാട്ടുകാരിയാകാനുള്ള ആഗ്രഹവുമായി മുന്നോട്ട് പോകുമ്പോൾ, അവൾക്കും വീട്ടുകാർക്കുമിടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ് കോട എന്ന ചിത്രത്തിന്‍റെ പ്രമേയം.

Written by - Ajay Sudha Biju | Last Updated : Apr 6, 2022, 09:34 PM IST
  • ഭിന്നശേഷിയുള്ള ഈ കുടുബത്തിലെ ഏക ആശ്രയമായ റൂബി, അവളുടെ പാട്ടുകാരിയാകാനുള്ള ആഗ്രഹവുമായി മുന്നോട്ട് പോകുമ്പോൾ, അവൾക്കും വീട്ടുകാർക്കുമിടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ് കോട എന്ന ചിത്രത്തിന്‍റെ പ്രമേയം.
  • ഒരു കോമഡി ഡ്രാമയായ ഈ ചിത്രം ചർച്ച ചെയ്യുന്ന വിഷയം വളരെ ചെറുതാണെന്ന് തോന്നുമെങ്കിലും എല്ലാതരം പ്രേക്ഷകരെയും പിടിച്ചിരുത്തുന്ന ഒരു തിരക്കഥയാണ് ഈ ചിത്രത്തിന്‍റെ ആത്മാവ്.
  • പറയത്തക്ക ട്വിസ്റ്റുകൾ ഒന്നും ഇല്ലാത്ത ലളിതമായ കഥയാണെങ്കിലും പ്രേക്ഷകർക്ക് പ്രവചിക്കാനാകാത്ത രീതിയിൽ ആണ് അത് മുന്നോട്ട് നീങ്ങുന്നത്.
  • പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഒട്ടനവധി രംഗങ്ങൾ ഉള്ള ചിത്രമാണ് കോട. ചിരിപ്പിക്കുന്നതിനോടൊപ്പം ചില രംഗങ്ങൾ കണ്ടിരിക്കുന്നവരുടെ മനസ്സിൽ ഒരു നൊമ്പരമായി നിലനിൽക്കുകയും ചെയ്യും.
CODA Movie Review : ഈ സിനിമക്ക് ഓസ്കാർ കിട്ടിയില്ലെങ്കിലേ അതിശയം ഉള്ളൂ; 'കോട' സിനിമ റിവ്യൂ

CODA Movie Review :ഓസ്കാർ 2022 വേദിയിൽ മികച്ച ചിത്രത്തിനും മികച്ച തിരക്കഥയ്ക്കും മികച്ച സഹ നടനുമുള്ള പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ചിത്രമാണ് സിയാൻ ഹെഡറിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'കോട'. 2014 ൽ പുറത്തിറങ്ങിയ 'ലാ ഫാമിൽ ബിലിയെർ' എന്ന ഫ്രെഞ്ച് - ബെൽജിയൻ ചിത്രത്തിന്‍റെ ഇംഗ്ലീഷ് റീമേക്കാണ് ഈ ചിത്രം. 2021 ഓഗസ്റ്റ് 13 ന് ആപ്പിൾ ടിവി പ്ലസ്സിലൂടെ പുറത്തിറങ്ങിയ ഈ ചിത്രം 2021 ലെ തന്നെ മികച്ച 10 ചിത്രങ്ങളിൽ ഒന്നായി അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റൂട്ട് തെരഞ്ഞെടുത്തു. ഓസ്കാറിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് ഒ.ടി.ടി പ്ലാറ്റ്ഫോം വഴി, കേൾവിശക്തി ഇല്ലാത്ത നടീനടന്മാരെ പ്രധാന കഥാപാത്രങ്ങൾ ആക്കി പുറത്തിറങ്ങുന്ന ഒരു ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള പുരസ്കാരം ലഭിക്കുന്നത്. കണ്ടിരിക്കുന്ന പ്രേക്ഷകരെ ഒരേ സമയം ചിരിപ്പിക്കുകയും കണ്ണ് നനയിക്കുകയും ചെയ്യുന്ന ഒരു ഫീൽ ഗുഡ് ചിത്രമാണ് കോട. 

റൂബി റോസി എന്ന കൗമാരക്കാരിയെയും അവളുടെ കുടുംബത്തെയും കേന്ദ്രീകരിച്ചാണ് കോട എന്ന ചിത്രത്തിന്‍റെ കഥ മുന്നോട്ട് നീങ്ങുന്നത്. റൂബിക്ക് ഒരു അച്ഛനും അമ്മയും ചേട്ടനും ഉണ്ട്. മൂന്ന് പേരും കേൾവിശക്തി ഇല്ലാത്തവരാണ്. റൂബിയുടെ സഹായത്തോടെയാണ് ആ കുടുംബം അവരുടെ ഉപജീവന മാർഗ്ഗം ആയ മത്സ്യബന്ധനം ചെയ്ത് പോകുന്നത്. സ്കൂൾ വിദ്യാർഥിനിയായ റൂബിക്ക് ഒരു പാട്ടുകാരി ആകാനാണ് ആഗ്രഹം. കേൾവിശക്തി ഇല്ലാത്തവരുടെ കുടുംബത്തിലെ ഒരു അംഗം ആയതിനാൽത്തന്നെ റൂബിയുടെ ആ കഴിവ് അവളുടെ വീട്ടുകാർക്ക് അറിയാനോ, ആസ്വദിക്കാനോ കഴിയുന്നില്ല.

ഭിന്നശേഷിയുള്ള ഈ കുടുബത്തിലെ ഏക ആശ്രയമായ റൂബി, അവളുടെ പാട്ടുകാരിയാകാനുള്ള ആഗ്രഹവുമായി മുന്നോട്ട് പോകുമ്പോൾ, അവൾക്കും വീട്ടുകാർക്കുമിടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ് കോട എന്ന ചിത്രത്തിന്‍റെ പ്രമേയം. ഒരു കോമഡി ഡ്രാമയായ ഈ ചിത്രം ചർച്ച ചെയ്യുന്ന വിഷയം വളരെ ചെറുതാണെന്ന് തോന്നുമെങ്കിലും എല്ലാതരം പ്രേക്ഷകരെയും പിടിച്ചിരുത്തുന്ന ഒരു തിരക്കഥയാണ് ഈ ചിത്രത്തിന്‍റെ ആത്മാവ്. പറയത്തക്ക ട്വിസ്റ്റുകൾ ഒന്നും ഇല്ലാത്ത ലളിതമായ കഥയാണെങ്കിലും പ്രേക്ഷകർക്ക് പ്രവചിക്കാനാകാത്ത രീതിയിൽ ആണ് അത് മുന്നോട്ട് നീങ്ങുന്നത്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഒട്ടനവധി രംഗങ്ങൾ ഉള്ള ചിത്രമാണ് കോട. ചിരിപ്പിക്കുന്നതിനോടൊപ്പം ചില രംഗങ്ങൾ കണ്ടിരിക്കുന്നവരുടെ മനസ്സിൽ ഒരു നൊമ്പരമായി നിലനിൽക്കുകയും ചെയ്യും. 

ചിത്രത്തിലെ ചില സുപ്രധാന രംഗങ്ങൾ കേൾവിശക്തി ഇല്ലാത്തവരുടെ കണ്ണിലൂടെ സംവിധായിക പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിട്ടുണ്ട്. ഇത് ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് ചില അവസരങ്ങളിൽ നേരിടേണ്ടിവരുന്ന നിസ്സഹായ അവസ്ഥ കാണികൾക്ക് മനസ്സിലാക്കാൻ സഹായകരമാകുന്നു. മകളുടെ പാട്ട് കേൾക്കാനാകാതെ അവളുടെ കഴുത്തിൽ പിടിച്ച് അതിന്‍റെ താളവും വരികളും അറിയാൻ ശ്രമിക്കുന്ന നിസ്സഹായനായ അച്ഛന്‍റെ രംഗം സിനിമ അവസാനിച്ചാലും പ്രേക്ഷകർക്ക് മറക്കാൻ സാധിക്കില്ല.

ഇത്തരത്തിൽ പ്രേക്ഷകരെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത നിരവധി രംഗങ്ങൾ റൂബിയുടെ അച്ഛന്‍റെ വേഷം ചെയ്ത ട്രോയ് കോട്‌സൂർ സമ്മാനിച്ചു. വെള്ളിത്തിരയിലും ജീവിതത്തിലും കേള്‍വിശക്തി ഇല്ലാത്ത ഇദ്ദേഹത്തിന്‍റെ അവിസ്മരണീയ പ്രകടനത്തിന് 94 ആമത് ഓസ്കാർ വേദി മികച്ച സഹ നടനുള്ള പുരസ്കാരം നല്‍കി ആദരിച്ചു. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച എമിലിയ ജോൺസ്, സംഗീത അധ്യാപകന്‍റെ വേഷം ചെയ്ത യൂജെനിയോ ഡെർബെസ്, റൂബിയുടെ അമ്മയുടെയും ചേട്ടന്‍റെയും വേഷം ചെയ്ത മെർലി മാർട്ടിലിൻ, ഡാനിയൽ ഡുറന്‍റ് എന്നിവരുടെയും വേഷങ്ങൾ ശ്രദ്ധേയം ആയിരുന്നു. 

മൊത്തത്തിൽ കണ്ടിരിക്കുന്ന പ്രേക്ഷകരെ ഒട്ടും തന്നെ നിരാശപ്പെടുത്താത്ത ഒരു ഫീൽ ഗുഡ് കോമഡി ചിത്രമാണ് കോട. സിനിമ കാണുന്ന രണ്ട് മണിക്കൂർ സമയം പ്രേക്ഷകരും അറിയാതെ റൂബിയുടെ കുടുംബത്തിലെ അംഗങ്ങൾ ആയി മാറുന്നു. അത്രമാത്രം എല്ലാ പ്രേക്ഷകർക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന ചിത്രമാണ് കോട.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News