ബ്ലാക്ക് പാന്തർ വക്കാണ്ടാ ഫോറെവർ കാണുന്നതിന് മുൻപ് അറിയേണ്ടതെല്ലാം

ബ്ലാക്ക് പാന്തറിന്‍റെ ആദ്യ ഭാഗത്തിലാണ് വക്കാണ്ടയെക്കുറിച്ചും ബ്ലാക്ക് പാന്തറിനെക്കുറിച്ചുമുള്ള വിശദമായ വിവരങ്ങൾ കാണിച്ചിട്ടുള്ളത്

Written by - Zee Malayalam News Desk | Last Updated : Nov 8, 2022, 03:42 PM IST
  • ബ്ലാക്ക് പാന്തറിന്‍റെ ആദ്യ ഭാഗത്തിലാണ് വക്കാണ്ടയെക്കുറിച്ചും ബ്ലാക്ക് പാന്തറിനെക്കുറിച്ചുമുള്ള വിശദമായ വിവരങ്ങൾ കാണിച്ചിട്ടുള്ളത്
  • വർഷങ്ങൾക്ക് മുൻപ് ബഹിരാകാശത്ത് നിന്ന് വന്ന വൈബ്രേനിയം എന്ന പവർഫുൾ മെറ്റല്‍ അടങ്ങിയ ഒരു ഉൽക്ക വക്കാണ്ടയിൽ പതിച്ചിരുന്നു
  • ബ്ലാക്ക് പാന്തറിന്‍റെ ആദ്യ ഭാഗത്തിലാണ് വക്കാണ്ടയെക്കുറിച്ചും ബ്ലാക്ക് പാന്തറിനെക്കുറിച്ചുമുള്ള വിശദമായ വിവരങ്ങൾ
ബ്ലാക്ക് പാന്തർ വക്കാണ്ടാ ഫോറെവർ കാണുന്നതിന് മുൻപ് അറിയേണ്ടതെല്ലാം

മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന്‍റെ ഭാഗമായി ഈ വരുന്ന വെള്ളിയാഴ്ച്ച തീയറ്ററുകളിൽ റിലീസ് ചെയ്യുന്ന ചിത്രമാണ് ബ്ലാക്ക് പാന്തർ വക്കാണ്ടാ ഫോറെവർ. 2018 ൽ പുറത്തിറങ്ങിയ ബ്ലാക്ക് പാന്തറിന്‍റെ രണ്ടാം ഭാഗമാണ് ഈ ചിത്രം. പ്രധാന കഥാപാത്രമായ ബ്ലാക്ക് പാന്തറിനെ മുൻ മാർവൽ ചിത്രങ്ങളിൽ അവതരിപ്പിച്ച ചാഡ്വിക് ബോസ്മാൻ എന്ന അതുല്യ നടന്‍റെ മരണത്തിന് ശേഷം പുറത്തിറങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും വക്കാണ്ടാ ഫോറെവറിന് ഉണ്ട്.

റയാൻ കൂഗർ സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ടെനോച്ച് ഹുവർട്ടെ, ലെറ്റീഷ്യ റൈറ്റ്, ഏഞ്ചല ബാസെറ്റ് തുടങ്ങിയവരാണ്.  മാർവൽ സിനിമാറ്റിക് യൂണിവേഴ്സ് ഫോളോ ചെയ്യാത്ത, എന്നാൽ വക്കാണ്ടാ ഫോറെവർ കാണാൻ ആഗ്രഹമുള്ള ഒരാൾ ഈ ചിത്രം കാണുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ എന്താണെന്ന് നമുക്കൊന്ന് നോക്കാം. ആഫ്രിക്കൻ ഭൂഗണ്ടത്തിലെ ഒരു സാങ്കൽപ്പിക രാജ്യമാണ് വക്കാണ്ട. 

ALSO READ: Jaya Jaya Jaya Jaya He Song : "പെണ്ണേ പെണ്ണേ പെണ്‍കിടാത്തീ"; ജയ ജയ ജയ ജയ ഹേയിലെ ഗാനം പുറത്തുവിട്ടു

പുറം ലോകവുമായി അധികം ബന്ധമില്ലാതെ കിടന്നിരുന്ന ഈ രാജ്യത്തിന് അളവറ്റ സമ്പത്തും സാങ്കേതിക വിദ്യയുടെ പിൻബലവും എല്ലാം ഉണ്ട്. വർഷങ്ങൾക്ക് മുൻപ് ബഹിരാകാശത്ത് നിന്ന് വന്ന വൈബ്രേനിയം എന്ന പവർഫുൾ മെറ്റല്‍ അടങ്ങിയ ഒരു ഉൽക്ക വക്കാണ്ടയിൽ പതിച്ചിരുന്നു. ഇത് കാരണം ആ രാജ്യം മുഴുവൻ വൈബ്രേനിയം കൊണ്ട് നിറഞ്ഞു. പ്രപഞ്ചത്തിലെ തന്നെ ഏറ്റവും ശക്തി കൂടിയ ലോഹങ്ങളിലൊന്നാണ് വൈബ്രേനിയം. ക്യാപ്റ്റൻ അമേരിക്കയുടെ ഷീൽഡ് ഒക്കെ നിർമ്മിച്ചിരിക്കുന്നത് വൈബ്രേനിയം കൊണ്ടാണ്. വക്കാണ്ട മുഴുവൻ വൈബ്രേനിയം കൊണ്ട് നിറഞ്ഞതിന് പുറമേ അവിടെയുള്ള സസ്യങ്ങളിലും വൈബ്രേനിയത്തിന്‍റെ ഇൻഫ്ലുവൻസ് ഉണ്ടായി.

അങ്ങനെ അവിടെയുള്ള ഒരു പ്രത്യേക സസ്യത്തിൽ വയലറ്റ് നിറത്തിലുള്ള ഒരു പ്രത്യേക തരം ഹെർബ് ഉണ്ടായി. ഈ ഹെർബ് മനുഷ്യരിൽ അസാമാന്യ ശക്തിയും വേഗവും ഉണ്ടാക്കുന്നവയാണ്. വർഷങ്ങളായി വക്കാണ്ടയുടെ സംരക്ഷകനായ ബ്ലാക്ക് പാന്തറിന് നൽകി വരുന്നത് ഈ ഹെർബ് ആണ്. മറ്റാരുടെയും കൈവശം ഇത് ലഭിക്കാതിരിക്കാൻ വക്കാണ്ടൻ രാജവംശം വളരെയധികം ശ്രദ്ധിക്കാറുണ്ടായിരുന്നു. വക്കാണ്ടയിലെ വൈബ്രേനിയത്തിന്‍റെ ശേഖരം ഉപയോഗിച്ച് അവർ മറ്റ് രാജ്യങ്ങളേക്കാൾ സാമ്പത്തികമായും സാങ്കേതികമായും വളർന്നിട്ടുണ്ടെങ്കിലും ലോകത്തിന് മുന്നിൽ ഒരു മൂന്നാം ലോക രാജ്യത്തെപ്പോലെയായിരുന്നു അവർ നിന്നിരുന്നത്.

മാർവൽ സിനിമാറ്റിക് യൂണിവേഴ്സിൽ നമ്മൾ ആദ്യമായി വക്കാണ്ടയെപ്പറ്റി കേൾക്കുന്നത് അവഞ്ചേഴ്സ്, ഏജ് ഓഫ് അൾട്രോൺ എന്ന ചിത്രത്തിലാണ്. എന്നാൽ ഈ രാജ്യത്തെയും ബ്ലാക്ക് പാന്തറെന്ന അവരുടെ സംരക്ഷകനെയും പറ്റിയും നമ്മൾ കൂടുതല്‍ മനസ്സിലാക്കുന്നത് ക്യാപ്റ്റൻ അമേരിക്ക സിവിൽ വാറിലൂടെ ആയിരുന്നു. കിംഗ് ടി ചാക്ക ആയിരുന്നു ആ സമയം വക്കാണ്ടയുടെ രാജാവ്. എന്നാൽ ഈ സിനിമയിൽ തന്നെ അദ്ദേഹത്തിന്‍റെ മരണവും കാണിക്കുന്നുണ്ട്. അതിന് ശേഷം അദ്ദേഹത്തിന്‍റെ മകനായ ടി ഷള്ള വക്കാണ്ടയുടെ രാജാവും തുടർന്ന് ബ്ലാക്ക് പാന്തറും ആകുന്നു. ചാഡ്വിക് ബോസ്മാൻ ആയിരുന്നു ബ്ലാക്ക് പാന്തറിനെ അവതരിപ്പിച്ചത്.

ബ്ലാക്ക് പാന്തറിന്‍റെ ആദ്യ ഭാഗത്തിലാണ് വക്കാണ്ടയെക്കുറിച്ചും ബ്ലാക്ക് പാന്തറിനെക്കുറിച്ചുമുള്ള വിശദമായ വിവരങ്ങൾ കാണിച്ചിട്ടുള്ളത്.  എന്നാൽ ബ്ലാക്ക് പാന്തർ എന്ന കഥാപാത്രത്തെ കൂടുതൽ സ്റ്റൈലിഷ് ആയി അവതരിപ്പിച്ചത് ക്യാപ്റ്റൻ അമേരിക്ക സിവിൽ വാറിൽ തന്നെയായിരുന്നു. അതിന് ചിത്രത്തിന്‍റെ സംവിധായകന്മാരായ റൂസോ ബ്രദേഴ്സിന് ഒരു വലിയ കൈയടി കൊടുക്കണം. ടി ഷള്ള രാജാവായ ശേഷം അദ്ദേഹവും തന്‍റെ പൂർവികരെപ്പോലെ വക്കാണ്ട എന്ന രാജ്യത്തെ രഹസ്യമായി വച്ചു.

ALSO READ : Adhrishyam Character Poster: SI രാജ് കുമാറായി ഷറഫ്ഫുദീന്‍... നവംബറില്‍ പുറത്തിറങ്ങുന്ന അദൃശ്യത്തിൻറെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത്

എന്നാൽ ടി ഷള്ളയെ വകവരുത്തി രാജ്യാധികാരം കൈക്കലാക്കാൻ അദ്ദേഹത്തിന്‍റെ കസിൻ കൂടിയായ കിൽമോങ്കർ എത്തിയതോടെയാണ് ടി ഷള്ള മാറി ചിന്തിച്ച് തുടങ്ങിയത്. വക്കാണ്ടയുടെ പരമ്പരാഗതമായ രീതി അനുസരിച്ച് നിലവിലെ രാജാവായിരുന്ന ടി ഷള്ളയെ കിൽമോങ്കർ ചലഞ്ച് ചെയ്ത് തോൽപ്പിച്ച് രാജാവാകുന്നു. അധികാരം ലഭിച്ച കിൽമോങ്കർ ആദ്യം ബ്ലാക്ക് പാന്തറിന് ശക്തി കൊടുക്കുന്ന ഹാർട്ട് ഷെയിപ്പ് ഹെർബ് എല്ലാം നശിപ്പിച്ച് കളഞ്ഞു. ഇനി മറ്റൊരു ബ്ലാക്ക് പാന്തർ തന്നെ വെല്ലുവിളിക്കാൻ വക്കാണ്ടയില്‍ ഉണ്ടാകരുതെന്നായിരുന്നു അയാളുടെ ലക്ഷ്യം. പിന്നീട് വക്കാണ്ടയുടെ ശക്തി ഉപയോഗിച്ച് മറ്റ് ലോക രാജ്യങ്ങളെ കീഴടക്കാൻ അയാൾ തീരുമാനിക്കുന്നു.

ഇതിന് വേണ്ടി അയാൾ തന്‍റെ പടയെ ഒരുക്കുന്ന സമയത്താണ് ടി ഷള്ള വീണ്ടും തിരിച്ചെത്തുന്നത്. തുടർന്ന് ക്ലൈമാക്സിൽ ഒരു വലിയ ഫൈറ്റിനൊടുവിൽ ടി ഷള്ള, കിൽമോങ്കറെ തോൽപ്പിച്ച് വീണ്ടും രാജാവാകുന്നു.  എന്നാൽ അതിന് ശേഷം വക്കാണ്ട ഒരിക്കലും ലോകത്തിന് മുന്നിൽ അജ്ഞാതമായി തുടരണ്ട എന്ന് അദ്ദേഹം തീരുമാനിക്കുന്നു. ഇതിന്‍റെ ഭാഗമായി ടി ഷള്ള വക്കാണ്ടയുടെ വാതിലുകൾ ലോകത്തിന് മുന്നിൽ തുറക്കുന്നു. മറ്റ് രാജ്യങ്ങളെ പോലെ തന്നെ വക്കാണ്ടയും തങ്ങളുടെ സാങ്കേതിക വിദ്യയും മറ്റ് കാര്യങ്ങളും ലോകത്തിന് പങ്ക് വയ്ക്കുന്നു. ഇതിന്‍റെ ഭാഗമായാണ് താനോസിനെതിരെയുള്ള യുദ്ധത്തിൽ വക്കാണ്ടൻ ആർമിയും ഒരു വലിയ പങ്ക് വഹിച്ചത്.

എന്നാൽ കാലം കടന്ന് പോയപ്പോൾ വക്കാണ്ടയിലെ വൈബ്രേനിയവും മറ്റ് സമ്പത്തുകളും കൈക്കലാക്കാൻ പല ശക്തികളും ശ്രമിക്കുന്നു. ഇതിന്‍റെ ഭാഗമായി വക്കാണ്ട പലതരം പ്രശ്നങ്ങൾ നേരിടാൻ തുടങ്ങി. ഇതിന് പുറമേ അവരുടെ രാജാവായ ടി ഷള്ള എങ്ങനെയോ മരിക്കുന്നു. ഈ സമയത്ത് തന്നെ കടലിനടിയിലെ ഒരു രാജ്യത്തിന്‍റെ രാജാവായ നേമോറും സംഘവും വക്കാണ്ടയെ ആക്രമിക്കുകയും ചെയ്യുന്നു. വക്കാണ്ടയിലെ ഈ പുതിയ പ്രശ്നങ്ങളെ അവർ എങ്ങനെ നേരിടും ?, വക്കാണ്ടയെ സംരക്ഷിക്കാൻ അടുത്ത് വരുന്ന പുതിയ ബ്ലാക്ക് പാന്തർ ആര് ?, ടി ഷള്ള എങ്ങനെ മരിച്ചു ?, ഹാർട്ട് ഷെയിപ്പ് ഹെർബ് ഇല്ലാതെ പുതിയ ബ്ലാക്ക് പാന്തറിന് എങ്ങനെ ശക്തി കിട്ടി തുടങ്ങി നിരവധി കാര്യങ്ങൾ ചർച്ച ചെയ്യുന്ന ചിത്രമാണ് ബ്ലാക്ക് പാന്തർ വക്കാണ്ടാ ഫോറെവർ.

നിലവിൽ മേൽ പറഞ്ഞവയാണ് വക്കാണ്ടാ ഫോറെവറിന്‍റെ ബേസിക് പ്ലോട്ടിന്‍റെ ഒരു ഏകദേശ ചിത്രം. കൂടുതൽ കാര്യങ്ങൾ ഇതിനെക്കുറിച്ച് അറിയണമെങ്കിൽ ക്യാപ്റ്റൻ അമേരിക്ക സിവിൽ വാർ, ബ്ലാക്ക് പാന്തർ, അവഞ്ചേഴ്സ് ഇൻഫിനിറ്റി വാര്‍, അവഞ്ചേഴ്സ് എൻഡ് ഗെയിം എന്നീ ചിത്രങ്ങൾ കാണണം. അല്ലെങ്കിൽ ഇപ്പോൾ ഡിസ്നി പ്ലസ് ലെജൻസിന്‍റെ ഭാഗമായി സ്ട്രീം ചെയ്യുന്ന കിംഗ് ടിഷള്ള, പ്രിൻസസ് ഷൂരി, ഡോറാ മിലാജെ എന്നീ വീഡിയോകൾ കണ്ടാലും മതിയാകും.  നവംബർ 11 നാണ് ഈ ചിത്രം തീയറ്ററുകളിലെത്തുന്നത്. രാവിലെ 4 മണി മുതൽ തന്നെ ഈ ചിത്രത്തിന് വേണ്ടി കേരളത്തിൽ സ്പെഷ്യൽ ഷോകൾ ഉൾപ്പെടെ ചാർട്ട് ചെയ്ത് കഴിഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News