മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിയാലിറ്റി ഷോ ബിഗ് ബോസിന്റെ അഞ്ചാം സീസൺ ഇന്ന്, മാർച്ച് 26 ന് ആരംഭിക്കുകയാണ്. ഇന്ന്, മാർച്ച് 26 രാത്രി 7 മണിക്കാണ് ബിഗ് ബോസ് സീസൺ 5 ഗ്രാൻഡ് ലോഞ്ച് നടക്കുന്നത്. ഇത്തവണത്തെ ബിഗ് ബോസിന്റെ മത്സരാത്ഥികളെ കുറിച്ച് നിരവധി ചർച്ചകളാണ് സാമൂഹിക മാധ്യമങ്ങളിൽ നിലവിൽ നടന്ന് കൊണ്ടിരിക്കുന്നത്. ഇത്തവണ ഒരു ലോക വുഷു ചാമ്പ്യനും പ്രതിസന്ധികളെ അതിജീവിച്ച് ജീവിതത്തിൽ വിജയിച്ച ശക്തയായ ഒരു വനിതയും ഉണ്ടെന്ന് നേരത്തെ അണിയറപ്രവർത്തകർ സൂചന നൽകിയിരുന്നു.
ശോഭ വിശ്വനാഥ്, അനിയൻ മിഥുൻ, സാഗർ, ഷിജു എആർ, റെനീഷ് റഹ്‌മാൻ, അമല ഷാജി തുടങ്ങിയവർ ഇത്തവത്തെ ബിഗ് ബോസിൽ ഉണ്ടാകുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നത്. ബാറ്റിൽ ഓഫ് ദി ഒർജിനൽസ് എന്ന ടാഗ് ലൈനോട് കൂടിയാണ് ഇത്തവണ ബിഗ് ബോസ് സീസൺ 5 എത്തുന്നത്. എല്ലാ ദിവസവും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയുടെ 24 x 7 സംപ്രേക്ഷണം ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലും ഉണ്ടാകും.
മോഹൻലാൽ തന്നെയാണ് ഇത്തവണയും ബിഗ് ബോസിന്റെ അവതാരകൻ. കേരളക്കരയാകെ കാത്തിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസൺ 5നായി. ആരൊക്കെയാകും പുതിയ സീസണിലെ മത്സരാർത്ഥി, തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുണ്ടാകുമോ തുടങ്ങി ഒരുപാട് ചോദ്യങ്ങൾ പ്രേക്ഷകരുടെ മനസിലുണ്ട്. ഇത് സംബന്ധിച്ച ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.
ഫെബ്രുവരി 15ന് ഏഷ്യാനെറ്റിൽ വൈകിട്ടത്തെ പരിപാടികൾക്കിടെയാണ് ബിഗ് ബോസ് മലയാളം അഞ്ചാം സീസൺ ഉടൻ വരുന്നുവെന്ന് അറിയിച്ചുകൊണ്ട് ഷോയുടെ ലോഗോ അവതരിപ്പിച്ചത്. ഭാരതി എയർടെല്ലിന്റെ 5ജി പ്ലസാണ് ഷോയുടെ പ്രധാന സ്പോൺസർ ഒപ്പം സ്വയംവര സിൽക്സും ഇന്ത്യ ഗേറ്റും ഡാസ്ലർ എറ്റേണലും സഹസ്പോൺസർമാരായി പങ്കുചേരും.
കഴിഞ്ഞ വർഷത്തെ പോലെ തന്നെ മുംബൈയിലാണ് സെറ്റിട്ടിരിക്കുന്നത്. ഇത്തവണ സർപ്രൈസായി ബിഗ് ബോസ് നൽകുന്നത് മത്സരാർഥികളുടെ കൂട്ടത്തിൽ പൊതുജനത്തിൽ നിന്നും ഒരാളെ തിരഞ്ഞെടുക്കുന്നുണ്ട്. അത് എങ്ങനെയാണെന്നുള്ള നടപടിക്രമങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...