കൊച്ചി: നടി ഭാവന കേന്ദ്ര കഥാപാത്രമായി എത്തുന്ന ഹ്രസ്വ ചിത്രം ദ സര്‍വൈവലിന്റെ ടീസർ റിലീസ് ചെയ്തു. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമ രംഗത്ത് സജീവമാകാൻ ഒരുങ്ങുകയാണ് താരം. ടീസർ ഇതിനോടകം ഏറെ ജനശ്രദ്ധ നേടി കഴിഞ്ഞു. "തിരിച്ച് വരവിനായുള്ള എന്റെ പോരാട്ടത്തിൽ പങ്ക് ചേരൂ" എന്ന സന്ദേശത്തോട് കൂടിയാണ് ചിത്രത്തിൻറെ ടീസർ അവതരിപ്പിച്ചിരിക്കുന്നത്. മാധ്യമ പ്രവർത്തകനായ എസ്.എൻ. രജീഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സ്ത്രീപക്ഷ പ്രമേയത്തിലെത്തുന്ന ചിത്രമാണ് ദ സർവൈവൽ. പഞ്ചിങ് പാഡിൽ കഠിന വ്യായാമത്തിൽ ഏർപ്പെടുന്ന ഭാവനെയാണ് ചിത്രത്തിൻറെ ടീസറിൽ കാണാൻ കഴിയുന്നത്. മൈക്രോ ചെക്കാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം അടുത്ത ദിവസം തന്നെ റിലീസ് ചെയ്യുമെന്നാണ് സംവിധായകൻ ഫേസ്ബുക്കിൽ പങ്ക് വെച്ച കുറിപ്പിൽ പറയുന്നത്. സംവിധായകനായ എസ്.എൻ. രജീഷ് തന്നെയാണ് ചിത്രത്തിൻറെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
കൊച്ചിയിലാണ് ചിത്രം പ്രധാനമായും ഷൂട്ട് ചെയ്തിരിക്കുന്നത്. പെൺകരുത്തിന്റെ പോരാട്ടവീര്യത്തെ അടയാളപ്പെടുത്തുന്ന ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്ത്രീകളുടെ അതിജീവനം മുൻനിർത്തിയുള്ള പ്രമേയത്തെക്കുറിച്ചു കേട്ടതിനു പിന്നാലെ ഭാവന അഭിനയിക്കാൻ തയ്യാറാകുകയായിരുന്നുവെന്ന് സംവിധായകൻ പറഞ്ഞു.
ഷൂട്ടിങ്ങിൽ ഉടനീളം പൂർണമായി സഹകരിച്ച നടി ചിത്രം മികവുറ്റതാക്കാൻ എല്ലാ പിന്തുണയും നൽകിയതായും സംവിധായകൻ പറഞ്ഞു. ചിത്രത്തിന്റെ പോസ്റ്ററുകൾ ഏതാനും ദിവസങ്ങൾക്കു മുൻപ് സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചതിനു പിന്നാലെയാണ് ഇപ്പോൾ ടീസറും എത്തിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിൻറെ ടീസറിന് ലഭിച്ചിരിക്കുന്നത്.
അതേസമയം അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭാവന അഭിനയിച്ച മലയാള ചിത്രം ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് - നായി കാത്തിരിക്കുകയാണ് മലയാളികൾ. ആദിൽ മൈമുനാത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷറഫുദ്ദീനാണ് ചിത്രത്തിൽ നായകനാകുന്നത്. റെനീഷ് അബ്ദുൾഖാദറാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്! എന്ന ചിത്രത്തിന്റെ നിർമ്മാണം. പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായ ആദം ജോൺ എന്ന മലയാള ചിത്രത്തിലാണ് ഭാവന അവസാനം അഭിനയിച്ചത്. 2017ലാണ് ചിത്രം പുറത്തിറങ്ങിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...