ഹരികുമാർ സംവിധാനം ചെയ്ത ഓട്ടോറിക്ഷക്കാരന്റെ ഭാര്യ ശ്രദ്ധേയമാകുന്നു

ആദ്യ പകുതിയിൽ ചിരി നിറച്ച  സജീവൻ - രാധിക കോമ്പിനേഷനിലൂടെയാണ് കഥ മുന്നോട്ട് പോകുന്നതെങ്കിൽ രണ്ടാം പകുതിയിൽ സീരിയസായി കഥ മാറുന്നു

Written by - Zee Malayalam News Desk | Last Updated : Nov 1, 2022, 06:23 PM IST
  • ചെറുകഥയുടെ സിനിമ ആവിഷ്കാരമാണ് ഹരികുമാർ സംവിധാനം ചെയ്ത ഓട്ടോറിക്ഷക്കാരന്റെ ഭാര്യ
  • സുരാജ് വെഞ്ഞാറമ്മൂടും ആൻ അഗസ്റ്റിനും പ്രധാന കഥാപാത്രങ്ങൾ
  • ചിരിയും ചിന്തയും നിറച്ച ഒരു ഫാമിലി എന്റർടൈനർ
ഹരികുമാർ സംവിധാനം ചെയ്ത ഓട്ടോറിക്ഷക്കാരന്റെ ഭാര്യ ശ്രദ്ധേയമാകുന്നു

മയ്യഴിയുടെ കഥാകാരൻ എം.മുകുന്ദന്റെ ഇതേ പേരിലുള്ള ചെറുകഥയുടെ സിനിമ ആവിഷ്കാരമാണ് ഹരികുമാർ സംവിധാനം ചെയ്ത ഓട്ടോറിക്ഷക്കാരന്റെ ഭാര്യ. സുരാജ് വെഞ്ഞാറമ്മൂടും ആൻ അഗസ്റ്റിനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ചിരിയും ചിന്തയും നിറച്ച ഒരു ഫാമിലി എന്റർടൈനർ ആണ്. സജീവൻ എന്ന അലസനും മടിയനുമായ ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ ജീവിതത്തിലേക്ക് നെടുമ്പ്രയിൽ ബാലന്റെ മകളായ രാധിക എന്ന ദൃഢനിശ്ചയമുള്ള പെൺകുട്ടി കടന്നുവരുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് എം മുകുന്ദന്റെ 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' എന്ന കഥ. ഇതേ കഥ പശ്ചാത്തലത്തിൽ തന്നെയാണ് സിനിമയും ഒരുങ്ങിയിരിക്കുന്നത്.

ആദ്യ പകുതിയിൽ ചിരി നിറച്ച  സജീവൻ - രാധിക കോമ്പിനേഷനിലൂടെയാണ് കഥ മുന്നോട്ട് പോകുന്നതെങ്കിൽ രണ്ടാം പകുതിയിൽ സീരിയസായി കഥ മാറുന്നു. അൽപ്പം കണ്ണു നനയുന്ന സന്ദർഭങ്ങളിലേക്കുകൂടി കഥ വികസിക്കുന്നുണ്ട്. ഇന്നിന്നിന്റെ സമൂഹത്തിൽ ഉത്തരവാദിത്തങ്ങളെ ധൈര്യത്തോടെ നേരിടുന്ന സ്ത്രീകളുടെ പ്രതീകമാണ് ആൻ അഗസ്റ്റിൻ അവതരിപ്പിക്കുന്ന രാധിക എന്ന കഥാപാത്രം. എൽസമ്മ എന്ന ആൺകുട്ടിക്ക് ശേഷം ആൻ അഗസ്റ്റിന് ലഭിച്ച ശക്തമായ സ്ത്രീ കഥാപാത്രം കൂടിയാണ്  ഇത്. 

മലയാളികൾ ഏറെ വായിച്ച ഒരു സാഹിത്യ സൃഷ്ട്ടി സിനിമയി മാറുമ്പോൾ ഉണ്ടാകുന്ന പരിമിതികളെ എല്ലാം മറികടന്നു കൊണ്ടാണ് എം. മുകുന്ദൻ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.സുകൃതമടക്കം ഒട്ടേറെ ശ്രദ്ധേയമായ ചിത്രങ്ങൾ ഒരുക്കിയ ഹരികുമാർ ഒരേസമയം നോവലിനോട് നീതിപുലർത്തുകയും എന്നാൽ സിനിമാറ്റിക്ക് ശൈലി ഒട്ടും നഷ്ട്ടപ്പെടാതെയുമാണ് സിനിമ ഒരുക്കിയിരിക്കുന്നത്. കഥ പറച്ചിലിൻ്റെ ഒഴിക്കിനു ചില ഇടങ്ങളിൽ സംഭവിച്ച താളക്കുറവിനെ പോലും കഥാപാത്രങ്ങളുടെ പ്രകടന മികവ് കൊണ്ട് മറികടക്കാനാകുന്നുണ്ട് . സുരാജ് വെഞ്ഞാറമൂടിൽ നിന്ന് പ്രേക്ഷകർ കാണാൻ കാത്തിരുന്ന കോമഡി നമ്പറുകളിലൂടെ തന്നെയാണ് ചിത്രത്തിലെ സജീവൻ എന്ന കഥാപാത്രം മുന്നോട്ട് പോകുന്നത്. ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട് ഈ കഥാപാത്രം.

സിനിമയിലെ പ്രധാന കഥാപാത്രങ്ങൾക്കൊപ്പം തന്നെ  ഫ്രെഞ്ച് വാസുവായി എത്തിയ ജനാർദ്ദനനും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. സജീവന്റെ അമ്മയായി മനോഹരിയും രാധികയുടെ അമ്മയായി നീന കുറുപ്പുമാണ് എത്തുന്നത്.  ഇവർക്കൊപ്പം സ്വാസികയും കൈലാഷും മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഔസേപ്പച്ചൻ്റെ സംഗീത പശ്ചാത്തലവും അഴകപ്പന്റെ ഛായാഗ്രഹണവും സിനിമയുടെ തിയേറ്റർ കാഴ്ച്ചക്ക് മാറ്റ് കൂട്ടുന്ന ഘടകങ്ങളാണ്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി.അബ്ദുൽ നാസർ ആണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ നിർമിച്ചിരിക്കുന്നത്. എം മുകുന്ദന്റെ ഏറെ പ്രിയപ്പെട്ട മാഹിയും പരിസരപ്രദേശവുമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News