ബ്ലാക്ക് പാന്തർ വക്കാണ്ടാ ഫോറെവർ ഒഴിച്ച് നിർത്തിയാല്‍ മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന്‍റെ ഭാഗമായി അടുത്തിടെ പുറത്തിറങ്ങിയ ഭൂരിഭാഗം സിനിമകളും സീരീസുകളും പ്രേക്ഷകരിൽ നിന്നും ക്രിട്ടിക്കുകളിൽ നിന്നും മോശം അഭിപ്രായങ്ങൾ വാരിക്കൂട്ടിയിരുന്നു. മികച്ച റിവ്യൂവാണ് ലഭിച്ചതെങ്കിൽപ്പോലും വക്കാണ്ടാ ഫോറെവറിന് ബ്ലാക്ക് പാന്തറിന്‍റെ ആദ്യ ഭാഗത്തിനോളം കളക്ഷനും ലഭിച്ചിരുന്നില്ല. സ്പൈഡർമാൻ നോ വേ ഹോം മാത്രമാണ് മികച്ച അഭിപ്രായങ്ങൾ സ്വന്തമാക്കി ഭീമൻ കളക്ഷൻ നേടിയ അവസാന മാർവൽ ചിത്രം.
കഴിഞ്ഞ നവംബറോടെ മാർവലിന്‍റെ ഫേസ് 4 അവസാനിച്ചു. 17 ആം തിയതി പുറത്തിറങ്ങുന്ന ആന്‍റ്മാൻ ആന്‍റ് ദി വാസ്പ് ക്വാണ്ടം മാനിയ എന്ന ചിത്രത്തോടെ മാർവലിന്‍റെ ഫേസ് 5 ആരംഭിക്കുകയാണ്. മാർവൽ ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ഈ ചിത്രത്തിന്‍റെ റോട്ടൻ ടൊമാറ്റോസിന്‍റെ ക്രിട്ടിക് റേറ്റിങ്ങ് നിലവിൽ പുറത്ത് വരുന്നുണ്ട്. 134 ക്രിട്ടിക് റിവ്യൂസ് വന്നപ്പോൾ വെറും 53% റേറ്റിങ്ങാണ് ചിത്രത്തിന് ലഭിച്ചത്. ഇതോടെ ഏറ്റവും മോശം റോട്ടൻ ടൊമാറ്റോസ് റേറ്റിങ്ങ് ലഭിക്കുന്ന രണ്ടാമത്തെ മാർവൽ ചിത്രമായി ആന്‍റ് മാൻ ആന്‍റ് ദി വാസ്പ് ക്വാണ്ടം മാനിയ മാറി.
ALSO READ: Pathaan Box Office | റോക്കി ഭായിയെ വീഴ്ത്തി പഠാൻ; ആയിരം കോടി നേടുമോ?
എല്ലാ ക്രിട്ടിക്കുകളും ഇനിയും തങ്ങളുടെ റേറ്റിങ്ങ് രേഖപ്പെടുത്താത്ത സാഹചര്യത്തിലാണ് ഇത്രയും കുറഞ്ഞ റേറ്റിങ്ങ് വന്നതെന്ന് ഓർക്കണം. ഇന്നലെ കണക്ക് പുറത്ത് വിട്ട് തുടങ്ങിയപ്പോൾ 14 ക്രിട്ടിക്കുകളുടെ റേറ്റിങ്ങോടെ 79 ശതമാനം സ്കോറാണ് ആന്‍റ്മാൻ ആന്‍റ് ദി വാസ്പ് ക്വാണ്ടം മാനിയ എന്ന ചിത്രത്തിന് ലഭിച്ചത്. പിന്നീട് കൂടുതൽ ക്രിട്ടിക്കുകൾ റേറ്റിങ്ങ് രേഖപ്പെടുത്താൻ തുടങ്ങിയതോടെ ചിത്രത്തിന്‍റെ സ്കോർ കുറഞ്ഞ് വന്നു. അതായത് നിലവിലെ 53 % റേറ്റിങ്ങ് ഇനിയും താഴേയ്ക്ക് പോകാനുള്ള സാധ്യതകൾ ഉണ്ടെന്ന് സാരം. ഇനി റോട്ടൻ ടൊമാറ്റോസിൽ ക്വാണ്ടം മാനിയയേക്കാൾ റേറ്റിങ്ങ് കുറഞ്ഞ ഒരേയൊരു മാർവൽ ചിത്രം എറ്റേണൽസാണ്. 2021 ൽ പുറത്തിറങ്ങിയ ചിത്രത്തിന് 47 % റേറ്റിങ്ങ് മാത്രമാണുള്ളത്.
ആന്‍റ്മാന്‍റെ ആദ്യ രണ്ട് ചിത്രങ്ങൾക്ക് യധാക്രമം 83 ശതമാനവും 87 ശതമാനവും ക്രിട്ടിക് റേറ്റിങ്ങ് റോട്ടൻ ടൊമാറ്റോസില്‍ ഉണ്ടായിരുന്നു. ആദ്യത്തെ രണ്ട് ആന്‍റ്മാൻ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി വലിയൊരു സ്കെയിലിൽ ചിത്രീകരിച്ച സിനിമയാണ് ആന്‍റ്മാൻ ആന്‍റ് ദി വാസ്പ് ക്വാണ്ടം മാനിയ. മാർവലിന്‍റെ മൾട്ടീവേഴ്സ് സാഗയിലെ ഏറ്റവും വലിയ വില്ലനായ കാങ് ദി കോൺകററിനെ ആദ്യമായി അവതരിപ്പിക്കുന്ന ചിത്രമാണ് ഇത്. ജൊനാദൻ മേജേഴ്സാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്‍റെ സീനുകൾ ട്രൈലറില്‍ ഉൾപ്പെടെ കണ്ട ശേഷം മാർവൽ ആരാധകരിൽ ഭൂരിഭാഗം പേരും വലിയ ആവേശത്തിലായിരുന്നു.
നിരവധി അനുകൂല ഘടകങ്ങൾ ഉണ്ടായിട്ടും അതൊന്നും വേണ്ട രീതിയിൽ മാർവലിന് ഉപയോഗിക്കാൻ സാധിക്കാതെ പോയി എന്ന് വേണം നിലവിലെ ചിത്രത്തിന്‍റെ റേറ്റിങ് കാണുമ്പോൾ മനസ്സിലാക്കേണ്ടത്. ഇതിന് മുൻപ് സമാനമായ രീതിയിൽ വൻ ഹൈപ്പിൽ പുറത്ത് വന്ന ചിത്രമായിരുന്നു ഡോക്ടർ സ്ട്രെയ്ഞ്ച് ഇൻ ദി മൾട്ടീവേഴ്സ് ഓഫ് മാഡ്നസ്. ആ ചിത്രത്തിൽ മാർവൽ കോമിക്സിലെ എക്കാലത്തെയും മികച്ച സൂപ്പർ ഹീറോ ഗ്രൂപ്പായ ഇല്ല്യൂമിനാറ്റിയെ ഉൾപ്പെടെ അവതരിപ്പിച്ചുവെങ്കിലും മോശം തിരക്കഥ കാരണം വലിയ ഇംപാക്ട് ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ റോട്ടൻ ടൊമാറ്റോസിലെ ക്രിട്ടിക് റേറ്റിങ്ങ് എപ്പോഴും കൃത്യമായിരിക്കണമെന്നും നിർബന്ധമില്ല. ക്രിട്ടിക്സിന് ഇഷ്ടപ്പെടാത്ത ഈ ചിത്രത്തെ പ്രേക്ഷകർ ഏറ്റെടുക്കുകയാണെങ്കിൽ നെറ്റീവ് റിവ്യൂസ് നനഞ്ഞ പടക്കം പോലെ ആകും എന്ന കാര്യത്തിൽ സംശയമില്ല. എന്തായാലും ആന്‍റ്മാൻ ആന്‍റ് ദി വാസ്പ് ക്വാണ്ടം മാനിയയുടെ ശരിക്കുള്ള പ്രകടനം കാണണമെങ്കിൽ ഇനിയും രണ്ട് ദിവസങ്ങൾ കൂടി കാത്തിരുന്നേ മതിയാകൂ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...