Laththi: തമിഴ് സിനിമയുടെ ആക്ഷൻ ഹീറോ വിശാല്‍ ഏറെ തിരക്കിലാണ്. തന്‍റെ പുതിയ സിനിമയായ ലാത്തിയുടെ പ്രമോഷനായി ഓടി നടക്കുകയാണ് താരം.
ലാത്തിയുടെ റിലീസ് ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുകയാണ് താരവും ആരാധകരും. ചിത്രത്തിന്‍റെ വിജയത്തിനായി തമിഴ് നാട്, തെലുങ്കാന, ആന്ധ്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ തിരക്കിട്ട പ്രമോഷന്‍ പരിപാടികളാണ് താരം നടത്തുന്നത്.
കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്‍റെ ട്രെയിലർ റിലീസ് ചെയ്തത്. ചെന്നൈയിൽ നടന്ന പൊതു ചടങ്ങിൽ പ്രമുഖ സംവിധായകൻ ലോകേഷ് കനകരാജാണ് 'ലാത്തി' യുടെ ട്രെയിലർ റീലീസ് ചെയ്തത്. 'ലാത്തി' ക്ക് വേണ്ടി 'പുലിമുരുകൻ' ഫെയിം സ്റ്റണ്ട് മാസ്റ്റർ പീറ്റർ ഹെയ്ൻ ഒരുക്കിയ വിശാലിന്‍റെ അതി സാഹസികമായ സംഘട്ടന രംഗങ്ങളും പഞ്ച് ഡയലോഗുകളും കോർത്തിണക്കിയ ട്രെയിലർ റിലീസ് ചെയ്ത് മിനിറ്റുകൾക്കകം തന്നെ ആരാധകരിൽ ആവേശമായി മാറി.
യു ട്യൂബിൽ ഇതുവരെ 40 ലക്ഷത്തോളം വ്യൂസ് നേടി സോഷ്യൽ മീഡിയയിൽ തരംഗമായി മുന്നേറുകയാണ് ലാത്തി ട്രെയിലർ. ഈ ചിത്രത്തിലെ കഥാപാത്രം ഇത്തിരി വ്യത്യസ്തമാണ്. പൊലീസ് കമ്മീഷണറായും, എസ് പി യായും , ഇൻസ്പെക്ടറായും ബിഗ് സ്ക്രീനിൽ തകർത്താടി പ്രേക്ഷകരെ ആവേശം കൊള്ളിച്ച വിശാൽ ലാത്തിയിൽ ഒരു സാധാരണ കോൺസ്റ്റബിളായിട്ടാണ് വേഷമിടുന്നത്.
കോൺസ്റ്റബിള്‍ ആണ് എങ്കിലും കഥാപാത്രത്തിന്‍റെ വീറിനും വാശിക്കും തെല്ലും കുറവില്ല എന്ന് ട്രെയിലർ വ്യക്തമാക്കുന്നുണ്ട്. ബാലസുബ്രമണ്യന്‍റെയും, 'ബാഹുബലി' ഫെയിം ബാലകൃഷ്ണ തോട്ടയുടെയും ക്യാമറകൾ രംഗങ്ങളെ ബ്രഹ്മാണ്ഡമാക്കുന്നു. അടിപൊളി ആക്ഷൻ രംഗങ്ങൾക്കൊപ്പം ഏറെ വൈകാരിക മുഹൂർത്തങ്ങളും കോർത്തിണക്കിയാണ് നവാഗത സംവിധായകൻ ഏ. വിനോദ് കുമാർ 'ലാത്തി' അണിയിച്ചൊരുക്കിയിരിക്കുന്നത്.
സിനിമയെ കുറിച്ച് വിശാൽ പറയുന്നത് ഇപ്രകാരമാണ്...
"ഞാൻ മുമുന്‍പ് പല ചിത്രങ്ങളില്‍ പൊലീസ് വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയിലും പതിവുപോലെയുള്ള കഥാപാത്രമായിരുന്നുവെങ്കില്‍ ഞാൻ നോ പറയുമായിരുന്നു. ഇതൊരു സാധാരണ കോൺസ്റ്റബിൾ കഥാപാത്രമാണ്. മേലുദ്യോഗസ്ഥരുടെ ആജ്ഞ അനുസരിക്കുക എന്നതാണ് കോൺസ്റ്റബിളിന്‍റെ ജോലി. സംവിധായകൻ വിനോദ് കുമാർ എന്നോട് ലാത്തിയുടെ കഥ പറഞ്ഞു തുടങ്ങുമ്പോൾ തന്നെ അതിൽ എന്തോ ഒരു പുതുമ ഉണ്ട് എന്ന് എനിക്ക് തോന്നി. ഏഴു വയസുകാരന്‍റെ അച്ഛനായി അഭിനയിക്കണം എന്ന് മടിച്ച് മടിച്ചാണ് അദ്ദേഹം എന്നോട് പറഞ്ഞത്. സാരമില്ല എന്ന് പറഞ്ഞ് കഥകേട്ടൂ. ചിത്രത്തിൽ എന്‍റെ മകനായി അഭിനയിച്ച ആ ബാലൻ സെക്കന്‍ഡ് ഹീറോയെ പോലെയാണ്. ഹൈ ലൈറ്റായ അവസാനത്തെ 45 മിനിറ്റ് നേരത്തെ രംഗങ്ങൾ ഒരേ സ്ഥലത്ത് ഷൂട്ട് ചെയ്യണം. ആ ആശയം എനിക്ക് ഇഷ്ടപ്പെട്ടു. ആദ്യം സാധാരണ രീതിയിലാണ് കേട്ടു തുടങ്ങിയത്. പക്ഷെ പിന്നീട് ഓരോ മുഹൂർത്തവും വിവരിക്കുന്തോറും കേട്ടു കേട്ട് ഞാന്‍ എന്നെ തന്നെ മറന്നുപോയി.
സാധാരണയായി ഒരു സിനിമയ്ക്ക് ഒരു ക്ലൈമാക്സേ ഉണ്ടാവൂ. എന്നാൽ ഈ സിനിമയിൽ നാല് ക്ലൈമാക്സ് ഉണ്ടായിരിക്കും. ഒരു രംഗത്തിൽ ഇനി നായകന് ഇതിനപ്പുറം ഒന്നും ചെയ്യാനില്ല എന്ന് നിനച്ചിരിക്കുന്ന നിമിഷത്തിലായിരിക്കും തിരക്കഥ മറ്റൊരു 'യൂ ടേൺ ' എടുക്കുക. വിനോദ് പറഞ്ഞതിനേക്കാൾ മൂന്നു മടങ്ങ് സിനിമ നന്നായി വന്നിട്ടുണ്ട്. ഇത് ഞാൻ അഭിനയിച്ച സിനിമയായത് കൊണ്ട് പറയുകയല്ല. പീറ്റർ ഹെയിനും, യുവൻ ഷങ്കർ രാജയുമാണ് 'ലാത്തി' യുടെ രണ്ട് നെടും തൂണുകൾ. ഈ സിനിമ ഇത്രയും നന്നായി വന്നതിൽ അവരുടെ പങ്ക് വളരെ വലുതാണ്", വിശാല്‍ പറഞ്ഞു.
നടന്മാരായ രമണയും നന്ദയും ചേർന്ന് റാണാ പ്രൊഡക്ഷന്‍റെ ബാനറിൽ ലാത്തി നിർമ്മിച്ചിരിക്കുന്നത്. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ നാലു ഭാഷകളിലാണ് ചിത്രം എത്തുന്നത്. ആക്ഷനും വൈകാരികതയും ചേര്‍ന്ന ഒരു പൊലീസ് സ്റ്റോറിയാണ് 'ലാത്തി'. തെന്നിന്ത്യൻ താരം സുനൈനയാണ് ചിത്രത്തിൽ വിശാലിന്‍റെ നായിക. മലയാളി നടൻ പി. എൻ. സണ്ണിയാണ് ഇതിലെ ശക്തമായ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടൻ പ്രഭുവും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
യുവൻ ഷങ്കർ രാജയാണ് സംഗീത സംവിധായകൻ. ചിത്രത്തിലെ പാട്ടുകളും ആരാധക ശ്രദ്ധയാകർഷിച്ചു. ജനപ്രിയ ചിത്രമായിരുന്ന കാർത്തിയുടെ 'കൈദി' യിലൂടെ ശ്രദ്ധേയനായ പൊൻ. പാർത്ഥിപൻ സംഭാഷണ രചയിതാവും സംവിധായകനൊപ്പം തിരക്കഥാ രചനയിൽ പങ്കാളിയുമാണ്. ക്രിസ്തുമസ് - നവവത്സര ചിത്രമായി ഡിസംബർ 22 ന് 'ലാത്തി' തിയറ്ററുകളിൽ എത്തും. ത്രീ ഫോർ ഫിലിംസാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...