'മിന്നൽ മുരളി അത്ഭുതപ്പെടുത്തി, ബേസിലിനൊപ്പം സിനിമ ചെയ്യണം'; ആ​ഗ്രഹം പ്രകടിപ്പിച്ച് മാധവൻ

മിന്നൽ മുരളി കണ്ട് താൻ അത്ഭുതപ്പെട്ടുവെന്നും വളരെ മനോഹരമായാണ് ബേസിൽ ചിത്രം അവതരിപ്പിച്ചതെന്നും മാധവൻ പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Jun 25, 2022, 01:25 PM IST
  • മിന്നൽ മുരളി കണ്ട ശേഷം സംവിധായകൻ ബേസിലിനൊപ്പം സിനിമ ചെയ്യണമെന്ന ആ​ഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് തമിഴ് നടൻ ആർ മാധവൻ.
  • മിന്നൽ മുരളി കണ്ട് താൻ അത്ഭുതപ്പെട്ടുവെന്നും വളരെ മനോഹരമായാണ് ബേസിൽ ചിത്രം അവതരിപ്പിച്ചതെന്നും മാധവൻ പറഞ്ഞു.
'മിന്നൽ മുരളി അത്ഭുതപ്പെടുത്തി, ബേസിലിനൊപ്പം സിനിമ ചെയ്യണം'; ആ​ഗ്രഹം പ്രകടിപ്പിച്ച് മാധവൻ

മലയാള സിനിമയ്ക്ക് ആദ്യ സൂപ്പർ ഹീറോ ചിത്രം സമ്മാനിച്ച സംവിധായകനാണ് ബേസിൽ ജോസഫ്. മിന്നൽ മുരളി എന്ന ചിത്രത്തിലൂടെ മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിക്കാൻ ബേസിലിന് സാധിച്ചു. ടൊവിനോ - ​ഗുരു സോമസുന്ദരം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബേസിലൊരുക്കിയ ചിത്രം ഇന്ത്യയിൽ മാത്രമല്ല ലോകശ്രദ്ധയാകർഷിച്ചിരുന്നു. ഇപ്പോഴിത മിന്നൽ മുരളി കണ്ട ശേഷം സംവിധായകൻ ബേസിലിനൊപ്പം സിനിമ ചെയ്യണമെന്ന ആ​ഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് തമിഴ് നടൻ ആർ മാധവൻ. മിന്നൽ മുരളി കണ്ട് താൻ അത്ഭുതപ്പെട്ടുവെന്നും വളരെ മനോഹരമായാണ് ബേസിൽ ചിത്രം അവതരിപ്പിച്ചതെന്നും മാധവൻ പറഞ്ഞു. 

‘മലയാള സിനിമകൾ മിക്കതും മികച്ചതാണ്. എന്നാൽ ഞാന്‍ അവസാനമായി കണ്ട് അത്ഭുതപ്പെട്ടത് മിന്നല്‍ മുരളി എന്ന ചിത്രമാണ്. എത്ര മനോഹരമായാണ് ആ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. അവഞ്ചേഴ്സ് പോലുള്ള വലിയ സൂപ്പർ ഹീറോ സിനിമ പോലെ തന്നെ തോന്നി മിന്നൽ മുരളിയും. അത്ര മനോഹരമായാണ് സംവിധായകന്‍ അത് അവതരിപ്പിച്ചിരിക്കുന്നത്. ബേസില്‍ ജോസഫിനൊപ്പം എത്രയും പെട്ടന്ന് എനിക്ക് ഒരു സിനിമ ചെയ്യണം’, ക്ലബ് എഫ്എമ്മിനോട് സംസാരിക്കവെ മാധവൻ പറഞ്ഞു. 

നെറ്റ്ഫ്ലിക്സിലാണ് മിന്നൽ മുരളി റിലീസ് ചെയ്തത്. ​ഗോദയ്ക്ക് ശേഷം ബേസിലും ടൊവിനോയും ഒന്നിച്ച ചിത്രമായിരുന്നു മിന്നൽ മുരളി. റിലീസ് ചെയ്ത് തുടര്‍ച്ചയായ മൂന്ന് വാരങ്ങള്‍ നെറ്റ്ഫ്ലിക്സിന്‍റെ ആഗോള ലിസ്റ്റിലെ ആദ്യ പത്തില്‍ ഇടം നേടിയ ചിത്രം 2021ല്‍ ഏറ്റവുമധികം റേറ്റിംഗ് ലഭിച്ച ആക്ഷന്‍, അഡ്വഞ്ചര്‍ ചിത്രങ്ങളുടെ ലിസ്റ്റിലും ഇടംപിടി‍ച്ചിരുന്നു. ന്യൂയോര്‍ക്ക് ടൈംസിന്റെ പട്ടികയിലും ബേസിലിന്റെ മിന്നല്‍ മുരളി ഇടംനേടിയിരുന്നു.

Also Read: നമ്പി നാരായണന്റെ ജീവിതത്തിലെ ദുരന്തം മാത്രമല്ല ഈ സിനിമ, രാജ്യത്തിന് അദ്ദേഹം നല്‍കിയ സംഭാവനകളും കൂടിയാണ്; ആര്‍. മാധവന്‍

ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിതം പറയുന്ന റോക്കട്രി ദി നമ്പി എഫക്ട് എന്ന ചിത്രമാണ് മാധവന്റേതായി റിലീസ് ചെയ്യാനുള്ളത്. നമ്പി നാരായണന്റെ ജീവിതത്തിലെ ദുരന്തം മാത്രം പറയുന്ന ഒരു ചിത്രമല്ല റോക്കറ്ററി ദി നമ്പി എഫക്ട് എന്നാണ് സംവിധായകനും നടനുമായ ആര്‍. മാധവന്‍ പറഞ്ഞിട്ടുള്ളത്. രാജ്യത്തിന് സ്വപ്‌നതുല്യമായ ധാരാളം നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ അദ്ദേഹത്തിന്റെ സംഭാവനകളെ കൊണ്ട് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ അത് പലര്‍ക്കും അറിയില്ല. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു സംഭവം മാത്രമാണ് അദ്ദേഹത്തിന് സംഭവിച്ച ദുരന്തം. അദ്ദേഹത്തിന്റെ നിരപരാധിത്വം നമ്പി നാരായണന്‍ തെളിയിക്കുകയും ചെയ്തതാണെന്നും മാധവന്‍ പറഞ്ഞു. 

മലയാളികള്‍ എന്നും തനിക്ക് നല്‍കിയ സ്‌നേഹം വലുതാണെന്നും തന്റെ ആദ്യ സിനിമ ആരംഭിച്ചത് കേരളത്തില്‍ നിന്നാണ്. ഇപ്പോള്‍ ആദ്യ സംവിധാന സംരംഭത്തിലും മലയാളി സാനിധ്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. 2022 ജൂലായ് 1 നാണ് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യുന്നത്. നേരത്തെ ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.

ആര്‍. മാധവന്റെ ട്രൈ കളര്‍ ഫിലിംസും മലയാളിയായ ഡോക്ടര്‍ വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്ചര്‍സിന്റെയും ബാനറിലാണ് ചിത്രം പുറത്തുവരുന്നത്. 100 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ചിലവെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ നിര്‍ണായക വേഷത്തില്‍ ഷാരൂഖ് ഖാനും സൂര്യയുമെത്തുന്നുണ്ട്. ഹിന്ദിയില്‍ ഷാരുഖ് ഖാന്‍ ചെയ്യുന്ന റോളില്‍ തമിഴില്‍ സൂര്യ ആയിരിക്കും എത്തുക. സിമ്രാന്‍ ആണ് ചിത്രത്തില്‍ മാധവന്റെ നായികയായി എത്തുന്നത്. ഇരുവരും പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് സിനിമയില്‍ ഒന്നിക്കുന്നത്. നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News