മലയാള സിനിമയിലെ വില്ലന്മാരുടെ പട്ടിക എടുത്താൽ അതിൽ ആദ്യം തന്നെ ഭീമൻ രഘു എന്ന പേര് കാണും. ജയന്റെ പിൻഗാമിയായി മലയാള സിനിമയിലേക്കെത്തിയ ഭീമൻ രഘു പിന്നീട് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും വില്ലന്മാരിൽ പ്രധാനിയായി മാറുകയായിരുന്നു. തുടർന്ന് വില്ലൻ പരിവേഷത്തിലാണെങ്കിലും കോമഡി വേഷങ്ങളിലൂടെ ഭീമൻ രഘു മലയാള സിനിമയിൽ സജീവമായി തുടർന്നു. ഏകദേശം 400 സിനിമകളുടെ ഭാഗമായിട്ടുണ്ട് ഇതിനോടകം ഭീമൻ രഘു.
അങ്ങനെ ഇരിക്കെയാണ് ഭീമൻ രഘു ബിജെപിയിൽ ചേരുന്നത്. 2016 കേരള നിയമസഭ തിരഞ്ഞെടുപ്പിൽ പത്തനാപുരത്ത് കെ.ബി ഗണേഷ് കുമാറിനെതിരെയും നടൻ ജഗദീഷിനെതിരെയും ഭീമൻ രഘു ബിജെപി സ്ഥാനാർഥിയായി മത്സരിച്ചു. താരപകിട്ട് കൊണ്ട് എല്ലാവരുടെയും ശ്രദ്ധ ലഭിച്ച തിരഞ്ഞെടുപ്പിൽ ഇരു നടന്മാർക്ക് പിന്നിലായി വോട്ട് ലഭിച്ച് ഭീമൻ രഘു തോറ്റി. എന്നാൽ ബിജെപിയുടെ ഭാഗമായി തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ തനിക്ക് സിനിമയിൽ പല അവസരങ്ങളും നഷ്ടമായി എന്ന് ഭീമൻ രഘു സീ മലയാളം ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ വെളിപ്പെടുത്തി.
"സിനിമകൾ കുറയാൻ കാരണം പാർട്ടിയിൽ വന്നത് കൊണ്ടല്ല. പാർട്ടിയിൽ വന്നത് കൊണ്ടാണെന്ന് അവർ അത് തെറ്റിധരിപ്പിച്ചു. പാർട്ടിയിൽ വന്ന് തിരഞ്ഞെടുപ്പിൽ പ്രവർത്തിക്കുന്ന സമയത്ത് ഒന്ന് രണ്ട് ചിത്രങ്ങൾ എനിക്ക് വന്നു. പുലിമുരകൻ ഉൾപ്പെടെ രണ്ട് ചിത്രങ്ങളാണ് വന്നത്. ആ സിനിമയിൽ പ്രവർത്തിക്കാൻ സാധിക്കാതിരുന്നത് എനിക്ക് വളരെ വിഷമമായി. എന്റെ മണ്ഡലം പത്തനാപുരത്ത അല്ലേ... അവിടെയായിരുന്നു സിനിമയുടെ കുറെ ഭാഗങ്ങൾ ചിത്രീകരിച്ചത്. എനിക്ക് പോകാൻ പറ്റിയില്ല. അങ്ങനെ വേറെ ഒരു പടം വന്നു. അതിനും പോകാൻ സാധിച്ചില്ല. അങ്ങനെ രണ്ടും മൂന്നും ചിത്രങ്ങൾക്ക് പോകാൻ പറ്റാതെ വന്നപ്പോൾ അവർ തന്നെ തീരുമാനിച്ചു ഇയാൾ ഇനി സിനിമയിലേക്ക് ഇല്ല. ഇയാൾ രാഷ്ട്രീയത്തിലേക്ക് പോയി എന്നും" ഭീമൻ രഘു സീ മലയാളം ന്യൂസിനോട് പറഞ്ഞു.
കേരള പോലീസ് ഉദ്യോഗസ്ഥനായിരുന്ന ഭീമൻ രഘു ജയന്റെ മരണം ശേഷം ജൂനിയർ ജയൻ എന്ന പേരിലായിരുന്ന മലയാള സിനിമയിൽ ഒരു കാലത്ത് അറിഞ്ഞിരുന്നത്. നായകനായി എത്തിയ ആദ്യ ചിത്രത്തിന്റെ പേര് ഭീമൻ തന്റെ പേരിനൊപ്പം ചേർക്കുകയായിരുന്നു. ഭീമൻ രഘുവുമായിട്ടുള്ള പ്രത്യേക അഭിമുഖം ഉടൻ സീ മലയാളം ന്യൂസിൽ ഉടൻ സംപ്രേഷണം ചെയ്യുന്നതാണ്. കാത്തിരിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...