ലോക കേരള സഭയുടെ ഭാഗമായുള്ള മൂന്നാമത് ലോക കേരള മാധ്യമ സഭ നാളെ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. നവകേരള നിര്‍മ്മിതിയിലും, ലോകത്തിന്റെ നാനാഭാഗത്തുള്ള കേരളീയരെ കോര്‍ത്തിണക്കുന്നതിലും പ്രവാസി മാധ്യമ സമൂഹത്തിന്റെ പങ്കാളിത്തത്തോടെയുള്ള ദൗത്യത്തിനു രൂപം നല്കുന്ന വേദിയാണ് ലോക കേരള മാധ്യമ സഭ. നോര്‍ക്കയുടെയും പബ്ലിക് റിലേഷന്‍ വകുപ്പിന്റെയും സഹകരണത്തോടെ കേരള മീഡിയ അക്കാദമിയാണ് മാധ്യമസഭ സംഘടിപ്പിക്കുന്നത്.
കേരളത്തിനു പുറത്തും വിദേശത്തും ജോലി ചെയ്യുന്ന മലയാളികളായ മാധ്യമപ്രവര്‍ത്തകരാണ് മാധ്യമ സഭയില്‍ പങ്കെടുക്കുക. രാവിലെ 10.30ന് മാസ്കറ്റ് ഹോട്ടലിന്റെ കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ പ്രസിദ്ധ മാധ്യമ പ്രവര്ത്തകന് ശശികുമാര്‍ മുഖ്യാതിഥിയാകും. കേരള മീഡിയ അക്കാദമി ചെയര്മാന് ആര്.എസ്.ബാബു അധ്യക്ഷത വഹിക്കും.
കേരള മീഡിയ അക്കാദമി ഏർപ്പെടുത്തിയ ഇന്ത്യന്‍ മീഡിയ പേഴ്സണ്‍ അവാര്‍ഡ് ചടങ്ങില്‍വച്ച് പ്രമുഖ മാധ്യമ പ്രവര്‍ത്തക ബര്‍ഖാ ദത്തിന് മുഖ്യമന്ത്രി പിണറായി വിജയന് സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്. ലോക കേരള സഭയുടെ നയസമീപന രേഖ ശശികുമാറിനു നല്കി മുഖ്യമന്ത്രി പിണറായി വിജയന് പുറത്തിറക്കും.
ശശികുമാറിന്റെ മാധ്യമ ജീവിതം അടയാളപ്പെടുത്തി ടി.കെ.രാജീവ് കുമാര്‍ സംവിധാനം ചെയ്ത ഡോക്യുഫിലിം ചടങ്ങില്‍ പ്രകാശനം ചെയ്യും. ജോണ്‍ ബ്രിട്ടാസ് എംപി, നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്മാന് പി.ശ്രീരാമകൃഷ്ണന്, പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ഹരികിഷോര്‍ ഐഎഎസ്, മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ്, വെങ്കിടേഷ് രാമകൃഷ്ണന് (ഫ്രണ്ട്ലൈന്), രമാ നാഗരാജന് (ടൈംസ് ഓഫ് ഇന്ത്യ), മീഡിയ അക്കാദമി സെക്രട്ടറി എന്‍.പി. സന്തോഷ്, പത്രപ്രവര്‍ത്തക യൂനിയന്‍ പ്രസിഡന്റ് കെ.പി.റെജി, സുരേഷ് വെള്ളിമംഗലം തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കും.
ഉച്ചയ്ക്ക് രണ്ടു മുതല്‍ നവകേരള നിര്‍മ്മിതിയില്‍ പ്രവാസി മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ ആശയസംവാദം നടക്കും. ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍ (ഖലീജ് ടൈംസ്), ജോസഫ് ജോണ്‍ (അല്‍ ജസീറ, ഖത്തര്‍), ജോസി ജോസഫ് (അന്വേഷണാത്മക മാധ്യമ പ്രവര്ത്തകന്, ഡല്‍ഹി), ധന്യ രാജേന്ദ്രന് (ന്യൂസ് മിനിട്ട്), നവീന്‍ (ഭോപ്പാല്‍), അരുണ്‍.ടി.കെ. (ഡല്‍ഹി), ബിന്‍സാല്‍ അബ്ദുള്‍ ഖാദര്‍ (വാം, യുഎഇ), സരസ്വതി ചക്രബര്‍ത്തി (ഡല്‍ഹി), വി.നന്ദകുമാര്‍ (യുഎഇ), ലീന രഘുനാഥ് (കാരവന്), അരുണ്‍ റാം (ചെന്നൈ) തുടങ്ങിയവര്‍ പങ്കെടുക്കും.
മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജും പി.പി. ശശീന്ദ്രനും(മാതൃഭൂമി) മോഡറേറ്റര്‍മാരാകും. വൈകിട്ട് 3.30ന് വ്യവസായ-നിയമ വകുപ്പു മന്ത്രി പി. രാജീവ് സമാപന പ്രസംഗം നടത്തും. തുടര്‍ന്ന് 4.30 മുതല്‍ അണ്‍മീഡിയേറ്റഡ്, ശശികുമാര്‍ എ കംപ്ലീറ്റ് മീഡിയമാന് എന്നീ ഡോക്യുമെന്ററിയുടെ പ്രദര്‍ശനം നടക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...