കോട്ടയം: ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവത്തിൽ കോട്ടയം സംക്രാന്തിയിലെ ഹോട്ടൽ പാർക്ക് മലപ്പുറം കുഴിമന്തി റസ്റ്ററന്റ് ഡിവൈഎഫ്ഐ പ്രവർത്തർ അടിച്ചു തകർത്തു. ഇന്ന് രാവിലെ ഡിവൈഎഫ്ഐ മാർച്ചിനിടയിലാണ് പ്രവർത്തകർ ഹോട്ടലിന്റെ പേരും മുൻവശത്തെ ചെടിച്ചട്ടികളും അടിച്ചു തകർത്തത്. രശ്മിയുടെ മരണത്തിന് കാരണം നഗരസഭയുടെ വീഴ്ചയാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.
മുമ്പും ഭക്ഷ്യവിഷബാധ ഉണ്ടായിരുന്നിട്ടും ഹോട്ടലിനെതിരെ നടപടിയെടുത്തില്ല. സംക്രാന്തിയിലെ ഹോട്ടൽ പാർക്ക് മലപ്പുറം കുഴിമന്തി റസ്റ്ററന്റിനെതിരെ കൂടുതൽ പരാതികൾ ഉയർന്നുവരുന്നുണ്ട്. ഇവിടെ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ദമ്പതികൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ALSO READ: Food poisoning: ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന നഴ്സ് മരിച്ചു
ഭക്ഷ്യവിഷബാധയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന നഴ്സ് ഇന്ന് രാവിലെ മരിച്ചിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ചാണ് ഡിവൈഎഫ്ഐ മാർച്ച് നടത്തിയത്. കോട്ടയം കിളിരൂർ സ്വദേശിനി രശ്മി (33) ആണ് ഭക്ഷ്യവിഷബാധയെ തുടർന്ന് മരിച്ചത്. രണ്ട് ദിവസം മുൻപാണ് സംക്രാന്തിയിലെ ഹോട്ടൽ പാർക്ക് മലപ്പുറം കുഴിമന്തിയെന്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്നാണ് രശ്മിക്ക് ഭക്ഷ്യവിഷബാധയേറ്റത്.
പോസ്റ്റുമോർട്ടം പരിശോധനയ്ക്ക് ശേഷം മാത്രമേ കൃത്യമായ മരണകാരണം വ്യക്തമാകൂവെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗം ഐസിയുവിൽ നഴ്സായിരുന്നു രശ്മി. മൂന്നുദിവസമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 16 പേർ കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. പരാതിയെ തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടൽ അടച്ചു പൂട്ടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...