ഇന്ത്യയിൽ ഏകദേശം 50 കോടി ഉപഭോക്താക്കൾ നിലവിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വാട്സ്ആപ്പിന്റെ ഉപയോഗം വർധിച്ചത് പോലെ തന്നെ വാട്സ്ആപ്പ് വഴിയുള്ള തട്ടിപ്പുകളും വർധിച്ചിരിക്കുകയാണ്. ഇത്തരം തട്ടിപ്പുകളിൽ വീഴാതിരിക്കാൻ അതീവ ശ്രദ്ധ പുലർത്തണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു.
ഒടിപി ആവശ്യപ്പെടുകയും അതിലൂടെ വാട്സ്ആപ്പിൻ്റെ പൂർണ്ണനിയന്ത്രണം കൈവശപ്പെടുത്തുകയും ചെയ്യുന്നതാണ് തട്ടിപ്പിന്റെ ഒരു രീതി. വാട്സ്ആപ്പ് സപ്പോർട്ട് സർവേ എന്ന പേരിൽ ഉപയോക്താവിന് അപരിചിത നമ്പറിൽ നിന്ന് ഒരു സന്ദേശം ലഭിക്കും. ഉപയോക്താവുമായി സംസാരിച്ചുകൊണ്ടിരിക്കെ തന്നെ തട്ടിപ്പുകാർ വാട്സ്ആപ്പ് രജിസ്ട്രേഷൻ പ്രോസസ് ചെയ്യാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കും. ഉപയോക്താവിനോട് തങ്ങളുടെ കോളുമായി ലിങ്ക് ചെയ്യാൻ ആവശ്യപ്പെടും. ഇത്തരം കോളിലൂടെ തങ്ങൾക്ക് ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് തട്ടിപ്പുകാർ പുതിയ ഒരു വാട്സ്ആപ്പ് അക്കൗണ്ട് നിർമ്മിക്കും. ഇത്തരത്തിൽ തട്ടിയെടുക്കുന്ന വാട്സ്ആപ്പ് അക്കൗണ്ടിലൂടെ നിരവധി സൈബർകുറ്റകൃത്യങ്ങൾ തട്ടിപ്പുകാർ നടത്തും.
എസ്എംഎസിലൂടെ വാട്സ്ആപ്പിന്റെ നിയന്ത്രണം കൈവശപ്പെടുത്തുന്നതാണ് മറ്റൊരു രീതി. തട്ടിപ്പുകാർ ഉപയോക്താവിനെ ഫോണിൽ വിളിച്ച് എസ്എംഎസിലൂടെ ലഭിച്ച ഒടിപി ഷെയർ ചെയ്യാൻ ആവശ്യപ്പെടും. അതിനുശേഷം തട്ടിപ്പുകാർ ഒടിപി ഉപയോഗിച്ച് വാട്സ്ആപ്പ് തങ്ങളുടെ നിയന്ത്രണത്തിലാക്കും. വാട്സ്ആപ്പ് അക്കൗണ്ട് താൽക്കാലികമായി മരവിപ്പിക്കും. തുടർന്ന് വാട്സ്ആപ്പ് അക്കൗണ്ടിന്റെ മുഴുവൻ നിയന്ത്രണവും ഇവർ തട്ടിയെടുക്കും. സാമ്പത്തിക തട്ടിപ്പുകളും സൈബർ കുറ്റകൃത്യങ്ങളും ചെയ്യുന്നതിനാണ് ഇവർ വാട്സ്ആപ്പ് അക്കൗണ്ടുകൾ കൈക്കലാക്കുന്നത്. ഉപയോക്താവിന്റെ വാട്സ്ആപ്പിൽ നിന്ന് ലഭിക്കുന്ന വ്യക്തിപരമായ വിവരങ്ങളും ചിത്രങ്ങളും ദൃശ്യങ്ങളുമെല്ലാം ഉപയോഗിച്ച് ഇവർ ഭീഷണിപ്പെടുത്തുകയും പണം തട്ടുകയും ചെയ്യും.
ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാൻ ടു ഫാക്ടർ ഒഥന്റിഫിക്കേഷൻ എന്ന ഓപ്ഷൻ ഓൺ ചെയ്ത് വയ്ക്കുക. നിങ്ങളുടെ പ്രൊഫൈൽ ചിത്രം ആർക്കൊക്കെ കാണാൻ കഴിയുമെന്ന് ഉറപ്പുവരുത്തണം. സാമ്പത്തികസഹായമോ അല്ലെങ്കിൽ മറ്റെന്തെങ്കിലും സഹായങ്ങളോ നിങ്ങളുടെ പേരിൽ നിങ്ങളുടെ സുഹൃത്തുക്കൾക്കോ കൂട്ടുകാർക്കോ മെസേജ് ആയി ലഭിച്ചാൽ അത് ഉറപ്പു വരുത്തിയതിന് ശേഷം മാത്രം തിരിച്ചു മറുപടി നൽകണമെന്ന് അവർക്ക് നിർദേശം നൽകുക. വാട്സ്ആപ്പുമായി ബന്ധപ്പട്ട് നിങ്ങൾക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അത് എത്രയും പെട്ടെന്ന് തന്നെ ഇ-മെയിൽ വഴി വാട്സ്ആപ്പ് കസ്റ്റമർ കെയറിൽ അറിയിക്കേണ്ടതാണ്. ഇത്തരം തട്ടിപ്പിനിരയായാൽ ഉടനെ cybercrime.gov.in എന്ന വെബ് പോർട്ടലുമായും ബന്ധപ്പെടുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...