West Nile fever: വെസ്റ്റ് നൈല്‍ പനി; കൊതുക് നിവാരണവും ഉറവിട നശീകരണവും അനിവാര്യം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോ​ഗ്യമന്ത്രി

West Nile fever: നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : May 29, 2022, 05:53 PM IST
  • ജപ്പാന്‍ ജ്വരത്തിന് സമാനമായ രോഗ ലക്ഷണങ്ങളോടെയാണ് വെസ്റ്റ് നൈല്‍ പനിയും കണ്ടുവരാറുള്ളത്
  • എന്നാല്‍ വെസ്റ്റ് നൈൽ പനി ജപ്പാന്‍ ജ്വരത്തെ പോലെ രോഗം ഗുരുതരമാകാറില്ല
  • കാലാവസ്ഥാ വ്യതിയാനം കാരണം പകര്‍ച്ച വ്യാധികള്‍ക്ക് സാധ്യതയുള്ളതിനാല്‍ സംസ്ഥാനം നേരത്തെ തന്നെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്
  • പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി പറഞ്ഞു
West Nile fever: വെസ്റ്റ് നൈല്‍ പനി; കൊതുക് നിവാരണവും ഉറവിട നശീകരണവും അനിവാര്യം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം: വെസ്റ്റ് നൈല്‍ പനിയെ പ്രതിരോധിക്കാന്‍ കൊതുക് നിവാരണവും ഉറവിട നശീകരണവും അനിവാര്യമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ജപ്പാന്‍ ജ്വരത്തിന് സമാനമായ രോഗ ലക്ഷണങ്ങളോടെയാണ് വെസ്റ്റ് നൈല്‍ പനിയും കണ്ടുവരാറുള്ളത്. എന്നാല്‍ വെസ്റ്റ് നൈൽ പനി ജപ്പാന്‍ ജ്വരത്തെ പോലെ രോഗം ഗുരുതരമാകാറില്ല. എങ്കിലും ജാഗ്രത പാലിക്കണം. കാലാവസ്ഥാ വ്യതിയാനം കാരണം പകര്‍ച്ച വ്യാധികള്‍ക്ക് സാധ്യതയുള്ളതിനാല്‍ സംസ്ഥാനം നേരത്തെ തന്നെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. കൊതുകിന്‍റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം. വ്യക്തികള്‍ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടിനില്‍ക്കാതെ ശ്രദ്ധിക്കണം. പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

തൃശൂർ ജില്ലയിൽ വെസ്റ്റ് നൈൽ പനി ബാധിച്ച് ഒരാൾ മരിച്ച സാഹചര്യത്തിൽ മന്ത്രിയുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വലിയിരുത്തി. തൃശൂര്‍ ജില്ലയില്‍ വൈസ്റ്റ് നൈല്‍ രോഗബാധ സംശയിച്ചപ്പോള്‍ തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നുള്ള പ്രത്യേക സംഘം രോഗിയുടെ പ്രദേശമായ കണ്ണറ സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് വിവിധ ഭാഗങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. കൊതുകുജന്യ രോഗങ്ങള്‍ക്ക് സാധ്യതയുള്ള പ്രദേശമാണെന്ന് കണ്ടെത്തിയതിനാല്‍ എല്ലാ ടീം അംഗങ്ങളും രോഗിയുടെ വീട്ടിലും പരിസരത്തും കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. വെള്ളാനിക്കര സി.എച്ച്.സി.യിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൃത്യമായ ഫീല്‍ഡ് വര്‍ക്ക്, ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍, പനി സര്‍വേ, പ്രദേശത്ത് ആരോഗ്യ വിദ്യാഭ്യാസ ക്ലാസുകള്‍ എന്നിവ നടത്തുന്നതിന് നിര്‍ദേശങ്ങള്‍ നല്‍കി. ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

ഫ്ലാവി വൈറസ് വിഭാഗത്തിൽപ്പെടുന്ന വെസ്റ്റ് നൈൽ വൈറസുകളാണ് രോ​ഗകാരി. ക്യൂലക്‌സ് പിപ്പിയന്‍സ് കൊതുകുകളാണ് പ്രധാനമായും രോഗം പടർത്തുന്നത്. 1937ല്‍ ആഫ്രിക്കയിലെ ഉഗാണ്ടയിലാണ് വെസ്റ്റ് നൈൽ രോ​ഗബാധ ആദ്യമായി സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ. പിന്നീട് യൂറോപ്പ്, മിഡിൽ ഈസ്റ്റ്, വടക്കേ അമേരിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളിലേക്കും പടർന്നു. ഉ​ഗാണ്ടയിലെ വെസ്റ്റ് നൈൽ ജില്ലയിലാണ് ആദ്യമായി ഈ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്.

വെസ്റ്റ് നൈൽ വൈറസ് പടരുന്നതെങ്ങനെ

രോ​ഗബാധിതരായ പക്ഷികളിൽ നിന്ന് കൊതുകുകളിലേക്കും കൊതുകുകളിൽ നിന്ന് മനുഷ്യരിലേക്കും ഈ വൈറസ് പകരും. ജീവനുള്ള പക്ഷികളില്‍ നിന്നാണോ ചത്തവയില്‍ നിന്നാണോ വൈറസ് പകരുന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. വളരെ അപൂർവമായി മാത്രമേ ഈ വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാറുള്ളൂ.

വെസ്റ്റ് നൈൽ വൈറസ് ബാധയുടെ ലക്ഷണങ്ങൾ

പനി, തലവേദന, ക്ഷീണം, ശരീരവേദന, ഓക്കാനം, ഛർദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോ​ഗം ​ഗുരുതരമായാൽ കടുത്ത തലവേദന, അതിശക്തമായ പനി, ബോധക്ഷയം, പക്ഷാഘാതം എന്നിവയുണ്ടാകും. മരണം സംഭവിക്കാൻ സാധ്യതയുള്ളതാണ് ഈ രോഗാവസ്ഥയെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ വ്യക്തമാക്കുന്നത്. വൈറസ് ബാധിച്ച 150 പേരിൽ ഒരാൾക്ക് രോഗത്തിന്റെ ഗുരുതരമായ അവസ്ഥയുണ്ടാകും. ഏത് പ്രായത്തിലുള്ളവരെയും രോ​ഗം ബാധിക്കാൻ സാധ്യതയുണ്ട്. എന്നാൽ, 50 വയസിന് മുകളിലുള്ളവരെയും പ്രതിരോധശേഷി കുറഞ്ഞവരെയും വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.

പ്രതിരോ​ധ മാർ​ഗങ്ങൾ

കൊതുവലയ്ക്കുള്ളിൽ മാത്രം ഉറങ്ങാൻ ശ്രദ്ധിക്കുക
പരിസരം വൃത്തിയായി സൂക്ഷിക്കുക
കൊതുക് വളരുന്നതിന് സഹായകമാകുന്ന വെള്ളക്കെട്ടുകൾ ഒഴിവാക്കുക
ശരീരം മുഴുവൻ മറയ്ക്കുന്ന അയഞ്ഞ വസ്ത്രങ്ങൾ ഉപയോഗിക്കുക
രോഗലക്ഷണങ്ങൾ കണ്ടാലുടൻ വൈദ്യസഹായം തേടുക

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News