തിരുവനന്തപുരം: നാവികസേന യുദ്ധക്കപ്പലുകളുടെ മാതൃക തയ്യാറാക്കി ശ്രദ്ധേയനാവുകയാണ് തിരുവനന്തപുരം വിഴിഞ്ഞത്തെ പത്താം ക്ലാസുകാരൻ ആരോമൽ. അഞ്ചു മുതൽ പത്ത് സെൻറീമീറ്റർ വരെയുള്ള യുദ്ധക്കപ്പലുകളുടെ മാതൃക നിർമ്മിച്ച ആരോമലിന് നേവൽ ആർക്കിടെക്റ്റ് ആകാനാണ് ആഗ്രഹം. ആരോമലിൻ്റെ വ്യത്യസ്ത കാഴ്ചകൾ സമൂഹമാധ്യമങ്ങളിലും ഇതിനോടകം തന്നെ ഇടംപിടിച്ചു കഴിഞ്ഞു.
വിഴിഞ്ഞം തെന്നൂർകോണം കൊല്ലംവിളാകം ശ്രീരാഗത്തിൽ വി ബാബുവിൻ്റെയും ബി ശാലിനിയും മകനാണ് ആരോമൽ. കേന്ദ്ര പ്രതിരോധ സേനയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ താത്പര്യമുള്ളതാണ് ഇതിലേക്ക് ആരോമലിനെ നയിക്കാൻ കാരണമായത്. പഠനത്തിനപ്പുറത്തേക്ക് ക്രിയാത്മകമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം അച്ഛനും അമ്മയുമായി പങ്കുവച്ചതോടെ തൻ്റെ ആഗ്രഹത്തിന് പച്ചക്കൊടി വീഴുന്നത്. തുടർന്ന് കുടുംബത്തിൻ്റെ പിന്തുണ കിട്ടിയതോടെ യുദ്ധക്കപ്പലുകളുടെ മാതൃകകൾ തീർക്കാമെന്ന ആലോചനയിൽ എത്തിച്ചേർന്നു.
യുദ്ധക്കപ്പലുകളുടെ 5 മുതൽ 10 സെൻറീമീറ്റർ വരെയുള്ള ഇരുപതോളം മാതൃകകൾ ഇതിനോടകം തന്നെ ഈ കൊച്ചു മിടുക്കൻ നിർമ്മിച്ചു കഴിഞ്ഞു. ഉപയോഗശൂന്യമായ പേപ്പറുകൾ, കാർഡ്ബോർഡ്,കോപ്പർ വയറുകൾ തുടങ്ങിയവയാണ് യുദ്ധക്കപ്പലുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നത്.
കപ്പൽ മാതൃക നാട്ടിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് മറ്റു ഗ്രൂപ്പുകളിലേക്ക് പലരും ഷെയർ ചെയ്യുകയായിരുന്നു. തുടർന്നാണ് നേവിയുടെ ഉദ്യോഗസ്ഥരിൽ ചിലരുടെ ശ്രദ്ധയിൽ ഇത് പതിയുന്നത്. ഇത് കണ്ട നേവി ഉദ്യോഗസ്ഥർക്കും കൗതുകമായി. യുദ്ധകപ്പൽ മാതൃക നേവിയുടെ ഫേസ്ബുക്ക് പേജിലുമെത്തി. ഇതോടെ സംഭവം വൈറലായി.
സതേൺ നേവൽ കമാൻഡൻറ് വൈസ് അഡ്മിറൽ എ കെ ചൗളയ്ക്ക് വേണ്ടി പാങ്ങോട് മിൽട്രി ക്യാമ്പിൽ ഇത് പ്രദർശിപ്പിക്കുകയും ചെയ്തു. പിന്നീട്,നാവികസേന ഉദ്യോഗസ്ഥരിൽ നിന്ന് അഭിനന്ദനവും അംഗീകാരവും ആരോമലിന് ലഭിച്ചു. തുടർന്ന്, കൊച്ചി നാവിക സേനാ സ്ഥാനത്തേക്ക് ക്ഷണം കിട്ടി. കൊച്ചിയിലെത്തിയതോടെ ആരോമലിന് അഭിനന്ദന പ്രവാഹമായി.
പ്ലസ് ടു കഴിഞ്ഞ ശേഷം നേവിയിൽ ചേർന്ന് 'നേവൽ ആർക്കിടെക്റ്റ്' കോഴ്സ് പഠിക്കണമെന്നാണ് ആരോമലിൻ്റെ ആഗ്രഹം. ഇതിനുള്ള തയ്യാറെടുപ്പുകൾ പഠനത്തോടൊപ്പം തന്നെ ആരംഭിക്കാൻ നാവികസേനാ ഉദ്യോഗസ്ഥർ ആരോമലിന് നിർദ്ദേശവും നൽകിയിരുന്നു. ബന്ധുക്കളും കൂട്ടുകാരും സ്കൂൾ അധികൃതരുമെല്ലാം ആരോമലിന് ലഭിച്ച അംഗീകാരത്തിൽ ഫുൾ ഹാപ്പിയാണ്.
അതേ സമയം, ആരോമലിൻ്റെ അച്ഛനും അമ്മയ്ക്കും ഇക്കഴിഞ്ഞ ലോക്ഡൗൺ കാലത്ത് തൊഴിൽ നഷ്ടപ്പെടുകയും ചെയ്തു. ബാബു ഒരു ഹോട്ടലിലെ ജീവനക്കാരനും ശാലിനി സ്വകാര്യ ട്യൂഷൻ സെൻററിലെ അധ്യാപികയുമായിരുന്നു. ഇതിൻ്റെ വിഷമം ഒരു ഭാഗത്തു നിൽക്കുമ്പോഴാണ് മകൻ്റെ അംഗീകാരത്തിൽ കുടുംബം വേദനകൾ മറന്ന് ഒന്നടങ്കം സന്തോഷിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...