കണ്ണൂർ കോട്ടയിൽ ലൈറ്റ് ആന്റ് സൗണ്ട് നടത്തിയതിലെ സാമ്പത്തിക ക്രമക്കേട്; എപി അബ്ദുള്ളക്കുട്ടിയുടെ മൊഴിയെടുത്ത് വിജിലൻസ്

കണ്ണൂർ പള്ളിക്കുന്നിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്

Written by - Zee Malayalam News Desk | Last Updated : Jun 4, 2021, 02:16 PM IST
  • കണ്ണൂർ വിജിലൻസ് യൂണിറ്റാണ് പരിശോധന നടത്തുന്നത്
  • കണ്ണൂർ കോട്ടയിൽ നടത്തിയ പരിപാടിയിൽ ക്രമക്കേട് നടന്നെന്ന പരാതിയെ തുടർന്നാണ് പരിശോധന നടത്തുന്നത്
  • നാല് കോടി രൂപയാണ് പരിപാടിക്കായി വകയിരുത്തിയത്
  • എന്നാൽ ഒരു കോടി രൂപ മാത്രമേ ചിലവഴിച്ചിട്ടുള്ളൂവെന്നാണ് പരാതി
കണ്ണൂർ കോട്ടയിൽ ലൈറ്റ് ആന്റ് സൗണ്ട് നടത്തിയതിലെ സാമ്പത്തിക ക്രമക്കേട്; എപി അബ്ദുള്ളക്കുട്ടിയുടെ മൊഴിയെടുത്ത് വിജിലൻസ്

കണ്ണൂർ: കണ്ണൂർ കോട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോ ക്രമക്കേടുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടിയുടെ മൊഴിയെടുത്ത് വിജിലൻസ്. കണ്ണൂർ പള്ളിക്കുന്നിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. കണ്ണൂർ വിജിലൻസ് യൂണിറ്റാണ് മൊഴിയെടുക്കാൻ എത്തിയത്. കണ്ണൂർ കോട്ടയിൽ നടത്തിയ പരിപാടിയിൽ ക്രമക്കേട് നടന്നെന്ന പരാതിയെ തുടർന്നായിരുന്നു അന്വേഷണം. വിപുലമായി നടത്താൻ ഉദ്ദേശിച്ച പദ്ധതിയിൽ ഒരു കോടി രൂപ ചിലവഴിച്ചെങ്കിലും ഒരു ദിവസത്തെ ലൈറ്റ് ആൻറ് സൌണ്ട് ഷോ മാത്രമാണ് നടത്തിയതെന്നാണ് പരാതി.

കണ്ണൂർ കോട്ടയിൽ നടത്തിയ പരിപാടിയുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ക്രമക്കേട് അന്വേഷിക്കുന്നതിൻറെ ഭാഗമായി അന്ന് എംഎൽഎ ആയിരുന്ന എപി അബ്ദുള്ളക്കുട്ടിയുടെ മൊഴി രേഖപ്പെടുത്താനാണ് എത്തിയതെന്ന് വിജിലൻസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പ്രാഥമിക അന്വേഷണമാണ് നടത്തുന്നത് റെയ്ഡല്ല. ക്രമക്കേടുകൾ നടന്നുവെന്ന അന്വേഷണത്തിൽ മൊഴി രേഖപ്പെടുത്താൻ എത്തിയതാണ്. അന്വേഷണം പുരോഗമിക്കുന്ന ഘട്ടമായതിനാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ ആകില്ലെന്നും ഡിവൈഎസ്പി ബാബു പെരിങ്ങോത്ത് പറഞ്ഞു. വിജിലൻസ് റെയ്ഡ് നടത്തിയിട്ടില്ലെന്നും പ്രാഥമിക അന്വേഷണം മാത്രമാണ് നടന്നതെന്നും അബ്ദുള്ളക്കുട്ടിയും വ്യക്തമാക്കി.

2016ൽ കണ്ണൂർ എംഎൽഎ ആയിരുന്ന കാലത്താണ് കേസിന് ആസ്പദമായ പദ്ധതി നടപ്പാക്കിയത്. കോട്ട നവീകരിക്കുന്നതിന്റെ ഭാ​ഗമായി ഡിടിപിസിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കിയത്. പദ്ധതിയുടെ ഭാ​ഗമായി ഉപകരണങ്ങളും മറ്റും വാങ്ങുന്നതിന് ഒരു കോടി രൂപ ചിലവഴിച്ചിരുന്നു. യുഡിഎഫ് സർക്കാർ അധികാരം ഒഴിയുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് പദ്ധതി സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂർ ഡിടിപിസിയിൽ വിജിലൻസ് പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്ന് ക്രമക്കേടുമായി ബന്ധപ്പെട്ട ഫയലുകൾ പിടിച്ചെടുത്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് അബ്ദുള്ളക്കുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ വിജിലൻസ് സംഘം എത്തിയത്.

ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അബ്ദുള്ളക്കുട്ടിയുടെ വീട്ടിലെത്തിയത്. സംസ്ഥാന ഖജനാവിൽ നിന്നുള്ള പണം ദുർവ്യയം നടത്തിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. കണ്ണൂർ കോട്ട നവീകരണത്തിനായി വിപുലമായി നടത്താൻ ഉദ്ദേശിച്ച പദ്ധതിക്കായി ഒരു കോടി രൂപ ചിലവഴിച്ചാണ് ഉപകരണങ്ങളും മറ്റും വാങ്ങിയതെങ്കിലും ഒരു ദിവസത്തെ ലൈറ്റ് ആന്റ് സൗണ്ട് നടത്തിയതല്ലാതെ മറ്റൊന്നും ചെയ്തിരുന്നില്ലെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. ഉദ്ഘാടനം കഴിഞ്ഞ് ദിസവങ്ങൾക്കുള്ളിൽ തന്നെ പദ്ധതി നിലച്ചിരുന്നു.

Updating.....

Trending News