തിരുവനന്തപുരം: ആരിഫ് മുഹമ്മദ് ഖാന്റെ ഉപദേശം തനിക്കാവശ്യമില്ലെന്നും ഇന്ത്യന്‍ രാഷ്ട്രീയത്തിന് ആരിഫ് മുഹമ്മദ് ഖാൻ അപമാനമാണെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ഗവര്‍ണര്‍ ആകുന്നതിന് മുമ്പ് സ്വന്തം താൽപര്യങ്ങൾക്കായി അഞ്ച് രാഷ്ട്രീയ പാര്‍ട്ടികളില്‍ അലഞ്ഞുതിരിഞ്ഞു നടന്ന ഒരാളുടെ ഉപദേശം തനിക്ക് ആവശ്യമില്ല. കേരളത്തിലെ സംഘപരിവാറും ബി.ജെ.പിയും ചെയ്യേണ്ട പണിയാണ് ഗവര്‍ണര്‍ ചെയ്യുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.
ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയെയും ഉമ്മന്‍ ചാണ്ടിയെയും കണ്ട് പഠിക്കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ കാര്യങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് വി.ഡി സതീശൻ ആരോപിച്ചു. കണ്ണൂര്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറുടെ നിമയവിരുദ്ധ നിയമനവും ലോകായുക്ത ഭേദഗതി ബില്ലിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയതും ചൂണ്ടിക്കാട്ടിയായിരുന്നു വി.ഡി. സതീശന്റെ പ്രതികരണം.
നയപ്രഖ്യാപന പ്രസംഗം നടത്തില്ലെന്ന് സര്‍ക്കാരിനെ ഭീഷണിപ്പെടുത്തി ഗവര്‍ണര്‍ ഇടപെട്ട് പൊതുഭരണ സെക്രട്ടറിയെ രാജിവെപ്പിച്ചത് സര്‍ക്കാരിന് നാണക്കേടാണ്. സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് വഴങ്ങിക്കൊടുക്കുകയാണ്. ഇടനിലക്കാരെ വച്ച് ഗവര്‍ണറുമായി പിണറായി സര്‍ക്കാർ കോംപ്രമൈസ് ചെയ്യുകയാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു. എന്നാൽ പൊതുഭരണ സെക്രട്ടറിയെ മാറ്റാൻ താൻ നിർദേശിച്ചിട്ടില്ലെന്നാണ് ഗവർണറുടെ വാദം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...