ആലപ്പുഴ: സിപിഎം നേതാക്കളെ പരസ്യമായി വിമർശിച്ചതിന്റെ പേരിൽ കായംകുളം എംഎൽഎ യു.പ്രതിഭക്കെതിരെ സിപിഎം നടപടി എടുക്കില്ല. സംഭവിച്ച തെറ്റുകൾ പ്രതിഭ ഏറ്റുപറഞ്ഞതോടെയാണ് അച്ചടക്ക നടപടി വേണ്ടെന്ന നിലപാടിലേക്ക് പാർട്ടി എത്തിച്ചേർന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ,പി.ബി.അംഗം എ. വിജയരാഘവൻ എന്നിവരുടെ സാനിധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗമാണ് വിഷയം ചർച്ച ചെയ്തത്. പ്രതിഭയുടെ വിശദീകരണം തൃപ്തികരമാണെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തി. വന്നുപോയ തെറ്റുകൾ പ്രതിഭ സമ്മിതിച്ചതായും ആവർത്തിക്കില്ലെന്ന് ഉറപ്പ് നൽകിയതായും ജില്ലാ സെക്രട്ടറി ആർ.നാസർ പറഞ്ഞു.
പാർട്ടിക്കെതിരെ നടത്തിയ തുടർച്ചായ വിമർശനങ്ങളുടെ പേരിൽ പ്രതിഭക്ക് എതിരെ നടപടി വേണമെന്ന് കായംകുളം ഏര്യാ കമ്മിറ്റി ഉൾപ്പെടെയുള്ള പാർട്ടി ഘടകങ്ങൾ ജില്ലാ കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. കായംകുളത്ത് നിന്ന് രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് പ്രതിഭ
നവ മാധ്യമങ്ങളിലൂടെയും അല്ലാതെയും നേതാക്കൾക്കെതിരെ തുടർച്ചായായി വിമർശനം ഉന്നയിച്ചത്. സംഘടനാ മര്യാദക്ക് വിരുദ്ധമായി പ്രവർത്തിച്ചു, പാർട്ടി വേദികളിൽ ഉന്നയിക്കേണ്ട കാര്യങ്ങൾ പരസ്യമായി പറഞ്ഞു എന്നതടക്കമുള്ള പരാതികളാണ് പ്രതിഭക്ക് എതിരെ നിലനിന്നിരുന്നത്.
കായംകുളം മണ്ഡലത്തിലെ വോട്ട് ചോർച്ച എവിടെയും ചർച്ചയായില്ലെന്ന ഫേസ് ബുക്ക് പോസ്റ്റ് ആയിരുന്നു ആദ്യം വിവാദത്തിന് കാരണമായത്.ഇതിന് പിന്നാലെ സിപിഎം ജില്ലാക്കമ്മിറ്റി പ്രതിഭയോട് വിശദീകരണം തേടിയിരുന്നു. വ്യക്തിപരമായ മനേവിഷമത്തെ തുടർന്നായിരുന്നു പോസ്റ്റ് എന്ന് വിശദീകരിച്ച പ്രതിഭ പിന്നാലെ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ പിന്നെയും വിമർശനവുമായി പ്രതിഭ രംഗത്ത് എത്തി. 'പാർട്ടിയിലെ ഭീരുക്കളാണ് തനിക്കെതിരെ പ്രവർത്തിക്കുന്നതെന്നും ഭീരുക്കളായത് കൊണ്ട് അവരുടെ പേര് പറയുന്നില്ലെന്നും' ഒരു ഘട്ടത്തിൽ പ്രതിഭ തുറന്നടിച്ചു. പ്രതിഭക്കെതിരെ തരംതാഴ്ത്തൽ ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ തൽക്കാലം നടപടി വേണ്ടെന്ന തീരുമാനത്തിൽ പാട്ടി എത്തിച്ചേരുകയായിരുന്നു.
ആലപ്പുഴ ഏര്യാ സമ്മേളനങ്ങളിലെ വിഭാഗീയത അന്വേഷിക്കാനും ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു.ഇതിനായി പാർട്ടി പ്രത്യേക കമ്മീഷനെ നിയോഗിക്കും.ഹരിപ്പാട്,തകഴി,ആലപ്പുഴസൗത്ത്, ആലപ്പുഴ നോർത്ത് എന്നീ ഏര്യാകമ്മിറ്റികളിലെ വിഭാഗീയതയാണ് അന്വേഷിക്കുക.
സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ട മുതിർന്ന നേതാവ് ജി.സുധാകരനെ ജില്ലാ കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്താനും തീരുമാനിച്ചു.
12 അംഗ സെക്രട്ടറിയേറ്റിനെയും തെരഞ്ഞെടുത്തു.സ്കൂൾ കോഴ ആരോപണത്തിൽ നേരത്തെ പാർട്ടിയിൽ നിന്ന് തരംതാഴ്ത്തിയ കെ. രാഘവനെ വീണ്ടും ജില്ലാ സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തി.ജി. സുധാകരന്റെ വിശ്വസ്തനായ നേതാവാണ് കെ.രാഘവൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...