കായിക ചരിത്രത്തില്‍ പുതു അധ്യായം രചിച്ച് കേരള ഗെയിംസിന് സമാപനം; രണ്ടാം കേരള ഗെയിംസ് തൃശൂരില്‍

കേരള ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രഥമ കേരള ഗെയിംസില്‍ 24 ഇനങ്ങളിലാണ്  മത്സരങ്ങള്‍ സംഘടിപ്പിച്ചത്

Last Updated : May 11, 2022, 11:03 AM IST
  • തിരുവനന്തപുരം ജില്ല ഓവറോള്‍ ചാമ്പ്യന്‍മാരായി
  • 39 സ്വര്‍ണവും 38 വെള്ളിയും 30 വെങ്കലമുള്‍പ്പടെ 107 പോയിന്റുമായി എറണാകുളം ജില്ല രണ്ടാം സ്ഥാനത്ത്
കായിക ചരിത്രത്തില്‍ പുതു അധ്യായം രചിച്ച് കേരള ഗെയിംസിന് സമാപനം;  രണ്ടാം കേരള ഗെയിംസ് തൃശൂരില്‍

തിരുവനന്തപുരം: കോവിഡ് മഹാമാരി തളര്‍ത്തിയ കായിക കേരളത്തിന് പുത്തന്‍ ഊര്‍ജ്ജം നല്‍കി പ്രഥമ കേരള ഗെയിംസിന് സമാപനം. ഗെയിംസ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ തിരുവനന്തപുരം ജില്ല ഓവറോള്‍ ചാമ്പ്യന്‍മാരായി. 78 സ്വര്‍ണവും 67 വെള്ളിയും 53 വെങ്കലമുള്‍പ്പടെ 198 പോയിന്റ് നേടിയാണ് തിരുവനന്തപുരം ജില്ല പ്രഥമ കേരള ഗെയിംസിന്റെ ഓവറോള്‍ ചാമ്പ്യന്‍മാരായത്. 39 സ്വര്‍ണവും 38 വെള്ളിയും 30 വെങ്കലമുള്‍പ്പടെ 107 പോയിന്റുമായി എറണാകുളം ജില്ല രണ്ടാം സ്ഥാനം കരസ്ഥമാക്കി. 26 സ്വര്‍ണവും 17 വെള്ളിയും 21 വെങ്കലവുമായി 64 പോയിന്റോടെ കോഴിക്കോട് മൂന്നാം സ്ഥാനത്തെത്തി.

കേരള ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രഥമ കേരള ഗെയിംസില്‍ 24 ഇനങ്ങളിലാണ്  മത്സരങ്ങള്‍ സംഘടിപ്പിച്ചത്. 7000ത്തിലധികം കായിക താരങ്ങള്‍ക്ക് പുത്തന്‍ അവസരങ്ങള്‍ സമ്മാനിച്ചാണ് പ്രഥമ കേരള ഗെയിംസിന് കൊടിയിറങ്ങുന്നത്. നിശാഗന്ധി ആഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനം ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്തു. കേരള ഗെയിംസിലെ വിജയികള്‍ ഭാവിയില്‍ ഒളിമ്പിക്സില്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര മെഡലുകള്‍ നേടാന്‍  കഴിയട്ടെ എന്ന് ഗവര്‍ണര്‍ ആശംസിച്ചു. കേരള സ്‌കൂള്‍ ഗെയിംസില്‍ മികവ് തെളിയിക്കുന്ന 30 കായിക വിദ്യാര്‍ത്ഥികളെ ദത്ത് എടുക്കാനുളള ഒളിമ്പിക് അസോസിയേഷന്റെ തീരുമാനത്തെ ഗവര്‍ണ്ണര്‍ അഭിനന്ദിച്ചു. 

കായികതാരങ്ങള്‍കായിക ചരിത്രത്തില്‍ പുതു അധ്യായം രചിച്ച് കേരള ഗെയിംസിന് സമാപനം കായിക താരങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഗവര്‍ണര്‍ പറഞ്ഞു.
കായികതാരങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടന്നും ഇതു പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തിയ പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി ശ്രീ വി.ശിവന്‍കുട്ടിയും വ്യക്തമാക്കി. കാലഘട്ടത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞാണ് കേരള ഗെയിംസ് സംഘടിപ്പിച്ചതെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ ജി.ആര്‍. അനില്‍ പറഞ്ഞു. കേരള ഗെയിംസ് മികച്ച മാതൃകയെന്ന് മുഖ്യപ്രഭാഷണം നടത്തിയ ശശി തരൂര്‍ എംപി അഭിപ്രായപ്പട്ടു. 

രണ്ടാം കേരള ഗെയിംസിന് തൃശൂര്‍ വേദിയാകുമെന്ന് സ്വാഗതം പ്രസംഗം നടത്തിയ കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി. സുനില്‍കുമാര്‍ പറഞ്ഞു. 2024-25 വര്‍ഷത്തിലാകും രണ്ടാം കേരള ഗെയിംസ് സംഘടപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു. വിവിധ ഇനങ്ങളിലെ ചാമ്പ്യന്‍ഷിപ്പുകള്‍ ഗവര്‍ണര്‍ ഉള്‍പ്പടെ മറ്റു വിശിഷ്ടാത്ഥികള്‍ വിജയികള്‍ക്ക് സമ്മാനിച്ചു.  മേയര്‍ ആര്യ രാജേന്ദ്രന്‍, മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ എസ്.രാജീവ്, ട്രഷറര്‍ എം.ആര്‍.രഞ്ജിത്ത്, വൈസ് പ്രസിഡന്റ് എസ്.എന്‍.രഘുചന്ദ്രന്‍ നായര്‍, തിരുവനന്തപുരം ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്. ബാലഗോപാല്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എസ്.എസ്. സുധീര്‍, സിബിഎസ്ഇ സ്‌കൂള്‍ ദേശീയ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഇന്ദിര രാജന്‍ തുടങ്ങിയവരും സമാപനച്ചടങ്ങില്‍ പങ്കെടുത്തു. സമാപനച്ചടങ്ങിനു ശേഷം ചാരു ഹരിഹരനും സംഘവും അവതരിപ്പിക്കുന്ന സംഗീത നിശ അരങ്ങേറി.

പ്രഥമ കേരള ഗെയിംസില്‍ 48 പോയിന്റോടെ മലപ്പുറവും (26 സ്വര്‍ണം, മൂന്ന് വെള്ളി. 19 വെങ്കലം) നാലാമതും  17 സ്വര്‍ണവും 20 വെള്ളിയും 24 വെങ്കലമുള്‍പ്പടെ 61 പോയിന്റോടെ തൃശൂര്‍ അഞ്ചാം സ്ഥാനത്തെത്തി. 53 പോയിന്റോടെ (16 സ്വര്‍ണം, 13 വെള്ളി 24 വെങ്കലം) പാലക്കാട് ആറാം സ്ഥാനത്ത് നേടി. പത്ത് സ്വര്‍ണവും, 16 വെള്ളിയും 15 വെങ്കലവുമുള്‍പ്പെടെ 41 പോയിന്റോടെ ആലപ്പുഴ ഏഴാം സ്ഥാനത്ത് എത്തി. ഒന്‍പത് സ്വര്‍ണം, ഏഴ് വെള്ളിയും 11 വെങ്കലവുമായി കോട്ടയം 27 പോയിന്റോടെ കോട്ടയം എട്ടാം സ്ഥാനത്തെത്തി. ഒന്‍പത് സ്വര്‍ണം, അഞ്ച് വെള്ളി ഒന്‍പത് വെങ്കലം ഉള്‍പ്പടെ 23 പോയിന്റോടെ കാസര്‍കോഡ് ജില്ല ഒന്‍പതു സ്ഥാനത്ത് എത്തി. ആറ് സ്വര്‍ണം നാല് വെള്ളി 14 വെങ്കലവുമായി കണ്ണൂര്‍ 24 പോയിന്റോടെ പത്താം സ്ഥാനത്ത് എത്തി. ആറ് സ്വര്‍ണം ഒന്‍പത് വെള്ളി എട്ട് വെങ്കലവുമായി കൊല്ലം 23 പോയിന്റോടെ പതിനൊന്നാം സ്ഥാനത്തെത്തി. അഞ്ച് സ്വര്‍ണം ഒരു വെള്ളി ആറ് വെങ്കലമുള്‍പ്പടെ 12 പോയിന്റോടെ പന്ത്രണ്ടാം സ്ഥാനം നേടി ഇടുക്കി. മൂന്ന് സ്വര്‍ണം എട്ട് വെള്ളിയും 11 വെങ്കലമുള്‍പ്പടെ 22 പോയിന്റോടെ വയനാട്  പതിമൂന്നാം സ്ഥാനത്തെത്തി. ഒരു സ്വര്‍ണം ഏഴ് വെള്ളി ഒന്‍പത് വെങ്കലമുള്‍പ്പടെ 14ാം സ്ഥാനത്ത് പത്തനംത്തിട്ട ജില്ല എത്തി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News