തൃശൂർ: തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും മറ്റ് എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും. ഏപ്രിൽ മുപ്പതിനാണ് വിശ്വപ്രസിദ്ധമായ തൃശൂർ പൂരം. രാവിലെ 11.30 നും 11.45 നും ഇടയിലാണ് തിരുവമ്പാടിയില്‍ കൊടിയേറ്റം. പൂജിച്ച കൊടിക്കൂറ കൊടിമരത്തില്‍ ചാര്‍ത്തും.
തുടർന്ന് ദേശക്കാര്‍ ഉപചാരപൂര്‍വം കൊടിമരം നാട്ടി കൂറയുയര്‍ത്തും. കൊടിയേറ്റിന് ശേഷം വൈകിട്ട് മൂന്ന് മണിയോടെ തിരുവമ്പാടി ഭഗവതിയുടെ പൂരം പുറപ്പാട് നടക്കും. 3.30ന് ഭഗവതി നായ്ക്കനാലിൽ എത്തുമ്പോൾ നടുവിലാലിലെയും നായ്ക്കനാലിലേയും പന്തലുകളിലും പൂര പതാകകൾ ഉയരും. ശ്രീമൂലസ്ഥാനത്ത് മേളം കലാശിക്കും.
തുടർന്ന് നടുവിൽ മഠത്തിൽ ആറാട്ട്. അഞ്ചു മണിയോടെ ഭഗവതി തിരുവമ്പാടി ക്ഷേത്രത്തിൽ തിരിച്ചെത്തും. പാറമേക്കാവിൽ ഉച്ചയ്ക്ക് 12ന് ആണ് കൊടിയേറ്റം. പാണികൊട്ടിന് ശേഷം പാരമ്പര്യ അവകാശികള്‍ ഭൂമി പൂജ നടത്തി കൊടിമരം നാട്ടും. പൂജിച്ച കൊടിക്കൂറ ദേശക്കാര്‍ കൊടിമരത്തിലുയര്‍ത്തും.
ക്ഷേത്രത്തിന് മുന്നിലെ പാലമരത്തിലും മണികണ്ഠനാലിലെ ദേശപന്തലിലും പാറമേക്കാവ് വിഭാഗം മഞ്ഞപ്പട്ടില്‍ സിംഹമുദ്രയുള്ള കൊടിക്കൂറ നാട്ടും. വലിയ പാണിക്ക് ശേഷം പുറത്തേക്ക് എഴുന്നള്ളുന്ന പാറമേക്കാവിലമ്മയെ സാക്ഷിയാക്കിയാണ് ചടങ്ങുകൾ. എഴുന്നള്ളിപ്പിൽ അഞ്ച് ആനകൾ അണിനിരക്കും. തുടർന്ന് വടക്കുംനാഥ ക്ഷേത്ര കൊക്കർണിയിൽ തന്ത്രിയുടെ നേതൃത്വത്തിൽ ഭഗവതിക്ക് ആറാട്ടും നടക്കും. ഘടക പൂരങ്ങൾ എഴുന്നള്ളിക്കുന്ന എട്ട് ക്ഷേത്രങ്ങളിലും രാവിലെ എട്ടിനും രാത്രി എട്ടരക്കും ഇടയ്ക്കുള്ള വിവിധ മുഹൂർത്തങ്ങളിലായിരിക്കും കൊടിയേറ്റ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...