ന്യൂയോർക്ക്: മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലെ ഇന്ത്യൻ അംബാസിഡർ തരൺ ജിത്ത് സിംഗ് സന്ധുവുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരുന്നതിനെക്കുറിച്ചും അതിൽ എംബസിക്ക് നൽകാൻ കഴിയുന്ന സഹായങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
ഡിഫൻസ്, സ്പേസ് മേഖലകളിൽ നിക്ഷേപങ്ങൾക്ക് സാധ്യതയുണ്ടെന്ന് അമേരിക്കൻ അംബാസിഡർ അഭിപ്രായപ്പെട്ടു. ഫാർമസ്യൂട്ടിക്കൽ വാക്സിൻ രംഗത്തും സഹകരണത്തിന് സാധ്യതകളുണ്ട്. ആരോഗ്യ പ്രവർത്തകരെ അമേരിക്കയിലേക്ക് അയക്കുന്നതിലും അവർക്ക് നേഴ്സിങ്ങ് വിദ്യാഭ്യാസം വിപുലീകരിച്ചു കൊണ്ട് നിലവാരം ഉയർത്തുന്നതിലും അമേരിക്കൻ കമ്പനികളുമായി സഹകരണത്തിൽ ഏർപ്പെടുന്നതിനെപ്പറ്റിയും ചർച്ച നടന്നു. ടൂറിസം മേഖലയിൽ സഹകരണത്തിന്റെ വലിയ സാധ്യതകളാണുള്ളത്. മെഡിക്കൽ ടൂറിസം രംഗത്തെ സഹകരണം വഴി ആയുർവേദത്തെ ഉൾപ്പെടെ പ്രോത്സാഹിപ്പിക്കാൻ സാധിക്കും.
കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി അമേരിക്കൻ മലയാളി ഡയസ്പോറയിലുള്ള സർവ്വകലാശാല പ്രൊഫസർമാരെ ഉൾപ്പെടെ സഹകരിപ്പിച്ചുകൊണ്ട് എന്തൊക്കെ ചെയ്യാൻ സാധിക്കും എന്നും പരിശോധിക്കും. ഐ.ടി. ഇന്നൊവേഷൻ, സ്റ്റാർട്ട് അപ്പ്, റിന്യുവബിൾ എനർജി, ഗ്രീൻ ഹൈഡ്രജൻ മേഖലകളിലുമുൾപ്പെടെ അമേരിക്കൻ കമ്പനികളും കേരളവുമായുള്ള സഹകരണത്തെ കുറിച്ചും ചർച്ച നടന്നു.
കേരളത്തിനാവശ്യമായ എല്ലാ സഹായങ്ങളും ഇന്ത്യൻ അംബാസിഡർ വാഗ്ദാനം ചെയ്തു. കേരളത്തിൽ കൂടുതൽ അമേരിക്കൻ നിക്ഷേപങ്ങൾ കൊണ്ടുവരാനും കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും അമേരിക്കയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കാനുമാവശ്യമായ നടപടികളെടുക്കാനും എംബസി പിന്തുണ വാഗ്ദാനം നൽകി. അതിനാവശ്യമായ എല്ലാ നടപടികളും കേരള ഗവൺമെന്റിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ധനമന്ത്രി കെ. എൻ ബാലഗോപാൽ, ചീഫ് സെക്രട്ടറി ഡോ വി പി ജോയ്, സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി, ധനകാര്യ (റിസോഴ്സസ് ) വകുപ്പ് ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി മുഹമ്മദ് വൈ സഫിറുള്ള, കെ എസ് ഐ ഡി സി എക്സിക്യൂട്ടീവ് ഡയറക്ടർ സ്നേഹിൽ കുമാർ തുടങ്ങിയവർ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിക്കൊപ്പം പങ്കെടുത്തു. ഇന്ത്യൻ എംബസിയിൽ ജോലി ചെയ്യുന്ന മലയാളി ഉദ്യോഗസ്ഥരായ സ്റ്റീഫൻ മണി, സുജ മേനോൻ, അബു മാത്തൻ എന്നിവരും സന്നിഹിതരായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...