വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെ പാഠ്യഭാഗത്ത് നിന്ന് ഒഴിവാക്കി; സർക്കാരിനെതിരെ പ്രതിഷേധവുമായി കത്തോലിക്ക സഭ

കേരളത്തിന്‍റെ നവോത്ഥാന നായകരെപ്പറ്റിയുള്ള വിശദമായ വിവരണത്തിൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലീയാസച്ചനെ ഒഴിവാക്കിയതിലാണ് സഭയ്ക്ക് പരാതി

Written by - Zee Malayalam News Desk | Last Updated : Jul 11, 2022, 12:55 PM IST
  • പാഠ്യഭാഗത്ത് നിന്ന് ഒഴിവാക്കി
  • സഭയുടെ യുവജനവിഭാഗമാണ് വിഷയത്തെ കൂടുതൽ ശക്തമായി എതിർക്കുന്നത്
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെ പാഠ്യഭാഗത്ത് നിന്ന് ഒഴിവാക്കി; സർക്കാരിനെതിരെ പ്രതിഷേധവുമായി കത്തോലിക്ക സഭ
തിരുവനന്തപുരം:സംസ്ഥാന സിലബസിലെ ഏഴാം ക്ലാസ് സമൂഹികശാസ്ത്രം പാഠപുസ്തകത്തിലെ 'നവകേരള സൃഷ്ടിക്കായി' എന്ന അധ്യായത്തിൽ നിന്നും വിശദ്ധ ചാവറ കുര്യാക്കോസ് ഏലീയാസ് അച്ചനെ ഒഴിവാക്കിയതിൽ പ്രതിഷേധവുമായി കത്തോലിക്ക സഭ. കേരളത്തിന്‍റെ നവോത്ഥാന നായകരെപ്പറ്റിയുള്ള വിശദമായ വിവരണത്തിൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലീയാസച്ചനെ ഒഴിവാക്കിയതിലാണ് സഭയ്ക്ക് പരാതി. ക്രൈസ്തവ വിഭാഗത്തോടുള്ള തമസ്കരണങ്ങളുടെയും, അവഗണനയുടെയും ബോധപൂർവമായ തുടർച്ചയായി മാത്രമേ നടപടിയെ കാണാൻ സാധിക്കൂവെന്ന വിമർശനവുമായി വിവിധ കത്തോലിക്ക സംഘടനകളും രംഗത്ത് എത്തി.
 
സഭയുടെ യുവജനവിഭാഗമാണ് വിഷയത്തെ കൂടുതൽ ശക്തമായി എതിർക്കുന്നത്. ജാതീയ വ്യവസ്ഥയിൽ നട്ടംതിരിഞ്ഞ കേരള സമൂഹത്തിൽ ഓരോ വ്യക്തിയേയും മനുഷ്യനായി കണ്ടുകൊണ്ട് എല്ലാവർക്കും വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി പള്ളിയോടൊപ്പം പള്ളിക്കൂടം എന്ന ആഹ്വാനത്തിലൂടെ നാട്ടിലെ വിദ്യാഭ്യാസ ചരിത്രത്തിന് പുതിയ മാനം നൽകിയ വ്യക്തിയാണ് ചാവറയച്ചനെന്നും അദ്ദേഹത്തെ ഒഴിവാക്കിയ നടപടി പ്രതിഷേധാർഹമാണെന്നും സീറോ മലബാർ സഭയിലെ യുവജന സംഘടനയായ കെസിവൈഎം പറയുന്നു.
 
പാഠഭാഗത്ത് നിന്ന് ചാവറ കുര്യാക്കോസ് അച്ചനെ ഒഴിവാക്കിയെന്ന വാർത്ത സഭയുടെ തന്നെ പത്രമായ ദീപികയാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ഇതിനെ തുടർന്ന് വിവാദം മറ്റു കത്തോലിക്ക സംഘടനകൾ ഏറ്റെടുക്കുകയായിരുന്നു. വിദ്യാഭ്യാസമന്ത്രിക്കും മുഖ്യമന്ത്രിക്കും വിഷയത്തിൽ കെസിവൈഎം ഉൾപ്പെടെ പരാതി നൽകിയിട്ടുമുണ്ട്. പി സി തോമസ്,  തോമസ് ഉണ്ണിയാടൻ തുടങ്ങിയ കേരള കോൺഗ്രസ് നേതാക്കളും വിവാദമായ നടപടി ഏറ്റെടുത്തിട്ടുണ്ട്. എൽഡിഎഫിലെ ഘടകകക്ഷി കൂടിയായ ജോസ് കെ മാണിയുടെ കേരള കോൺഗ്രസ് എം വിഷയത്തിൽ സ്വീകരിക്കുന്ന നിലപാടും ശ്രദ്ധനേടുമെന്ന് ഉറപ്പാണ്.
 
സർക്കാർ നടപടിയിലെ പ്രതിഷേധം കത്തോലിക്ക ബിഷപ്പുമാരും പരസ്യമാക്കുന്നുണ്ട്. ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ഉൾപ്പെടെ സർക്കാരിനെ വിമർശിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. എയ്ഡഡ് നിയമനങ്ങളിൽ ഉൾപ്പെടെ സർക്കാരുമായി ഉടക്കി നിൽക്കുന്ന സഭ പുതിയ വിവാദം ഏറ്റെടുക്കുമെന്ന കാര്യത്തിൽ സംശയമില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 
 
 
 
 

Trending News