തിരുവനന്തപുരം: ഗവർണ്ണറുടെ വിമനയാത്രയ്ക്ക് 30 ലക്ഷം രൂപ അധികം അനുവദിച്ച് സർക്കാർ ഉത്തരവ്. നിലവില്‍ അനുവദിച്ച തുക ചെലവിഴിച്ച സാഹചര്യത്തിലാണ് അധിക തുക അനുവദിച്ചത്. ഡിസംബർ 30നായിരുന്നു ഗവർണ്ണറുടെ സെക്രട്ടറി സർക്കാറിനോട് അധിക തുക ആവശ്യപ്പെട്ടത്. കഴിഞ്ഞ ചെവ്വാഴ്ച്ചയാണ് തുക അനുവദിച്ചത്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരുടുന്നതിനിടെയിലാണ് ഗവർണറുടെ വിമാന യാത്രക്ക് 30 ലക്ഷം ധനമന്ത്രി ബാലഗോപാൽ അനുവദിച്ചത്.
ജനുവരി ഏഴിനാണ് വിമാനയാത്രക്ക് ചെലവായ തുക ഗവർണർക്ക് അനുവദിച്ചത്. 2022-23 ലെ ബജറ്റിൽ ഗവർണറുടെ യാത്രക്ക് അനുവദിച്ചിരുന്ന തുക തീർന്നതോടെയാണ് അധിക ധനമായി ഇപ്പോൾ തുക അനുവദിച്ചിരിക്കുന്നത്. സാമ്പത്തിക നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് സർക്കാർ തുക അനുവദിച്ചത്. 25 ലക്ഷം രൂപ വരെയുള്ള തുകകൾ ട്രഷറിയിൽ നിന്ന് മാറുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണത്തിൽ മാറ്റം വരുത്തിയാണ് തുക അനുവദിച്ചത്.
ഒഡെപ്പെക്ക് വഴിയാണ് ഗവർണർ വിമാനയാത്രക്ക് ടിക്കറ്റ് എടുത്തിരുന്നത്. 2022 ഡിസംബർ 30 ന് ഗവർണറുടെ വിമാനയാത്രക്ക് ചെലവായ 30 ലക്ഷം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി സർക്കാരിന് കത്ത് നൽകിയത്. സർവ്വകലാശാല വൈസ് ചാൻസലർ തർക്കവുമായി ബന്ധപ്പെട്ട് ശീതസമരത്തിലായിരുന്നതിനാൽ സർക്കാര്‍ ഇത് ആദ്യം പരിഗണിച്ചിരുന്നില്ല. ഗവർണറുടെ ക്രിസ്മസ് വിരുന്നിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തിരുന്നുമില്ല. അതുകൊണ്ട് തന്നെ വിമാന യാത്രക്ക് ചെലവായ തുക നൽകണമെന്നാവശ്യപ്പെട്ട് ഡിസംബർ 30 ന് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി നൽകിയ കത്തിൽ സർക്കാർ തീരുമാനമെടുത്തില്ല.
ഗവർണറും സർക്കാരും തമ്മിലുള്ള തർക്കം തീരുന്നതിനിടെ ജനുവരി ഒമ്പതിന് പൊതുഭരണ പൊളിറ്റിക്കൽ വകുപ്പ് ധനവകുപ്പിന് ഫയൽ കൈമാറി. ഒപ്പം ജനുവരി 26 ന് രാജ് ഭവനിൽ നടന്ന റിപ്പബ്ലിക് ദിന വിരുന്നിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുകയും ചെയ്തു. വിമാന യാത്രക്ക് ചെലവായ തുക അനുവദിക്കണമെന്ന അഭ്യർത്ഥനയും ഗവർണർ വിരുന്നിൽ നടത്തി. എല്ലാം ശരിയാക്കാമെന്ന് മുഖ്യമന്ത്രിയും ഉറപ്പ് നൽകി. ധന എക്സ് പെൻഡിച്ചർ വിംഗ് പരിശോധിച്ച് കൈമാറിയ ഫയൽ ഗവർണറുടെ അപ്രീതിക്ക് പാത്രമായ ധനമന്ത്രി ബാലഗോപാൽ ഫയലിൽ ഒപ്പിടാൻ മടിച്ചു.
ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ ഒത്തുതീർപ്പിലായ തോടെ മുഖ്യമന്ത്രി ബാലഗോപാലിനോട് ഫണ്ട് അനുവദിക്കാൻ ആവശ്യപ്പെട്ടുകയായിരുന്നു. ഫെബ്രുവരി മൂന്നിന് ബജറ്റ് അവതരിപ്പിച്ചതിന് ശേഷമാണ് തുക അനുവദിക്കാനുള്ള ഫയലിൽ ബാലഗോപാൽ ഒപ്പിട്ടത്. തുടർന്ന് ഫെബ്രുവരി ഏഴിന് തുക അനുവദിച്ച ഉത്തരവ് ധന ബജറ്റ് വിംഗിൽ നിന്നിറങ്ങി. കേരളാഗവർണ്ണർ കേരളത്തിൽ ഉണ്ടാവാറില്ല, മുഴുവൻ സമയവും പുറത്താണെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. കൂടാതെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ തുക അനുവദിച്ച സര്‍ക്കാർ നടപടിക്കെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്താനാണ് സാധ്യത.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...