Tanur Boat Accident: മത്സ്യബന്ധന ബോട്ട് വിനോദയാത്രാ ബോട്ട് ആയി; അറ്റ്ലാന്റിക്കിന് ലൈസൻസ് ലഭിച്ചത് എങ്ങനെ?

Tanur Boat Accident: അനുവദനീയമായതിലും കൂടുതൽ പേരെ ബോട്ടിൽ കയറ്റിയതായി റിപ്പോർട്ടുണ്ട്. കൂടുതൽ പേർ വശങ്ങളിലേക്ക് നീങ്ങിയതാണോ അപകട കാരണമെന്നും അന്വേഷിക്കുന്നുണ്ട്.   

Written by - Zee Malayalam News Desk | Last Updated : May 8, 2023, 08:24 AM IST
  • അറ്റ്ലാന്റിക് എന്ന ബോട്ടിന് എങ്ങനെ ലൈസൻസ് ലഭിച്ചുവെന്നതാണ് അന്വേഷിക്കുന്നത്.
  • വിനോദസഞ്ചാരത്തിന് ഇത്തരം ബോട്ടുകൾക്ക് ലൈസൻസ് സാധാരണ​ഗതിയിൽ കൊടുക്കാറില്ല.
  • യാർഡിൽ പോയി ബോട്ടിന് രൂപം മാറ്റം വരുത്തുകയായിരുന്നു.
Tanur Boat Accident: മത്സ്യബന്ധന ബോട്ട് വിനോദയാത്രാ ബോട്ട് ആയി; അറ്റ്ലാന്റിക്കിന് ലൈസൻസ് ലഭിച്ചത് എങ്ങനെ?

മലപ്പുറം: താനൂരിൽ അപകടത്തിൽപ്പെട്ട ബോട്ട് മത്സ്യബന്ധന ബോട്ട് രൂപം മാറ്റിയുണ്ടാക്കിയതെന്ന് ആരോപണം. മത്സ്യബന്ധന ബോട്ടിനെ വിനോദയാത്രാ ബോട്ടാക്കി മാറ്റുകയായിരുന്നുവെന്നാണ് ആരോപണം. അത്തരത്തിൽ മാറ്റിയതാണെങ്കിൽ അറ്റ്ലാന്റിക് എന്ന ബോട്ടിന് എങ്ങനെ ലൈസൻസ് ലഭിച്ചുവെന്നതാണ് അന്വേഷിക്കുന്നത്. വിനോദസഞ്ചാരത്തിന് ഇത്തരം ബോട്ടുകൾക്ക് ലൈസൻസ് സാധാരണ​ഗതിയിൽ കൊടുക്കാറില്ല. യാർഡിൽ പോയി ബോട്ടിന് രൂപം മാറ്റം വരുത്തുകയായിരുന്നു. പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ വച്ചാണ് രൂപം മാറ്റം വരുത്തിയതെന്നും ആരോപണമുണ്ട്. 

അപകടത്തിൽപ്പെട്ട ബോട്ടിന്റെ വശങ്ങളിൽ അപകടകരമായ രീതിയിൽ ആളുകൾക്ക് നിൽക്കാനും സൗകര്യമുണ്ടായിരുന്നു. ബോട്ടിനുള്ളിൽ അനുവദനീയമായതിലും കൂടുതൽ പേരെ ഉൾപ്പെടുത്തിയിരുന്നതായാണ് റിപ്പോർട്ട്. യാത്രയ്ക്കിടെ കൂടുതൽ പേർ വശങ്ങളിലേക്ക് മാറിയതാണോ അപകടത്തിലേക്ക് നയിച്ചതെന്നും സംശയമുണ്ട്. 

അതേസമയം അപകടത്തിൽ ബോട്ട് ഉടമയ്ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. താനൂർ സ്വദേശിയായ നാസറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇയാൾ നിലവിൽ ഒളിവിലാണ്. നരഹത്യ ഉൾപ്പെടെ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്. ബോട്ടുയാത്ര മാനദണ്ഡങ്ങൾ ലംഘിച്ചായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തിൽ പെട്ട അറ്റ്ലാന്റിക് ബോട്ടിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ച കാര്യത്തിലടക്കം പോലീസ് പരിശോധന നടത്തുന്നുണ്ട്. തുറമുഖ വകുപ്പ്, ഇൻലാന്റ് നാവിഗേഷൻ എന്നിവരുടെ ലൈസൻസ് ബോട്ടിന് ഉണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം. ബോട്ടിൽ ലൈസൻസ് നമ്പർ ഉണ്ട്. 

Also Read:  Tanur Boat Accident: താനൂര്‍ ബോട്ട് അപകടം: സംസ്ഥാനത്ത് ഇന്ന് ഔദ്യോഗിക ദുഃഖാചരണം

 

മെയ് 7, ഞായറാഴ്ച വൈകുന്നേരം ഏഴ് മണിക്കും 7.40 നും ഇടയില്‍ ആയിരുന്നു ബോട്ട് അപകടം സംഭവിച്ചത്. ഒട്ടുംപുറം തൂവല്‍തീരം ബീച്ചിന് സമീപം വച്ചായിരുന്നു ബോട്ട് മുങ്ങിയത്. അവധിദിവസം ആഘോഷമാക്കാന്‍ എത്തിയവരാണ് അപകടത്തില്‍ പെട്ടത്. ബോട്ടില്‍ മുപ്പത്തിയഞ്ച് മുതല്‍ നാല്‍പത് വരെ ആളുകള്‍ ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ കണ്ടെത്താന്‍ ആയിട്ടില്ല. താനൂർ ബോട്ട് ദുരന്തത്തിൽ 22 പേരാണ് ഇതുവരെ മരിച്ചത്. ആറ് കുഞ്ഞുങ്ങളും മൂന്ന് സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ട്. ഏഴ് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇവരെ സമീപത്തെ ആശുപത്രികളില്‍ ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആകെ പത്ത് പേരാണ് ചികിത്സയിലുള്ളത്. 

അപകടത്തില്‍ മരണപ്പെട്ടവരുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാവിലെ ആറ് മണി മുതല്‍ തന്നെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. 

അവധിക്കാലവും ഞായറാഴ്ച ആയതും തിരക്ക് കൂട്ടി. ബോട്ടിലുണ്ടായിരുന്നതിലേറെയും സ്ത്രീകളും കുഞ്ഞുങ്ങളുമായിരുന്നുവെന്നാണ് റിപ്പോർട്ട്.  രാത്രിയിലെ രക്ഷാപ്രവർത്തനം വളരെ ദുർഘടമായിരുന്നു. ചതുപ്പും, വെളിച്ചക്കുറവും രക്ഷാപ്രവർത്തനത്തിന് ശരിക്കും വെല്ലുവിളിയായി. രാത്രിയിൽ നിർത്തിവച്ച രക്ഷാപ്രവർത്തനം രാവിലെ പുനരാരംഭിച്ചു.

ബോട്ട് ദുരന്തത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. മലയാളത്തിലും ഇംഗ്ലീഷിലും ഉള്ള ട്വീറ്റിലൂടെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം അറിയിച്ചത്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവും ഉപരാഷ്ട്രപതിയും അപകടത്തില്‍ അനുശോചനം അറിയിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനും അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി. എല്ലാ സര്‍ക്കാര്‍ പരിപാടികളും മാറ്റിവച്ച് മുഖ്യമന്ത്രി താനൂരിലെത്തും. മെയ് 8, തിങ്കളാഴ്ച സര്‍ക്കാര്‍ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് നടക്കേണ്ട, താലൂക്ക് തല അദാലത്തുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ പരിപാടികളും മാറ്റിവയ്ക്കുകയും ചെയ്തു.

പ്രതിപക്ഷ നേതാവ് വിഡി സതീശനും താനൂരിലെത്തും. അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ സാഹചര്യമാണ് താനൂരില്‍ ഉണ്ടായത് എന്ന് അദ്ദേഹം പ്രതികരിച്ചു. അപകടത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് സമീപത്തെ ആശുപത്രികളില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അപകടത്തിന്റെ കാരണങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ വിശദമായ അന്വേഷണം നടത്തണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News