തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും ഗുരുതര അനാസ്ഥ. മരിച്ചയാളിന്റെ മൃതദേഹമെന്ന് പറഞ്ഞു നൽകിയത് മറ്റൊരാളുടെ മൃതദേഹം. മൃതദേഹം സംസ്ക്കരിച്ചതിനുശേഷമാണ് മാറിപ്പോയ വിവരം അറിയുന്നത്. എന്നാൽ യഥാര്‍ഥയാള്‍ മരിച്ചതാകട്ടെ കഴിഞ്ഞദിവസവും.
കഴിഞ്ഞ പതിനൊന്നിനാണ് കരമന-കളിയിക്കാവിള ദേശീയപാതയിലുണ്ടായ അപകടത്തില്‍ നരുവാമൂട് നടുക്കാട് തെങ്ങുവിള വീട്ടില്‍ ബാബുവും മലയിന്‍കീഴ് വെച്ചുണ്ടായ അപകടത്തില്‍പ്പെട്ട് ഒറ്റശേഖരമംഗലം ചേനാട് കുന്നിന്‍പുറം ലാവണ്യയില്‍ ലാല്‍മോഹനും ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്.
ഇതില്‍ ബാബു 12 ന് മരിച്ചിരുന്നു. എന്നാല്‍ ഇത് ലാല്‍മോഹന്റെ മൃതദേഹമാണെന്ന് തെറ്റിദ്ധരിച്ച് ബന്ധുക്കള്‍ കൊണ്ടുപോകുകയും മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. എന്നാല്‍ ലാല്‍മോഹന്‍ ശരിക്കും മരിച്ചത് കഴിഞ്ഞ ദിവസമായിരുന്നു.
Also Read: 'പുട്ട് എനിക്കിഷ്ടമില്ല, ബന്ധങ്ങൾ തകർക്കും'; മൂന്നാം ക്ലാസുകാരന്റെ ഉത്തരക്കടലാസ് വൈറലാകുന്നു
കഴിഞ്ഞ 11 ന് മലയിന്‍കീഴ് വെച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ലാല്‍മോഹനേയും അതേ ദിവസം തന്നെ അപകടത്തില്‍പ്പെട്ട ബാബുവിനേയും അടുത്തടുത്ത സമയങ്ങളില്‍ മെഡിക്കല്‍കോളേജ് ആശുപത്രിയിലെത്തിച്ചിരുന്നു. രണ്ടുപേരുടെയും കേസ് നമ്പരുകളും അടുത്തടുത്തതായിരുന്നു. ഇതിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബാബുവിനെ ന്യൂറോ ഐസിയുവിലേയ്ക്കും ലാല്‍മോഹനെ ഐസിയുവിലേയ്ക്കും അഡ്മിറ്റ് ചെയ്തു.
ലാല്‍മോഹന്റെ അപകടം അറിഞ്ഞെത്തിയ ബന്ധുക്കളെ ഐ.സി.യു.വിലേയ്ക്ക് മാറ്റിയ ബാബുവിന്റെ ബന്ധുക്കളാണെന്ന് തെറ്റിദ്ധരിച്ച ആശുപത്രി അധികൃതർ അവരെ അങ്ങോട്ടേക്ക് പറഞ്ഞുവിടുകയായിരുന്നു. ശേഷം 12 ന് ബാബു മരിച്ചപ്പോൾ മരിച്ചത് ലാൽമോഹൻ ആണെന്ന തെറ്റിദ്ധാരണയിൽ ബന്ധുക്കൾ മലയിൻകീഴ് പോലീസിനെ അറിയിക്കുകയും മേൽനടപടികൾ പൂർത്തിയാക്കി ശവസംസ്ക്കാരം നടത്തുകയും ചെയ്തു. എന്നാൽ ഈ സമയം ശരിക്കും ലാല്‍മോഹന്‍ അജ്ഞാതനായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
Also Read: Shukara Gochar: ശുക്രൻ കുംഭ രാശിയിലേക്ക്; ഈ 4 രാശിക്കാരുടെ ഭാഗ്യം തിളങ്ങും ഒപ്പം വൻ ധനലാഭവും!
മാത്രമല്ല കുടുംബവുമായി അകന്നുകഴിയുന്ന നരുവാമൂട് സ്വദേശിയായ ബാബു അപകടത്തില്‍പ്പെട്ട വിവരം കുടുംബാംഗങ്ങള്‍ അറിഞ്ഞിരുന്നുമില്ല. ഇദ്ദേഹം വല്ലപ്പോഴും മാത്രമേ വീട്ടില്‍ പോകാറുണ്ടായിരുന്നുള്ളൂ. പിന്നീട് ബാബുവിനെ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിന് നൽകിയ പ്രതിയെ തുടർന്നാണ് അപകടത്തെ തുടര്‍ന്ന് മെഡിക്കല്‍കോളേജില്‍ ബാബു എത്തിയതായി അറിയുന്നത്. തുടര്‍ന്നുനടന്ന അന്വേഷണത്തിൽ ബാബു മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിക്കുകയായിരുന്നു.
ഇതറിഞ്ഞു ബാബുവിന്റെ ബന്ധുക്കൾ ബുധനാഴ്ച ആശുപത്രിയിലെത്തിയപ്പോൾ മൃതദേഹം കാണിച്ചപ്പോഴാണ് ആളുമാറി സംസ്‌കരിച്ച വിവരം പുറം ലോകം അറിയുന്നത്. ലാല്‍മോഹനാണെന്ന് കരുതി ബാബുവിനെ പരിചരിക്കുകയും മരണാനന്തര ക്രിയകള്‍ നടത്തി സംസ്‌കരിക്കുകയും ചെയ്തിട്ടും ആളെ തിരിച്ചറിയാന്‍ ബന്ധുക്കള്‍ക്ക് കഴിയാതെ പോയതാണ് പോലീസിനെ കുടുക്കിയത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.