Sadananda Gowda: പിണറായി വിജയന്‍ അഴിമതിയില്‍ കോണ്‍ഗ്രസുമായി മത്സരിക്കുന്നുവെന്ന് സദാനന്ദ ഗൗഡ

വടകരയില്‍  കെ.സുരേന്ദ്രന്‍ നയിക്കുന്ന എന്‍.ഡി.എയുടെ കേരള പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു സദാനന്ദ ​ഗൗഡ.

Written by - Zee Malayalam News Desk | Last Updated : Jan 31, 2024, 08:25 PM IST
  • ഒരു അഴിമതി ആരോപണം പോലും ഈ കേന്ദ്രസര്‍ക്കാരിനെതിരെ ഉന്നയിക്കപ്പെട്ടിട്ടില്ല
  • ബി.ജെ.പിയുടെ ഭരണം കേരളത്തിലും വന്നാല്‍ മാത്രമേ കേരളം വികസിതമാവുകയുള്ളൂ
  • അയല്‍ സംസ്ഥാനമായ കര്‍ണാടക ലോക്സഭയിലേക്ക് 28 പേരെയാണ് ബി.ജെ.പി സഖ്യത്തിന് നല്‍കുന്നത്
  • കേരളം ഒരു എട്ടു സീറ്റെങ്കിലും നല്‍കണമെന്നും സദാനന്ദ ​ഗൗഡ പറഞ്ഞു
Sadananda Gowda: പിണറായി വിജയന്‍ അഴിമതിയില്‍ കോണ്‍ഗ്രസുമായി മത്സരിക്കുന്നുവെന്ന് സദാനന്ദ ഗൗഡ

കോഴിക്കോട്: അഴിമതിയുടെ കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ഗ്രസുമായി മത്സരിക്കുകയാണെന്ന് മുന്‍ കേന്ദ്രമന്ത്രി സദാനന്ദഗൗഡ. വടകരയില്‍  കെ.സുരേന്ദ്രന്‍ നയിക്കുന്ന എന്‍.ഡി.എയുടെ കേരള പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു സദാനന്ദ ​ഗൗഡ. ഒമ്പതര വര്‍ഷമായി കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട്.

ഒരു അഴിമതി ആരോപണം പോലും ഈ കേന്ദ്രസര്‍ക്കാരിനെതിരെ ഉന്നയിക്കപ്പെട്ടിട്ടില്ല. ബി.ജെ.പിയുടെ ഭരണം കേരളത്തിലും വന്നാല്‍ മാത്രമേ കേരളം വികസിതമാവുകയുള്ളൂ. അയല്‍ സംസ്ഥാനമായ കര്‍ണാടക ലോക്സഭയിലേക്ക് 28 പേരെയാണ് ബി.ജെ.പി സഖ്യത്തിന് നല്‍കുന്നത്. കേരളം ഒരു എട്ടു സീറ്റെങ്കിലും നല്‍കണമെന്നും സദാനന്ദ ​ഗൗഡ പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ വിഭവ സമാഹരണത്തില്‍ പരാജയപ്പെട്ടതുകൊണ്ടാണ് കേരളത്തില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിട്ടുള്ളത്. 58,000 കോടി കേരളത്തിന് നല്‍കാനുണ്ടെന്ന് വ്യാജപ്രചാരണമാണ് കേരളത്തിലെ  സി.പി.എം നടത്തുന്നത്. മുമ്പ്് നല്‍കിയ തുകയുടെ കണക്കുകള്‍ നല്‍കാത്തതിനാല്‍ 4,800 കോടി  രൂപ മാത്രമാണ് പിടിച്ചുവച്ചിരിക്കുന്നത്. കണക്കുകള്‍ നല്‍കിയാല്‍ മൂന്നാം ദിവസം പണം നല്‍കാമെന്ന് ധനനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അറിയിച്ചതാണ്. ഇത്രനാളായിട്ടും സംസ്ഥാനം മറുപടി നല്‍കിയിട്ടില്ല. നികുതി ഇനത്തില്‍ കേരളം 14,000 കോടി രൂപയുടെ വീഴ്ചയാണ് വരുത്തിയത്. അത് പിരിച്ചെടുക്കുകയാണ് വേണ്ടത്.

ക്രമസമാധാന നിലയിലും കേരളം തകര്‍ന്നിരിക്കുകയാണ്. ഒരു വര്‍ഷത്തിനുള്ളില്‍ 3568 പോക്‌സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളാണിത്.  ഇതുകൂടാതെ പെണ്‍കുട്ടികള്‍ക്ക് നേരെ കേരളത്തില്‍ ഇതിലും കൂടുതല്‍ ലൈംഗിക അതിക്രമങ്ങളും നടക്കുന്നുണ്ട്.  സംസ്ഥാനത്തിനായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും  സദാനന്ദ ഗൗഡ അക്കമിട്ട് നിരത്തി. കേരളത്തില്‍ 3.41 ലക്ഷം വീട്ടമ്മമാര്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷന്‍ നല്‍കി.

10786 ജനൗഷധി കേന്ദ്രങ്ങള്‍ തുടങ്ങി. തെരുവു വാണിഭക്കാര്‍ക്കായി 62.58 കോടി രൂപ വിതരണം ചെയ്തു. 7,37,000 പേര്‍ക്ക് ആയുഷ് മാന്‍ ഭാരത് ഹെല്‍ത്ത് കാര്‍ഡുകള്‍ നല്‍കി. പി.എം ആവാസ് യോജന പ്രകാരം 1.14 ലക്ഷം വീടുകള്‍ നല്‍കി. 36 ലക്ഷം പേര്‍ക്ക് 6,000 രൂപ വീതം കിസാന്‍ സമ്മാന്‍ നിധി നല്‍കി.1.56 ലക്ഷം കോടി രൂപ ചെലവിട്ട് 1020 കിലോ മീറ്റര്‍ ദേശീയ പാത സ്ഥാപിച്ചു.  ബി.ജെ.പി നേതാക്കളായ പി.കെ. കൃഷ്ണദാസ്, കെ.പി ശ്രീശന്‍, പ്രഫുല്‍കൃഷ്ണ, എം.ടി  രമേശ് തുടങ്ങിയവര്‍ സംസാരിച്ചു.

Trending News