ഇടുക്കി: ഇടുക്കി ഡാമിൽ പ്രഖ്യാപിച്ച റെഡ് അലർട്ട് (Red alert) പിൻവലിച്ചു. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഡാമിലെ ജലനിരപ്പ് നേരിയ തോതിൽ കുറഞ്ഞ സാഹചര്യത്തിലാണ് റെഡ് അലർട്ട് പിൻവലിച്ചത്. 2398.26 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ് (Water level).
റൂൾ കർവ് പ്രകാരം ഇടുക്കി ഡാമിലെ ജലനിരപ്പ് 2398.31 അടിയിൽ എത്തിയപ്പോഴാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ഇപ്പോൾ മഴ പെയ്യുന്നില്ല. ജില്ലയിൽ നിലവിൽ മഴ കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് റെഡ് അലർട്ട് പിൻവലിച്ച് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.
ALSO READ: Rain Alert : സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്
അതേസമയം, സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി തുടർന്ന് വരുന്നത് പോലെ തന്നെ ഉച്ചയ്ക്ക് ശേഷമുള്ള സമയത്താണ് കനത്ത മഴ ലഭിക്കാൻ സാധ്യതയെന്നും അറിയിപ്പുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ, കാസർകോട് ജില്ലകളിൽ മുന്നറിയിപ്പ് ഇല്ല.
മലയോര പ്രദേശങ്ങളിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനാൽ തന്നെ മലയോര മേഖലയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്. തമിഴ്നാട്ട് തീരത്ത് രൂപപ്പെട്ട ചക്രവാത ചുഴിയാണ് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് കാരണമാകുന്നത്.
ALSO READ: Koottickal landslide: കൂട്ടിക്കൽ ഉരുൾപൊട്ടൽ; ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി
ഇപ്പോൾ കന്യാകുമാരിക്ക് സമീപത്തായിട്ടുള്ള ചക്രവാതച്ചുഴി രണ്ട് ദിവസത്തിനകം തന്നെ ദുർബലമാകുമെന്നാണ് കരുതുന്നത്. ചക്രവാതച്ചുഴി ദുർബലമായാൽ സംസ്ഥാനത്തെ മഴയുടെ തീവ്രത കുറയും. തുലാവർഷത്തിന് മുൻപായി എത്തുന്ന കിഴക്കൻ കാറ്റും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് കാരണമാകുന്നുണ്ട്. സംസ്ഥനത്ത് തുലാവർഷം അടുത്തയാഴ്ചയോടെ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ശക്തമായ കാറ്റിനും മോശം കാലാവസ്ഥയക്കും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിച്ച പ്രദേശങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലിനും സാധ്യത കൂടുതലായതിനാല്‍ അതീവ ജാഗ്രത വേണമെന്നും റിപ്പോർട്ടുണ്ട്. ഇവിടെ നിന്ന് ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റും. ഈ മാസം 25 വരെയാണ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നിലവിൽ 435 ക്യാമ്പുകളിലായി 8,665 കുടുംബങ്ങളാണുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...