തോരാമഴ: ആളുകളെ മാറ്റിപ്പാർപ്പിക്കാൻ ദുരന്തനിവാരണസേന; NDRF സംഘമെത്തിയത് ഏഴ് ജില്ലകളിൽ

മുൻകരുതലുകൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടങ്ങളോട് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

Written by - Zee Malayalam News Desk | Last Updated : May 19, 2022, 11:57 AM IST
  • ഭൂതത്താന്‍കെട്ട് അണക്കെട്ടിന്‍റെ പത്ത് ഷട്ടറുകള്‍ തുറന്നു
  • വൈപ്പിൻ, ഞാറക്കൽ അടക്കമുള്ള തീരമേഖലയിലും ഉൾവഴികൾ വെള്ളത്തിലാണ്
തോരാമഴ: ആളുകളെ മാറ്റിപ്പാർപ്പിക്കാൻ  ദുരന്തനിവാരണസേന; NDRF സംഘമെത്തിയത് ഏഴ് ജില്ലകളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ ദുരന്തനിവാരണ സേനയുടെ ഏഴംഗ സംഘം കേരളത്തിലെത്തി. ദുരന്തനിവാരണ സേനയുടെ ആരക്കോണം, RRC തൃശൂർ ടീമുകളാണ് രക്ഷാപ്രവർത്തനങ്ങൾക്കായി വിവിധ ജില്ലകളിൽ എത്തിയത്. തൃശൂരിൽ രണ്ട് സംഘങ്ങൾ പ്രവർത്തനം തുടങ്ങി. അതിനിടെ, വരുന്ന മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉരുൾപൊട്ടൽ,മണ്ണിടിച്ചിൽ ഭീഷണിയുള്ള സ്ഥലങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചിട്ടുണ്ട്.

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ ശക്തമാണ്. തൃശൂർ വരെയുള്ള ജില്ലകളില്‍ രാത്രി മുതല്‍ ശക്തമായ മഴ തുടരുകയാണ്. കൊച്ചിയിലെ വിവിധ താഴ്ന്ന  പ്രദേശങ്ങളിൽ  വെള്ളംകയറി. മൂവാറ്റുപുഴ, കളമശേരി മേഖലകളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. കൊച്ചി നഗരത്തിലെ സൗത്ത് റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, എം.ജി റോഡ്, പനമ്പള്ളി നഗര്‍, കലൂര്‍, ഇടപ്പള്ളി ഭാഗങ്ങളിലാണ് ജനങ്ങൾക്ക് കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ച് മുട്ടോളം പൊക്കത്തിൽ വെള്ളം കയറിയത്. വൈപ്പിൻ, ഞാറക്കൽ അടക്കമുള്ള തീരമേഖലയിലും ഉൾവഴികൾ വെള്ളത്തിലാണ്. 

കളമശ്ശേരിയിൽ വീടുകളിൽ വെള്ളം കയറി. ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ എൻഡിആർഎഫ് സംഘത്തിൻ്റെ നേതൃത്വത്തിൽ ആളുകളെ ഇവിടെ നിന്നും മാറ്റി പാർപ്പിക്കുന്നുണ്ട്. കോതമംഗലം ഉൾപ്പെടെ മലയോര മേഖലകളിലും മഴ തുടരുകയാണ്. ജില്ലയിൽ താലൂക്ക് അടിസ്ഥാനത്തിൽ തുടർന്ന കൺട്രോൾ റൂമുകൾ പ്രവർത്തനം തുടങ്ങി. 

ഭൂതത്താന്‍കെട്ട് അണക്കെട്ടിന്‍റെ പത്ത് ഷട്ടറുകള്‍ തുറന്നു. പെരിയാറില്‍ ജലനിരപ്പ് ഉയരും. കൊയിലാണ്ടിയില്‍ മരംവീണ ദേശീയപാതയില്‍ ആറരമണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. ഇടുക്കി നെടുങ്കണ്ടത്ത് ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളില്‍ മരം വീണു. വീട്ടുകാര്‍ ഒരു മണിക്കൂറോളം വീടിനുള്ളില്‍ കുടുങ്ങി. തിരുവനന്തപുരത്തും രാവിലെ മുതൽ കനത്ത മഴയാണ് പെയ്യുന്നത് തമ്പാനൂരിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു തീര മേഖലകളിൽ കടൽക്ഷോഭം ശക്തമായിട്ടുണ്ട്. മലയോര മേഖലകളിലും മഴ ശക്തമാണ്. 

അതേസമയം മഴ ശക്തമായി പെയ്യുന്ന സാഹചര്യത്തിൽ മുൻകരുതലുകൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടങ്ങളോട് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. വിവിധ സർക്കാർ വകുപ്പുകൾ സംയുക്തമായാണ് പ്രവർത്തിക്കുന്നത്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജരായിരിക്കാൻ പോലീസിനും നിർദേശമുണ്ട്. 

വിവിധ ഇടങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ട സാഹചര്യത്തിൽ ആളുകളെ മാറ്റിപ്പാർപ്പിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഇതിനായി ദേശീയ ദുരന്തനിവാരണ സേനയുടെ ഏഴംഗ സംഘവും ഇടുക്കി, വയനാട്, എറണാകുളം, മലപ്പുറം, കോഴിക്കോട് തൃശൂർ എന്നിവിടങ്ങളിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News